ഇരിക്കൂർ കൈവിടുമോ–-യുഡിഎഫിന്‌ ഭയം

Monday Mar 1, 2021
പി സുരേശൻ

ഇരിക്കൂർ> ഒരോ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുന്ന മണ്ഡലമാണ്‌ ഇരിക്കൂർ. ഉറച്ച മണ്ഡലമെന്ന്‌ വിശേഷിപ്പിക്കുന്ന ഇരിക്കൂറിൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്‌ യുഡിഎഫിനുമറിയാം‌. തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ കോട്ടകൾ ആടിയുലഞ്ഞു. ആ മുന്നേറ്റം എൽഡിഎഫ്‌ ആവർത്തിച്ചാൽ യുഡിഎഫിന്‌ മണ്ഡലം നഷ്‌ടമാകും. 40 വർഷമായി ഇരിക്കൂർ  കൈയടിക്കിവച്ച കെ സി ജോസഫ്‌  ഇക്കുറി മത്സരിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചതും ഇത്‌ ഭയന്നാണ്‌.

വികസനമുരടിപ്പാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. സമീപ മണ്ഡലങ്ങളിലെ വികസനവുമായി തട്ടിച്ച്‌ നോക്കുമ്പോൾ എംഎൽഎയുടേതെന്ന്‌ പറയാൻ

ഒറ്റ പദ്ധതിയും ഇരിക്കൂറിലില്ല. സർക്കാർ പദ്ധതികൾ നടപ്പാക്കാൻ  കെ സി ജോസഫ്‌  ഒട്ടും താൽ‌പര്യംകാട്ടിയില്ല.  

കേരളപ്പിറവിയോടെ നിലവിൽവന്ന ഇരിക്കൂറിൽ ആദ്യ ആറ്  തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സ്ഥാനാർഥികളെ വിജയിപ്പിച്ച ചരിത്രമാണ്.  ടി സി നാരായണൻ നമ്പ്യാരായിരുന്നു പ്രഥമ എംഎൽഎ. 1960ലെ രണ്ടാം തെരഞ്ഞെടുപ്പിലും ടി സി തന്നെയായിരുന്നു വിജയി. പിന്നീട് രണ്ട് തവണ സിപിഐ എമ്മിലെ ഇ പി കൃഷ്ണൻ നമ്പ്യാർ. 70ൽ എ കുഞ്ഞിക്കണ്ണനാണ് വിജയിച്ചത്.
അദ്ദേഹത്തിന്റെ നിര്യാണത്തെതുടർന്ന് 74ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇ കെ നായനാർ തെരഞ്ഞെടുക്കപ്പെട്ടു. 77ൽ സി  പി ഗോവിന്ദൻ നമ്പ്യാരിലൂടെ കോൺഗ്രസ് വിജയിച്ചു. എന്നാൽ, 80ൽ രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് സ്ഥാനാർഥിയായി മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് നടന്ന എട്ട്‌  തെരഞ്ഞെടുപ്പിലും ജയിച്ചത്‌ കെ സി ജോസഫാണ്‌.

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയും ഇരിക്കൂർ, ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്, ഉദയഗിരി, ചെങ്ങളായി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ശ്രീകണ്‌ഠപുരം നഗരസഭയും ഇരിക്കൂർ, ഉളിക്കൽ,  ഏരുവേശി,  ആലക്കോട്‌ പഞ്ചായത്തുകളും യുഡിഎഫ്‌ ഭരണത്തിലാണ്‌. പയ്യാവൂർ, ഉദയഗിരി, ചെങ്ങളായി പഞ്ചായത്തുകളിൽ എൽഡിഎഫും. നടുവിൽ പഞ്ചായത്തിൽ എൽഡിഎഫ്‌ പിന്തുണയോടെ

കോൺഗ്രസ്‌ വിമതനാണ്‌ ഭരിക്കുന്നത്‌. കഴിഞ്ഞ തവണ ചെങ്ങളായി പഞ്ചായത്തുമാത്രമാണ്‌ എൽഡിഎഫിനൊപ്പമുണ്ടായിരുന്നത്‌.

2011ൽ കെ സി ജോസഫ് എൽഡിഎഫിലെ അഡ്വ. പി സന്തോഷ്‌കുമാറിനെ 11,757 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2016ൽ ഭൂരിപക്ഷം കുറഞ്ഞു. 9,647 വോട്ടിനാണ്‌ എൽഡിഎഫിലെ കെ ടി ജോസ്‌ പരാജയപ്പെട്ടത്‌. 2019ലെ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ലീഡ് 37,320 വോട്ടായിരുന്നു.  തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 8,608 ആയി  ഇടിഞ്ഞു. കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിനെ ഭാഗമായതോടെ മലയോരങ്ങളിൽ ഇടതുപക്ഷത്തിന്റെ അടിത്തറ വികസിച്ചിട്ടുണ്ട്‌.  കെ സി ജോസഫ്‌ ഒഴിയുന്ന മണ്ഡലത്തിൽ സ്ഥാനാർഥി നിർണയവും കോൺഗ്രസിന്‌ പ്രശ്‌നമാവും. സ്ഥാനാർഥി മോഹികളുടെ പടതന്നെയുണ്ട്‌.

ആകെ വോട്ടർമാർ:  1,90,659
സ്‌ത്രീ : 96,490.
പുരുഷന്മാർ: 94,168.
ട്രാൻസ്‌ജൻഡർ: 1
പുതിയ വോട്ടർമാർ 5,102.  

വോട്ടുനില  

നിയമസഭ–- 2016

യുഡിഎഫ്‌:  72548
എൽഡിഎഫ്‌: 62901
എൻഡിഎ: -8294
യുഡിഎഫ് ഭൂരിപക്ഷം: -9,647

ലോക്‌സഭ–- 2019  

യുഡിഎഫ്‌: 90,221
എൽഡിഎഫ്‌: 52,901
എൻഡിഎ: 7,289
യുഡിഎഫ്ഭൂരിപക്ഷം: -37,320.

തദ്ദേശം–-- 2020

യുഡിഎഫ്‌:  73,206
എൽഡിഎഫ്‌:  64,598
എൻഡിഎ:  -7,206
യുഡിഎഫ്ഭൂരിപക്ഷം:- -8,608