ദാഹമകന്ന ചിറ്റൂർ

Monday Mar 1, 2021

ചിറ്റൂർ>ശോകനാശിനിപ്പുഴയുടെ തീരത്ത്‌ കൊങ്ങൻപടയുടെ രണഭേരികൾ മുഴങ്ങുന്ന നാട്‌. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൊന്നുവിളയുന്ന പാടങ്ങൾ, മലയാളവും തമിഴും സംസാരിക്കുന്ന ജനത. ചിറ്റൂർ തികച്ചും വ്യത്യസ്‌തമാണ്‌.

മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ഫലം നിർണയിക്കുന്നതിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ പങ്ക്‌ നിർണായകം. മഴനിഴൽ പ്രദേശത്തെ എക്കാലത്തെയും വലിയ പ്രശ്‌നം വെള്ളമായിരുന്നു. പല തെരഞ്ഞെടുപ്പുകളുടെയും വിധി നിർണയിച്ച പ്രധാന ഘടകവുമായിരുന്നു. എന്നാൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ വെള്ളം ഒരു പ്രശ്‌നമല്ലാതാക്കിയതിന്റെ സന്തോഷം വോട്ടിലൂടെ പങ്കുവയ്‌ക്കാൻ ഒരുങ്ങുകയാണ്‌ ചിറ്റൂരുകാർ.

ഒരു നേതാവിനെ തന്നെ തുടർച്ചയായി വിജയിപ്പിച്ച ചരിത്രമുണ്ട്‌ ചിറ്റൂരിന്‌. 1957ൽ രൂപംകൊണ്ട മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രം ആരംഭിക്കുന്നത്‌ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയിലെ (സിപിഐ) പി ബാലചന്ദ്ര മേനോനിലൂടെയാണ്‌. ദ്വയാംഗ മണ്ഡലമായിരുന്ന ചിറ്റൂരിൽ അദ്ദേഹത്തിനൊപ്പം കോൺഗ്രസിലെ കെ ഈച്ചരനും വിജയം നേടി.
 
1965 മുതൽ മൂന്നുതവണ സംയുക്ത സോഷ്യലിസ്‌റ്റ്‌ പാർടി‌ നേതാവായിരുന്ന ശിവരാമ ഭാരതി മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. 1977ൽ
സിപിഐയിലെ പി ശങ്കർ വിജയിച്ചു. 1980, 82, 91 വർഷങ്ങളിൽ ജനതാ പാർടി സ്ഥാനാർഥിയായിരുന്ന കെ കൃഷ്‌ണൻകുട്ടി വിജയം നേടി. 2016ൽ ജനതാദൾ എസ്‌ സ്ഥാനാർഥിയായി വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ മുല്ലപ്പള്ളി രാമചന്ദ്രന്‌  കെ കൃഷ്‌ണൻകുട്ടിയിൽനിന്ന്‌ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

കോൺഗ്രസിലെ കെ അച്യുതൻ 1996, 2001, 2006, 2011 വർഷങ്ങളിൽ തുടർച്ചയായി വിജയിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫിനൊപ്പം ചാഞ്ഞെങ്കിലും കഴിഞ്ഞ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുത്തി. വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പെരുമാട്ടി, പെരുവെമ്പ്‌ പഞ്ചായത്തുകളും ചരിത്രത്തിൽ ആദ്യമായി ചിറ്റൂർ–-തത്തമംഗലം നഗരസഭയും ഇടതുപക്ഷത്തോട്‌ ചേർന്നുനിന്നു. പട്ടഞ്ചേരി, എരുത്തേമ്പതി പഞ്ചായത്തുകൾ മാത്രമാണ്‌ യുഡിഎഫിന്‌ ലഭിച്ചത്‌.  

 
1980 മുതലുള്ള ചിറ്റൂരിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രം

കെ കൃഷ്‌ണൻകുട്ടി (ജനതാ പാർടി) 23,882
പി ശങ്കർ (സിപിഐ) 23,578
ഭൂരിപക്ഷം: 304
1982
കെ കൃഷ്‌ണൻകുട്ടി (ജനതാ പാർടി) 37,527
മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്‌) 31,884
ഭൂരിപക്ഷം: 5643
1987
കെ എ ചന്ദ്രൻ (കോൺഗ്രസ്‌) 49,112
കെ കൃഷ്‌ണൻകുട്ടി (ജനതാപാർടി) 40,875
ഭൂരിപക്ഷം: 8237
1991
കെ കൃഷ്‌ണൻകുട്ടി (ജനതാദൾ)47,281
കെ എ ചന്ദ്രൻ (കോൺഗ്രസ്‌) 44,170
ഭൂരിപക്ഷം: 3111
1996
കെ അച്യുതൻ (കോൺഗ്രസ്‌) 47,894
കെ കൃഷ്‌ണൻകുട്ടി(ജനതാദൾ) 47,458
ഭൂരിപക്ഷം: 436
2001
കെ അച്യുതൻ (കോൺഗ്രസ്‌) 59,512
കെ കൃഷ്‌ണൻകുട്ടി (ജനതാദൾ എസ്‌) 45,703
ഭൂരിപക്ഷം: 13,809
2006
കെ അച്യുതൻ (കോൺഗ്രസ്‌) 55,352
കെ കൃഷ്‌ണൻകുട്ടി (ജനതാദൾ എസ്‌) 53,340
ഭൂരിപക്ഷം: 2012
2011
 കെ അച്യുതൻ (കോൺഗ്രസ്‌) 69,916
എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ (സിപിഐ എം) 57,586
ഭൂരിപക്ഷം: 12330
2016
കെ കൃഷ്‌ണൻകുട്ടി (ജനതാദൾ എസ്‌) 69,270
കെ അച്യുതൻ (കോൺഗ്രസ്‌) 61,985
ഭൂരിപക്ഷം: 7285.