സാമുദായിക *കാർഡിൽ കുരുങ്ങി; ലീഗിന്‌ 27

Wednesday Mar 3, 2021
സ്വന്തം ലേഖകൻ

കോഴിക്കോട്‌ > 30 സീറ്റ്‌ എന്ന  അവകാശവാദവുമായെത്തിയ മുസ്ലിംലീഗിനെ കോൺഗ്രസ്‌ 27ൽ ഒതുക്കുന്നു. കൂടുതലായി മൂന്നു മണ്ഡലമേ ലീഗിന്‌ കിട്ടൂ എന്നാണ്‌ സീറ്റ്‌ ചർച്ചകൾ സൂചിപ്പിക്കുന്നത്‌. തെക്കൻ ജില്ലകളിൽ ലീഗിനെ പൂർണമായും ഒഴിവാക്കുന്നതിൽ കോൺഗ്രസ്‌ വിജയിച്ചു. ലീഗ്‌ അവകാശവാദം മാധ്യമങ്ങളിൽ നിറഞ്ഞാൽ തെറ്റിദ്ധാരണകൾ പരക്കും, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലുണ്ടായ സാമുദായിക വികാരം വീണ്ടും സൃഷ്ടിക്കപ്പെടും എന്നിങ്ങനെയെല്ലാം പറഞ്ഞ്‌ കോൺഗ്രസ്‌ സമ്മർദത്തിലാക്കിയെന്നാണ്‌ വിവരം. ക്രൈസ്‌തവ സഭകളടക്കം എതിരാകുമെന്ന്‌ വാദിച്ച്‌ ലീഗിനെ 27ൽ നിർത്തുകയായിരുന്നു.

കഴിഞ്ഞ തവണ 24 സീറ്റിലാണ്‌ ലീഗ്‌ മത്സരിച്ചത്‌. കളമശേരിക്ക്‌ തെക്ക്‌ ചടയമംഗലമാണ്‌ വാഗ്‌ദാനം. എന്നാൽ പ്രാദേശികമായി നേതാക്കളെ ഇളക്കിവിട്ടതോടെ പുനലൂരേക്ക്‌ മാറേണ്ടിവരും.  കൂത്തുപറമ്പ്‌,  ബേപ്പൂർ,    ചേലക്കര എന്നിവയാണ്‌ പുതുതായി കിട്ടുന്നത്‌. ബാലുശേരി കോൺഗ്രസിന്‌ കൈമാറി കുന്നമംഗലത്ത്‌ മത്സരിക്കാനും ധാരണയുണ്ട്‌. 30 വർഷമായി കൈയിലുള്ള തിരുവമ്പാടി വിട്ടുകിട്ടാൻ കോൺഗ്രസ്‌ സാമുദായിക കാർഡടക്കം ലീഗിനെതിരെ  പ്രയോഗിക്കുന്നുണ്ട്‌‌‌. കോൺഗ്രസിനില്ലെങ്കിൽ സിഎംപിക്ക്‌ സീറ്റ്‌ വിട്ടുകൊടുക്കണമെന്നാണ്‌ ആവശ്യം. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുള്ളതിനാൽ ലീഗ്‌ ‌ നേതൃത്വം അംഗീകരിച്ചിട്ടില്ല.