അങ്കത്തട്ടിൽ മാറ്റം ഉറപ്പിച്ച്‌ അങ്കമാലി

Monday Mar 1, 2021
അമൽ ഷൈജു

അങ്കമാലി > വ്യവസായമുന്നേറ്റങ്ങൾക്കിടയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്ന നാടാണ്‌ അങ്കമാലി. ജലസേചനസൗകര്യംകൊണ്ട് കാർഷികമേഖല സമ്പന്നം. മലഞ്ചരക്ക്, ഈറ്റ, പാറമട, തോട്ടംതൊഴിലാളികളും ചെറുകിടവ്യാപാരികളുമാണ്‌ അങ്കമാലിയുടെ അടിത്തറപാകിയവർ. സമ്പദ്‌വ്യവസ്ഥയിൽ സുഗന്ധദ്രവ്യങ്ങളുടെ പങ്കും പ്രധാനം.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെൽക്‌, ബാംബൂ കോർപറേഷന്റെ മുഖ്യകാര്യാലയം, നിർമാണകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെ. തീപ്പെട്ടി, ഓട്, ഇഷ്ടിക നിർമാണശാലകൾ, അരിമില്ലുകൾ എന്നിവയും അങ്കമാലിയുടെ അടയാളങ്ങളാണ്‌. അങ്കമാലി മുനിസിപ്പാലിറ്റിയും കറുകുറ്റി, മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ, കാലടി, മലയാറ്റൂർ–-നീലീശ്വരം എന്നിങ്ങനെ എട്ടു പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അങ്കമാലി നിയമസഭാ മണ്ഡലം. ഇരുമുന്നണിക്കും ഒരുപോലെ വേരോട്ടമുണ്ടിവിടെ. 1965 മുതൽ 13 തെരഞ്ഞെടുപ്പുകളിൽ ഏഴുതവണ വലതുപക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയും തുണച്ചു.

മണ്ഡലരൂപീകരണ ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ പാത്താടൻ വിജയിച്ചു. പിന്നീട് നാലുതവണ (1967, 70,77, 80) സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്പീക്കറുമായ എ പി കുര്യൻ വിജയിച്ചു. 1982ലും ’87ലും കേരള കോൺഗ്രസിലെ എം വി മാണി മണ്ഡലം പിടിച്ചെടുത്തു. 1991 മുതൽ 2006 വരെ കോൺഗ്രസിലെ പി ജെ ജോയിയിലൂടെ കോൺഗ്രസ്‌ മണ്ഡലം നിലനിർത്തി. 2006ൽ ജനതാദൾ നേതാവ് ജോസ് തെറ്റയിൽ എൽഡിഎഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2011ലും ജോസ് തെറ്റയിൽ വിജയം ആവർത്തിച്ചു. 2016ൽ കോൺഗ്രസിലെ റോജി എം ജോൺ മണ്ഡലം യുഡിഎഫിന്‌ നേടിക്കൊടുത്തു. ജനുവരിയിലെ കണക്കുകൾപ്രകാരം മണ്ഡലത്തിൽ 85,010 പുരുഷവോട്ടർമാരും 86,304 സ്ത്രീവോട്ടർമാരും ഉൾപ്പെടെ 1,71,314 വോട്ടർമാരുണ്ട്‌.

തെരഞ്ഞെടുപ്പുവിജയികൾ

1965–-ജോൺ പാത്താടൻ (കേരള കോൺഗ്രസ്‌), 1967, 70,77, 80–- എ പി കുര്യൻ (സിപിഐ എം), 1982, 87–- എം വി മാണി (കേരള കോൺഗ്രസ്‌),

1991, 1996, 2001–- പി ജെ ജോയി (കോൺഗ്രസ്‌), 2006, 2011–- ജോസ് തെറ്റയിൽ (ജനതാദൾ എസ്‌), 2016– റോജി എം ജോൺ (കോൺഗ്രസ്‌).