പുതിയ ആകാശത്തേക്ക്‌ ചിറകുയർത്താൻ കൊണ്ടോട്ടി

Monday Mar 1, 2021
സ്വന്തം ലേഖകൻ

കൊണ്ടോട്ടി>ഇശലുകളുടെ ഈറ്റില്ലമാണ് വിമാനത്താവള നഗരമുൾപ്പെടുന്ന കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജന്മംനൽകിയ മണ്ണ്‌. കവിയുടെ കീർത്തിക്കൊത്ത സ്മാരകമന്ദിരവും തലയെടുപ്പോടെ ഇവിടെയുണ്ട്‌. വൈദേശിക ആധിപത്യത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും ഓർമകൾ ഇരമ്പുന്ന തുറക്കൽ ബംഗ്ലാവും കൊണ്ടോട്ടിയിലാണ്‌. ഹിച്ച്കോക്ക് അടക്കമുള്ള പല ബ്രിട്ടീഷ് പട്ടാള മേധാവികളുടെയും കേന്ദ്രവും ഇവിടെയായിരുന്നു. ഇന്റോ–-പേർഷ്യൻ ശില്‌പകലാ വൈദഗ്ധ്യത്തിന്റെ അതിമനോഹര ശില്‌പം കുബ്ബയും ചരിത്രത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നു. ധീര രക്തസാക്ഷി കുഞ്ഞാലിയുടെയും കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ സെയ്താലിക്കുട്ടിയുടെയും ജന്മദേശം.

ചെറുകാവ്, ചീക്കോട്, മുതുവല്ലൂർ, പുളിക്കൽ, വാഴയൂർ, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേർന്നതാണ് കൊണ്ടോട്ടി മണ്ഡലം.  കിഴക്ക് മലപ്പുറം മണ്ഡലവും പടിഞ്ഞാറ് കോഴിക്കോട് ജില്ലയും വടക്ക് ചാലിയാറും തെക്ക് തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളും അതിർത്തി പങ്കിടുന്നു.
1957 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലിംലീഗ് എംഎൽഎമാരാണ്. പി സീതി ഹാജി തുടർച്ചയായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 2011–-ൽ കെ മുഹമ്മദുണ്ണി ഹാജി 28,149 വോട്ടിന്റെ വിജയം നേടിയ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി വി ഇബ്രാഹിം വിജയിച്ചത്‌ 10,654 വോട്ടുകൾക്ക്‌‌. 10.24 ശതമാനം വോട്ടിന്റെ കുറവ്‌ യുഡിഎഫിനുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പുളിക്കൽ
പഞ്ചായത്ത് ഭരണം എൽഡിഎഫ്‌ പിടിച്ചെടുത്തു.   കഴിഞ്ഞ അഞ്ചുവർഷം ‌ 425.5 കോടിയുടെ വികസന പദ്ധതികളാണ്‌ സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്‌.  

 പ്രതിനിധീകരിച്ചവർ
1957–- എം പി എം അഹമ്മദ് കുരിക്കൾ (മുസ്ലിംലീഗ്‌)
1960–- എം പി എം അഹമ്മദ് കുരിക്കൾ (മുസ്ലിംലീഗ്‌)
1965–- എം മെയ്തീൻകുട്ടി ഹാജി (മുസ്ലിംലീഗ്‌)
1967–- സയ്യിദ്‌ ഉമർ ബാഫഖി (മുസ്ലിംലീഗ്‌)
1970–- സി എച്ച് മുഹമ്മദ് കോയ (മുസ്ലിംലീഗ്‌)
1977–- പി സീതി ഹാജി (മുസ്ലിംലീഗ്‌)
1980–- പി സീതി ഹാജി (മുസ്ലിംലീഗ്‌)
1982–- പി സീതി ഹാജി (മുസ്ലിംലീഗ്‌)
1987–- പി സീതി ഹാജി (മുസ്ലിംലീഗ്‌)
1991–-  കെ കെ അബു (മുസ്ലിംലീഗ്‌)
1996–- പി കെ കെ ബാവ (മുസ്ലിംലീഗ്‌)
2001–-  കെ എൻ എ ഖാദർ (മുസ്ലിംലീഗ്‌)
2006–- കെ മുഹമ്മദുണ്ണി ഹാജി (മുസ്ലിംലീഗ്‌)
2011–- കെ മുഹമ്മദുണ്ണി ഹാജി (മുസ്ലിംലീഗ്‌)
2016 –- ടി വി ഇബ്രാഹീം (മുസ്ലിംലീഗ്‌)

2016 നിയമസഭ
ടി വി ഇബ്രാഹീം (യുഡിഎഫ്‌)–- 69,668
കെ പി ബീരാൻകുട്ടി (എൽഡിഎഫ്‌)–- 59,014
കെ രാമചന്ദ്രൻ (എൻഡിഎ)–- 12,513
നാസറുദ്ദീൻ എളമരം (എസ്‌ഡിപിഐ)–- 3667
സലീം വാഴക്കാട് (വെൽഫെയർ പാർടി) –- 2344
ഭൂരിപക്ഷം: 10,654

തദ്ദേശ തെരഞ്ഞെടുപ്പ് 2020
പുളിക്കൽ പഞ്ചായത്ത്‌ (എൽഡിഎഫ്‌), കൊണ്ടോട്ടി നഗരസഭ, ചെറുകാവ്, ചീക്കോട്, മുതുവല്ലൂർ, വാഴയൂർ, വാഴക്കാട് പഞ്ചായത്തുകൾ (യുഡിഎഫ്‌).