തൃശൂർ പടിഞ്ഞാട്ടുമുറി അയ്യപ്പനും ഭാര്യ അമ്മിണിയും പറയുന്നത്‌ കേൾക്കുക

‘എന്റെ പല്ലെല്ലാം പോയി. പക്ഷേ, മനസ്സ്‌ നിറയെ സന്തോഷമാണ്‌’

Monday Mar 1, 2021
സി എ പ്രേമചന്ദ്രൻ


തൃശൂർ
ഒന്നെണീറ്റിരിക്കാൻ വയ്യാത്ത അയ്യപ്പൻ മകന്റെ കൈത്താങ്ങിൽ പതിയെ ചാരിയിരുന്നു. ഭാര്യ അമ്മിണിയും ഒപ്പമിരുന്നു. വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും ആ വീട്ടിലിപ്പോൾ സ്‌നേഹച്ചിരി  ഉറപ്പാണ്‌. പെൻഷനെന്ന കൈത്താങ്ങിന്റെ സ്‌നേഹച്ചിരി. അതിലലിഞ്ഞ്‌ അയ്യപ്പൻ അമ്മിണിയെ  നെഞ്ചോടുചേർത്തു.

‘കൈയിൽ കിട്ടുന്ന പെൻഷനാണ്‌ ആശ്രയം. അത്‌ മുടങ്ങാതെ കിട്ടുമെന്ന ഉറപ്പ്‌ തുടരണം’.  അതുകേട്ട അമ്മിണി പറഞ്ഞു. ‘എന്റെ പല്ലെല്ലാം പോയി. പക്ഷേ, മനസ്സ്‌ നിറയെ സന്തോഷമാണ്‌’.

തൃശൂർ പാടൂക്കാട്‌ പടിഞ്ഞാട്ടുമുറി വീട്ടിലാണ്‌ തൊണ്ണൂറുകാരനായ അയ്യപ്പനും  എൺപത്തഞ്ചുകാരി അമ്മിണിയും താമസിക്കുന്നത്‌.  മകൻ അനിൽകുമാറിനൊപ്പം കൊച്ചുവീട്ടിലാണ്‌ കഴിയുന്നത്‌.  അമ്മിണി പാടത്ത്‌ പണിക്കും അയ്യപ്പൻ വേലി കെട്ടാനും പോയിരുന്നു. വയസ്സായതോടെ ഇരുവരും വീട്ടിൽ കിടപ്പിലാണ്‌. സർക്കാർ സഹായമായി അമ്മിണിക്ക്‌  ‌ കർഷകത്തൊഴിലാളി പെൻഷനും അയ്യപ്പന്‌ വാർധക്യകാല പെൻഷനും ലഭിക്കുന്നുണ്ട്‌.  ഇപ്പോൾ പെൻഷൻ വീട്ടിൽ കൊണ്ടുവന്ന്‌ തരുന്നത്‌ വലിയൊരു കാര്യമാണെന്ന്‌ അമ്മിണി പറഞ്ഞു. 600 രൂപയുണ്ടായിരുന്നത്‌  1500 ആയത്‌ വല്ല്യ സഹായമായി.  നൂറുരൂപ കൂടി കൂട്ടിയതായി അറിഞ്ഞു. വിഷൂന്‌ അത്‌ കിട്ടും. മരുന്നു വാങ്ങാൻ  ഈ കാശാണ്‌ ആശ്രയം. 

മകൻ അനിൽകുമാറിന്‌  തയ്യൽ പണിയിൽനിന്ന്‌ ലഭിക്കുന്ന വരുമാനമാണ്‌ കുടുംബത്തിന്റെ ജീവിതമാർഗം. മക്കൾ  അഷീലും അഷിതയും പഠിക്കുകയാണ്‌. അനിൽകുമാറിന്റെ ഭാര്യ ലീലയ്‌ക്ക്‌ ഇതിനിടെ ഹൃദ്‌രോഗം വന്നു.  കോവിഡും വന്നതോടെ തയ്യൽപ്പണിയും കുറവായി. ഈ സമയത്ത്‌ അപ്പനും അമ്മയ്‌ക്കും ലഭിക്കുന്ന പെൻഷൻ വലിയൊരു സഹായമായി–-‌ അനിൽകുമാർ പറഞ്ഞു.