റേഞ്ചില്ലാതെ കോൺഗ്രസ്‌

മിടുക്കിയായ ഇടുക്കിയിൽ ഇപ്പോൾ എല്ലാം ഹെെറേഞ്ചിൽ

Monday Mar 1, 2021
എ ആർ സാബു


ഇടുക്കി
കഴിഞ്ഞമാസത്തെ മന്ത്രിസഭാ പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമാണ്‌ ഇടുക്കിക്കുള്ള‌ സ്‌പെഷ്യൽ പാക്കേജ്‌. മുമ്പ്‌ ചുരം കയറി വരാൻ മടിച്ച വികസനക്കാറ്റ്‌  എൽഡിഎഫ്‌ ഭരണത്തിൽ ഇടുക്കിയിൽ നന്നായി വീശി. അർഹർക്ക്‌ പട്ടയം, എല്ലായിടത്തും വെളിച്ചം, വിളയ്‌ക്ക്‌ വില... സാധാരണ ഇടുക്കിക്കാർ മോഹിക്കുന്ന കാര്യങ്ങളെല്ലാം ശരിയാക്കിയാണ്‌ ഇക്കുറി എൽഡിഎഫ്‌ വരുന്നത്‌. ഏഴ്‌ ‌പട്ടയ മേള വഴി 35,089 പേർക്ക്‌ ഉപാധിരഹിത പട്ടയം നൽകി. ഇതിലൂടെ‌ കുടിയേറ്റ കർഷകരുടെ ആത്മവിശ്വാസമാണ്‌ ഉയർന്നത്‌. ആദിവാസി വിഭാഗങ്ങളിലടക്കം ഭൂമിക്ക്‌ രേഖ എന്ന സ്വപ്നവും യാഥാർഥ്യമായി.

വെളിച്ചം ഭാവന മാത്രമായിരുന്ന വിദൂര ഊരുകളിലും വഴികളിലും ഇടർച്ചയില്ലാത്ത വൈദ്യുതിയും പ്രകാശവും കൂട്ടായി. ലൈഫിലൂടെ നൽകിയത്‌ 16,500 വീട്‌. ഭൂരഹിത ഭവനരഹിതർക്കുള്ള ആദ്യ പദ്ധതിയിൽ അടിമാലി മച്ചിപ്ലാവിൽ 199 കുടുംബത്തിന്‌ തലചായ്‌ക്കാൻ ഫ്ലാറ്റ്‌ നൽകി. ഇതിനു പുറമെ അഞ്ച്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമാണത്തിലാണ്‌. കുറ്റ്യാർവാലിയിൽ നൂറുകണക്കിന്‌ തോട്ടംതൊഴിലാളികൾക്കാണ്‌ ഭൂമിയും വീടും നൽകിയത്‌.

രാജ്യത്ത്‌ ആദ്യമായി 16 പച്ചക്കറി ഇനത്തിന്‌ തറവില നിശ്ചയിച്ചു. നാണ്യവിളയുടെ കേന്ദ്രം കൂടിയായ ജില്ലയിൽ വിളകളുടെ വിലത്തകർച്ച നേരിടാൻ ആശ്വാസനടപടികൾ നടപ്പാക്കി.

 

റേഞ്ചില്ലാതെ കോൺഗ്രസ്‌
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയിൽ  കോൺഗ്രസിന്‌ പ്രതിനിധിയില്ല. അഞ്ച്‌ നിയമസഭാ മണ്ഡലത്തിൽ പി ജെ ജോസഫിന്റെ തൊടുപുഴ മാത്രമാണ്‌ മരുന്നിനെങ്കിലും ഇപ്പോൾ യുഡിഎഫിനുള്ളത്‌.‌ ഉടുമ്പൻചോല, ദേവികുളം, പീരുമേട്‌ മണ്ഡലങ്ങളിൽ ഹാട്രിക്‌ വിജയമാണ്‌ എൽഡിഎഫിന്‌‌. കേരളാ കോൺഗ്രസിന്റെ എൽഡിഎഫ്‌ പ്രവേശനം കൂടിയായതോടെ സ്വതവേ ജില്ലയിലുളള ഇടതുകാറ്റ്‌‌ ഒന്നുകൂടി ശക്തമാവുകയാണ്‌. 

കേരള കോൺഗ്രസ്‌ യുഡിഎഫ്‌ വിട്ടതോടെ,  തുടർച്ചയായ നാലു വിജയം നേടിയ ഇടുക്കിയും യുഡിഎഫിന്‌ അപ്രാപ്യമാവുമെന്നാണ്‌ സൂചന. തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം ഇടതുതേരോട്ടം വ്യക്തമാക്കുന്നു‌. ജില്ലാ പഞ്ചായത്തും രണ്ടു ബ്ലോക്ക്‌ പഞ്ചായത്തും എൽഡിഎഫ്‌ പിടിച്ചു. തൊടുപുഴ നഗരസഭയടക്കം  എൽഡിഎഫിന്‌. 52 പഞ്ചായത്തിൽ 29 ലും വിജയംനേടി. 3-–-2 എന്ന നിലയിൽ തുടങ്ങിയ നിയമസഭാ സീറ്റ്‌ നില അടുത്ത തെരഞ്ഞടുപ്പിലേക്ക്‌ എത്തുമ്പോൾ ഇടതുപക്ഷം കൂടുതൽ ആധിപത്യത്തിലേക്ക്‌ നീങ്ങുകയാണ്‌.

കുടിയേറ്റ കർഷകർക്ക്‌ പ്രാമുഖ്യമുള്ള ജില്ലയാണ്‌ ഇടുക്കി.  അതിർത്തി തോട്ടം മേഖലയിൽ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്കും 25ൽപ്പരം പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾക്കും നിർണായകസ്വാധീനം വിവിധ നിയമസഭാ മണ്ഡലങ്ങളിലുണ്ട്.  2001ൽ അഞ്ചിൽ നാല്‌ സീറ്റും നേടിയ യുഡിഎഫിന്‌ പിന്നീട്‌  നഷ്ടക്കണക്ക്‌ മാത്രമായി. അന്ന്‌ ദേവികുളവും പീരുമേടും തൊടുപുഴയും കോൺഗ്രസിനായിരുന്നു.  പിന്നീട്‌ മൂന്ന്‌ തെരഞ്ഞെടുപ്പിലും അഞ്ചിൽ മൂന്നും എൽഡിഎഫിനൊപ്പം വന്നു.