ഇടതിന്റെ ചിറകിൽ ചടയമംഗലം

Wednesday Mar 3, 2021
സ്വന്തം ലേഖികUpdated: Wednesday Mar 3, 2021

 

ഓയൂർ>കാളവയൽ ഉൾപ്പെടെയുള്ള കാർഷികസമൃദ്ധിയുടെ അടയാളങ്ങൾ നെഞ്ചേറ്റുന്ന ചടയമംഗലം ഇടതു രാഷ്‌ട്രീയത്തിന്റെ നന്മയെ പുൽകുന്ന മണ്ഡലമാണ്‌. ചെറുകിട –- ഇടത്തരം റബർ കർഷകരും നെൽക്കർഷകരും  കശുവണ്ടിത്തൊഴിലാളികളും കൂടുതലുള്ള പ്രദേശം. ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ‘ജടായു’വിനെ പേറുന്ന ചടയമംഗലത്തിന്റെ മനസ്സ്‌ എന്നും ഇടതിനൊപ്പമാണ്‌. 

എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ചടയമംഗലം, വെളിനല്ലൂർ, കടയ്ക്കൽ, ചിതറ, കുമ്മിൾ, ഇട്ടിവ,  നിലമേൽ, ഇളമാട് എന്നിങ്ങനെ. നിലമേലും ഇളമാടും ഒഴികെയുള്ളവയിൽ എൽഡിഎഫ്‌ ഭരണമാണ്‌.  
വെളിയം ഭാർഗവനിൽ 
തുടക്കം  
1957ൽ ഒന്നാം നിയമസഭയിൽ അംഗമായ കമ്യൂണിസ്റ്റ്‌‌ പാർടിയിലെ വെളിയം ഭാർഗവനാണ്‌ ആദ്യ എംഎൽഎ. 10,232 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിഎസ്‌പിയിലെ എം അബ്‌ദുൾ  മജീദിനെയാണ്‌ തോൽപ്പിച്ചത്‌. എം അബ്‌ദുൾ മജീദിനെ വീണ്ടും പരാജയപ്പെടുത്തി 1960 ലും വെളിയം ഭാർഗവൻ വിജയം ആവർത്തിച്ചു. 122 വോട്ടായിരുന്നു ഭൂരിപക്ഷം‌. 1965ൽ എസ്‌എസ്‌പിയിലെ ഡി ദാമോദരൻപോറ്റി 22വോട്ടിന്‌ കോൺഗ്രസിലെ എൻ ഭാസ്‌കരൻപിള്ളയെ തോൽപ്പിച്ചെങ്കിലും സഭ ചേർന്നില്ല. 1967ലും  ഡി ദാമോദരൻപോറ്റി വിജയം ആവർത്തിച്ചു. 11,858വോട്ടിനാണ്‌ ‌ ഭാസകരൻപിള്ളയെ പരാജയപ്പെടുത്തിയത്‌. 
1970ൽ സിപിഐയിലെ എം എൻ ഗോവിന്ദൻനായർ 11427 വോട്ടിന്‌ എസ്‌എസ്‌പിയിലെ പി ആർ ഭാസ്‌കരൻനായരെ  തോൽപിച്ചു. 1977ൽ 11,687 വോട്ടിന്‌ സിപിഐയിലെ ഇ ചന്ദ്രശേഖരൻനായർ സിപിഐ എമ്മിലെ എൻ സുന്ദരേശനെ തോൽപ്പിച്ചു. 1980ൽ മുസ്ലിംലീഗിലെ വലിയവീടൻ മുഹമ്മദ്‌കുഞ്ഞിനെ 10884 വോട്ടിനാണ്‌ ‌ഇ ചന്ദ്രശേഖരൻനായർ തോൽപ്പിച്ചത്‌. 1982 മുതൽ 1991 വരെ രണ്ടു ‌ തെരഞ്ഞെടുപ്പിൽ സിപിഐയിലെ കെ ആർ ചന്ദ്രമോഹനനാണ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. 1991ൽ സിപിഐയിലെ ഇ രാജേന്ദ്രൻ കോൺഗ്രസിലെ എ ഹിദൂർ മുഹമ്മദിനെ 5,035 വോട്ടിന്‌ തറപറ്റിച്ചു. 1996 ൽ സിപിഐയിലെ ആർ ലതാദേവി കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്‌ണനെ 2746 വോട്ടിന്‌‌ പരാജയപ്പെടുത്തി‌. എന്നാൽ 2001ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ലതാദേവിയെ 1919 വോട്ടിന്‌ തോൽപ്പിച്ചു.
2006ൽ സിപിഐയിലെ മുല്ലക്കര രത്‌നാകരൻ 4653 വോട്ടിന്‌  പ്രയാർ ഗോപാലകൃഷ്‌ണനെ തോൽപ്പിച്ചു‌. 2011 ലും 2016ലും തിളക്കമാർന്ന വിജയം ഇടതുപക്ഷത്തിന്‌ മുല്ലക്കര സമ്മാനിച്ചു. 2011ൽ കോൺഗ്രസിലെ ഷാഹിദാ കമാലിനെ 23624 വോട്ടിനും 2016ൽ കോൺഗ്രസിലെ എം എം ഹസ്സനെ 21928 വോട്ടിനുമാണ്‌ മുല്ലക്കര തോൽപ്പിച്ചത്‌.