ഇടത്തോട്ട്‌ ചരിഞ്ഞ പാലാ; സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം

Tuesday Mar 2, 2021

കോട്ടയം > ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ മേൽക്കൈ നേടിത്തന്ന നാട്‌. ഒരിക്കലും എൽഡിഎഫ്‌ ജയിക്കില്ലെന്ന്‌‌ പലരും വിധിയെഴുതിയ മണ്ഡലം 2019ലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി ചുവന്നു.

കെ എം മാണിയുടെ മരണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ മണ്ഡലമാണിത്‌. 2019ൽ വിജയിച്ച മാണി സി കാപ്പൻ കാലുമാറി യുഡിഎഫിലെത്തി. പാലായിലെ പ്രമുഖരായ കേരള കോൺഗ്രസ്‌ എം ജോസ്‌ കെ മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫിലെത്തി. കാപ്പനെ തന്നെ കളത്തിലിറക്കാൻ യുഡിഎഫ് തീരുമാനിച്ചതോടെ പാലാ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി.

പാലാ മെമ്പർ എന്നു പറഞ്ഞാൽ‌ "മാണി സാർ' മാത്രമായിരുന്നു ഒരുകാലത്ത്‌. മണ്ഡലം രൂപീകരിച്ചത്‌ 1965ൽ. തുടർന്നങ്ങോട്ട്‌ അരനൂറ്റാണ്ടിലേറെ നീണ്ട കെ എം മാണി യുഗം. പാലാ നഗരസഭ, ഭരണങ്ങാനം, കടനാട്‌, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്‌, മൂന്നിലവ്‌, മുത്തോലി, രാമപുരം, തലനാട്‌, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും  ചേർന്നതാണ്‌ പാലാ മണ്ഡലം. ഇതിൽ പാലാ നഗരസഭയും കരൂർ, കടനാട്‌, തലനാട്‌, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളും എൽഡിഎഫ്‌‌ ഭരിക്കുന്നു. ഭരണങ്ങാനം, രാമപുരം, മേലുകാവ്‌, മൂന്നിലവ്‌, തലപ്പലം പഞ്ചായത്തുകളിൽ‌ യുഡിഎഫും. മുത്തോലി പഞ്ചായത്ത്‌ ബിജെപിക്കാണ്‌. റബറിന്റെ ഈറ്റില്ലമാണ്‌ പാലാ. നഗരം വിട്ട്‌ ഉള്ളിലേക്ക്‌ പോയാൽ എങ്ങും തോട്ടങ്ങൾ. റബർ വില കൂടിയാലും കുറഞ്ഞാലും ഇവിടുള്ളവരുടെ ജീവിതത്തിൽ അത്‌ വ്യക്തമായി പ്രതിഫലിക്കും.

പാലായിൽ കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രം തുടങ്ങുന്നതേ ഒറ്റക്ക്‌ നിന്ന്‌ നേടിയ വിജയത്തോടെയാണ്‌. 1965ലും, 67ലും 70ലും കേരള കോൺഗ്രസ്‌ ഒറ്റക്ക്‌ മത്സരിച്ചു. 1965ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ എം മാണിക്ക്‌ ലഭിച്ച ഭൂരിപക്ഷം 9885. പിന്നീട്‌ ആ ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നെങ്കിലും വിജയം ഒരിക്കലും കെ എം മാണിയെ കൈവിട്ടില്ല. 1970ൽ മാണി ജയിച്ചത്‌ വെറും 364 വോട്ടിനായിരുന്നു. കോൺഗ്രസിലെ എം എം  ജേക്കബായിരുന്നു മാണിയെ അന്ന്‌ വിറപ്പിച്ചത്‌. 1980ൽ കെ എം മാണി ഇടതുപക്ഷത്തു നിന്ന്‌ മത്സരിച്ചപ്പോഴും എതിരാളിയായി എം എം ജേക്കബ്‌ എത്തി. പക്ഷേ അപ്പോഴേക്കും കേരള രാഷ്ട്രീയത്തിലെ കരുത്തനായി മാറിക്കഴിഞ്ഞിരുന്ന മാണിയോട്‌ എം എം ജേക്കബ്‌ 4566 വോട്ടിന്‌ പരാജയപ്പെട്ടു. 1996-ൽ സി കെ ജീവനെ തോൽപിച്ച്‌ നേടിയ 23,780 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ കെ എം മാണിക്ക്‌ പാലാ നൽകിയ ഏറ്റവും വലിയ ഭൂരിപക്ഷം.

2006 മുതൽ മാണി സി കാപ്പനായിരുന്നു കെ എം മാണിയുടെ എതിരാളി. കെ എം മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ എമ്മിലെ ജോസ്‌ ടോമിനെ പരാജയപ്പെടുത്തി കാപ്പൻ ജയിച്ചു. ജോസ്‌ കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്‌ എം ഇന്ന്‌ എൽഡിഎഫിലാണ്‌. വലത്‌ കുത്തകയായിരുന്ന മണ്ഡലത്തിന്‌ ഇപ്പോൾ ഇടതു മനസാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ ആദ്യമായി എൽഡിഎഫ്‌ അധികാരത്തിലേറി. മണ്ഡലത്തിൽ മൊത്തം വോട്ടുകളിൽ എൽഡിഎഫ്‌ മുന്നിലായി.

വോട്ട്‌ നില

2016 നിയമസഭാ തെരഞ്ഞെടുപ്പ്‌
യുഡിഎഫ്‌ –- 58884
എൽഡിഎഫ്‌ –- 54181
2019 ഉപതെരഞ്ഞെടുപ്പ്‌
 യുഡിഎഫ്‌ –- 51194
 എൽഡിഎഫ്‌ –- 54137
2019 ലോക്‌സഭ
 യുഡിഎഫ്‌ –- 66971
 എൽഡിഎഫ്‌ –- 33499
 2020 തദ്ദേശ തെരഞ്ഞെടുപ്പ്‌
  യുഡിഎഫ്‌ –- 47994
  എൽഡിഎഫ്‌ –- 57357.