ഞാൻ മത്സരിച്ചാൽ പൊളിക്കും

Monday Mar 1, 2021

ബാക്കിയെല്ലാത്തിനും തമ്മിൽ തല്ലുന്ന സംസ്ഥാന ബിജെപിയിൽ, 
സ്ഥാനാർഥിക്കുപ്പായം 
തുന്നുന്നതിൽ മാത്രം 
തർക്കമില്ല

കോഴിക്കോട്‌
സീറ്റേതായാലും സ്ഥാനാർഥിയാകണം എന്നതാണ്‌ ബിജെപി നേതാക്കളുടെയെല്ലാം മുദ്രാവാക്യം‌. അതിൽ ഗ്രൂപ്പുമില്ല, പോരുമില്ല. തിരുവനന്തപുരം  ജില്ലയിലെ മണ്ഡലങ്ങളിൽ കണ്ണുനട്ട്‌മാത്രം പത്തോളം പേർ രംഗത്തുണ്ട്‌‌. മത്സരിക്കാനില്ലെന്ന്‌ പറയാൻ ആരുമില്ലെന്നതാണ്‌ അവസ്ഥ. മത്സരിച്ച്‌‌ റെക്കോഡിട്ട ഒ രാജഗോപാൽ മുതൽ കഴിഞ്ഞ ദിവസം എത്തിയ ഇ ശ്രീധരൻ വരെ  സ്ഥാനാർഥിയാകാൻ തയ്യാർ.

നേതൃത്വത്തോട്‌ ഇടഞ്ഞ ദേശീയ നിർവാഹകസമിതി അംഗം ശോഭ സുരേന്ദ്രനാണ്‌ പുറത്തെങ്കിലും മത്സരിക്കാനില്ല എന്നു പറയുന്ന ഏക നേതാവ്‌. അതേസമയം ‘ത്യാഗം’ പറയുന്ന  ശോഭയുടെ കണ്ണ്‌ കോന്നിയിലാണ്‌. രാജഗോപാലിനെ തഴയാൻ ഇക്കുറി ഗ്രൂപ്പുകൾക്കതീതമായ ഐക്യമ‌ാണ്‌‌. പകരം നേമത്ത്‌  കുമ്മനം രാജശേഖരനാകും‌ നറുക്ക്‌. എന്നാൽ നടൻ സുരേഷ്‌ഗോപിയടക്കം നേമത്ത്‌ മോഹമുണ്ട്‌‌. തിരുവനന്തപുരത്ത്‌ മത്സരിക്കാൻ നേതൃത്വം നിർബന്ധിക്കുന്ന സുരേഷ്‌ഗോപിക്ക്‌ താൽപ്പര്യം നേമവും വട്ടിയൂർക്കാവുമാണ്‌. ലോക്‌സഭയിൽ തോറ്റ തൃശൂരിലും നടന്റെ പേരുണ്ട്‌. പാർടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകുമെന്ന്‌ ആവർത്തിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനാകട്ടെ കഴക്കൂട്ടം വിട്ടൊരു മണ്ഡലത്തിലേക്കുമില്ല. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ മഞ്ചേശ്വരത്താണ്‌ പ്രിയം.  ഇല്ലേൽ കോന്നിയായാലും മതി. കാട്ടാക്കടയിൽ ദേശീയനിർവാഹകസമിതി അംഗം പി കെ  കൃഷ്‌ണദാസാകും സ്ഥാനാർഥി. മുൻ ഡിജിപി ടി പി സെൻകുമാറിനായി കണ്ടുവച്ചത്‌ കൊടുങ്ങല്ലൂരാണ്‌. സംസ്ഥാന വക്താവ്‌ ബി ഗോപാലകൃഷ്‌ണനും കൊടുങ്ങല്ലൂരിനായി രംഗത്തുണ്ട്‌. 

വൈസ്‌പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ വീണ്ടും മണലൂരിലാകും. അടുത്തിടെ ചേക്കേറിയ ഡിജിപി ജേക്കബ്‌ ‌തോമസിനെ തൃശൂരും ഇരിങ്ങാലക്കുടയിലും പരിഗണിക്കുന്നു. ഇ ശ്രീധരന്‌ പാലക്കാട്‌ മത്സരിക്കാനാണിഷ്‌ടം. തൃത്താലയിലും തയ്യാർ. എന്നാൽ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയാകാനാണ്‌ സമ്മർദ്ദം. ഇവിടേക്ക്‌ മഹിളാമോർച്ച സംസ്ഥാനജനറൽ സെക്രട്ടറി സ്‌മിതാമേനോന്റെ സാധ്യത തള്ളാനാകില്ല. ആറന്മുള, ചെങ്ങന്നൂർ സീറ്റുകളിൽ കേന്ദ്രനേതൃത്വം ചില ഇറക്കുമതി സ്ഥാനാർഥികളെ പരീക്ഷിക്കുമോയെന്ന ആശങ്ക നേതാക്കൾക്കിടയിലുണ്ട്‌. ഇവിടങ്ങളിൽ  താൽപ്പര്യമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌  കോഴിക്കോട്‌ നോർത്തുകൊണ്ട്‌ തൃപ്‌തിയടയേണ്ടി വരും.

വീണ്ടും സ്‌മിത തന്നെ വിവാദം
ബിജെപി സംസ്ഥാന പ്രസിഡന്റ്‌‌ കെ സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ സ്വീകരണവേദിയിൽ സ്‌മിത മേനോന്‌ സ്ഥാനം നൽകിയതിൽ ബിജെപിയിൽ വീണ്ടും വിവാദം.  തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത പൊതുയോഗത്തിൽ സ്മിത മേനോനെ  വേദിയിലിരുത്തിയതാണ് വിവാദത്തിനിടയാക്കിയത്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് കെ സുരേന്ദ്രൻ സ്മിതയെ വേദിയിൽ കയറ്റിയത്. നേരത്തേ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സ്മിതയെ നിയോഗിച്ചതും  അബുദാബിയിൽ  മന്ത്രിതല സമ്മേളനത്തിൽ ചട്ടങ്ങൾ ലംഘിച്ച്  പങ്കെടുപ്പിച്ചതും ബിജെപിയിൽ വലിയ ചർച്ചയ്‌ക്കും വിവാദത്തിനും ഇടയാക്കിയിരുന്നു. മുരളീധരൻ ഇടപെട്ടാണ്‌ പല നേതാക്കളെയും തഴഞ്ഞ്‌ സ്മിതയെ മഹിളാമോർച്ചയുടെ സംസ്ഥാന ഭാരവാഹിയായി നിയമിച്ചത്‌.