പുതുച്ചേരിയിൽ ഹൈക്കമാൻഡ്‌ ഒന്നും ചെയ്‌തില്ല : ഡോ. വി രാമചന്ദ്രൻ

Monday Mar 1, 2021
പി ദിനേശൻ



പുതുച്ചേരി
കോൺഗ്രസ്‌ എംഎൽഎമാർ നോട്ടുകെട്ടിലും പ്രലോഭനത്തിലും വീണ്‌ ബിജെപിയാകുമ്പോഴും ഇടതുപക്ഷത്തിന്റെ അഭിമാനമായ ഒരു എംഎൽഎയുണ്ട്‌ പുതുച്ചേരിയിൽ. മാഹിയിൽനിന്നുള്ള എൽഡിഎഫ്‌ സ്വതന്ത്രൻ ഡോ. വി രാമചന്ദ്രൻ. വർഗീയതയ്‌ക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത ഇടതുപക്ഷ നിലപാടിന്റെ പ്രതീകമാണിന്ന്‌ ഈ റിട്ട. കോളേജ്‌ പ്രൊഫസർ.

കാലുമാറാൻ മന്ത്രിസ്ഥാനമടക്കം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്തുകൊണ്ട്‌ സ്വീകരിച്ചില്ല?
പുതുച്ചേരിയിലെ കോൺഗ്രസ്‌ സർക്കാരിനെ മറിച്ചിടാൻ മന്ത്രിസ്ഥാനമടക്കം പ്രതിപക്ഷം  വാഗ്‌ദാനം ചെയ്‌തതാണ്‌. രണ്ട്‌ വർഷം മുമ്പേയുള്ള ആ ഓഫർ ഞാൻ തള്ളിയതാണ്‌‌. കാലുമാറി സർക്കാരിനെ വീഴ്‌ത്താനില്ലെന്ന്‌ ഉറപ്പിച്ചു പറഞ്ഞു. രാഷ്‌ട്രീയ മര്യാദയും ധാർമികതയും മുറുകെ പിടിച്ചാണ്‌ നിലപാട്‌ സ്വീകരിച്ചത്‌.  

സർക്കാരിനെ വീഴ്‌ത്താൻ രണ്ട്‌ വർഷംമുമ്പേ ശ്രമം തുടങ്ങിയതാണല്ലോ?
2019 ഫെബ്രുവരി 28നാണ്‌ എൻ ആർ കോൺഗ്രസ്‌–-എഐഎഡിഎംകെ നേതാക്കളും രാജ്യസഭ എംപിയും കാണാനെത്തിയത്‌.  കോൺഗ്രസ്‌ സർക്കാരിനെ താഴെയിറക്കാൻ കൂടെ നിൽക്കണമെന്നായിരുന്നു ആവശ്യം. നിങ്ങൾകൂടി വന്നാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും നാല്‌ കോൺഗ്രസ്‌ എംഎൽഎമാർ റെഡിയാണെന്നും പറഞ്ഞു. എന്റെ ഉറച്ചനിലപാടിലാണ്‌ ആ നീക്കം വിജയിക്കാതെ പോയത്‌.  
 
ആരായിരുന്നു നീക്കത്തിന്‌ പിന്നിൽ?
എംഎൽഎ സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയ കോൺഗ്രസ്‌ നേതാവാണ്‌  ചുക്കാൻ പിടിച്ചത്‌. ഇടതുപക്ഷപിന്തുണയോടെ ജയിച്ചതാണെന്ന്‌ അറിയുന്നതിനാൽ ബിജെപി നേരിട്ട്‌ ബന്ധപ്പെട്ടില്ല. എൻആർ കോൺഗ്രസ്‌–-എഐഎഡിഎംകെ സഖ്യത്തെ എല്ലാവിധത്തിലും സഹായിച്ചത്‌ ബിജെപിയായിരുന്നു. നേരിട്ട്‌ പുതുച്ചേരിയിലേക്ക്‌ വരാതെ  തമിഴ്‌നാട്‌ കേന്ദ്രീകരിച്ചാണ്‌ കരുക്കൾ നീക്കിയത്‌. ഓരോ എംഎൽഎയുടെയും സാമ്പത്തികസ്ഥിതിയും ഇടപാടുകളുംവരെ അന്വേഷിച്ചു. പണംകൊടുത്ത്‌ വശത്താക്കാൻ പറ്റുന്നവരെ അങ്ങനെയും ചിലരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുമാണ്‌ വരുതിയിലാക്കിയത്‌.

കോൺഗ്രസ്‌ നേതൃത്വം ഇതിനെ പ്രതിരോധിച്ചില്ലെ?
കോൺഗ്രസ്‌ പാർടിയുടെ ഏറ്റവും ദയനീമായ മുഖമാണ്‌ പുതുച്ചേരിയിൽ കണ്ടത്‌. കോൺഗ്രസ്‌ പാർലമെന്ററി പാർടിയിൽ ഒരു ഘട്ടത്തിൽ നാലുപേർ വിമതശബ്ദമുയർത്തി. പ്രത്യേക ഗ്രൂപ്പുണ്ടാക്കി നേതൃത്വത്തെ വെല്ലുവിളിച്ചു. സർക്കാരിനെ രക്ഷിക്കാൻ കോൺഗ്രസ്‌ ഹൈക്കമാൻഡിന്‌ ഒന്നുംചെയ്യാൻ സാധിച്ചില്ല. ബിജെപിയുടെ ഓഫറിൽ കോൺഗ്രസ്‌ എംഎൽഎമാർ ഒഴുകിപ്പോയി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജയിക്കാനും കോൺഗ്രസുകാർക്ക്‌ പണം ആവശ്യമായിരുന്നു. നാലഞ്ച്‌  കോടി രൂപ ചെലവിട്ടാണ്‌ ഓരോരുത്തരും എംഎൽഎയാകുന്നത്‌.  എത്രകോടി രൂപ ചെലവായെന്നാണ്‌  മന്ത്രി കന്തസ്വാമി എന്നോട്‌ ചോദിച്ചത്‌. രണ്ടായിരം രൂപയേ ചെലവായുള്ളൂവെന്ന്‌ പറഞ്ഞപ്പോൾ അവർക്ക്‌ അത്ഭുതമായിരുന്നു.