കുണ്ടറ: വീറുറ്റ പോരാട്ടത്തിന്റെ വിളംബരനാട്‌

Monday Mar 1, 2021
സ്വന്തം ലേഖകന്‍

കൊല്ലം> വീറുറ്റ പോരാട്ടത്തിനു‌ വേദിയാണ്‌ എന്നും വിളംബര നാട്‌. കുണ്ടറ മണ്ഡലം നേടുന്ന മുന്നണി സംസ്ഥാനം ഭരിക്കുമെന്നതാണ് ചരിത്രം. ഇതിന്‌ അപവാദം 1971, 2011 തെരഞ്ഞെടുപ്പുകൾ മാത്രം. 71ൽ കോൺഗ്രസിലെ എ എ റഹിം, 2011ൽ സിപിഐ എമ്മിലെ എം എ ബേബി എന്നിവർ  ജയിച്ചെങ്കിലും മുന്നണികൾ പ്രതിപക്ഷത്തായി.

കൊല്ലം താലൂക്കിലെ ഇളമ്പള്ളൂർ, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുണ്ടറ മണ്ഡലം.  പേരയം ഒഴികെയുള്ള പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലാണ്‌. 2,01,555 പേരാണ്‌ നിലവിലുള്ള വോട്ടർപട്ടികയിലുള്ളത്‌. സ്‌ത്രീ വോട്ടർമാരാണ്‌ കൂടുതൽ–- 1,05,208 പേർ.

ശങ്കരനാരായണപിള്ള മുതൽ മേഴ്‌സിക്കുട്ടിഅമ്മ വരെ

1965ൽ 6040 വോട്ടുകൾക്ക് വിജയിച്ച കോൺഗ്രസിലെ കെ ശങ്കരനാരായണപിള്ളയാണ് മണ്ഡലത്തിലെ ആദ്യ എംഎൽഎ. 1967ൽ സിപിഐ എം സ്ഥാനാർഥി ഡോ. പി കെ സുകുമാരൻ ശങ്കരനാരായണപിള്ളയെ 5594 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1971ലും 1977ലും കോൺഗ്രസ് ടിക്കറ്റിൽ എ എ റഹിം നയമസഭയിലെത്തി. സിപിഐ എം സ്ഥാനാർഥികളായ സ്ഥാണുദേവനെ 14,216 വോട്ടിനും വി വി ജോസഫിനെ 396 വോട്ടിനും പരാജയപ്പെടുത്തി. ഇപ്പോഴത്തെ എംഎൽഎയും മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിഅമ്മ അഞ്ചു തവണയാണ് കുണ്ടറയിൽ മത്സരിച്ചത്. മൂന്നുതവണയും വിജയിച്ചു. 1991ൽ അൽഫോൺസ ജോണിനോടും 2001ൽ കടവൂർ ശിവദാസനോടും പരാജയപ്പെട്ടു.
കടവൂർ യുഡിഎഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായി. 2006ൽ സിപിഐ എം പിബി അംഗം എം എ ബേബി കടവൂർ ശിവദാസനെ 14,869 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായി. 2011ൽ കോൺഗ്രസ് സ്ഥാനാർഥി പി ജർമിയാസിനെ ബേബി 14793 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ൽ  രാജ്മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തിയ മേഴ്സിക്കുട്ടിഅമ്മ മന്ത്രിയായി.

വ്യവസായങ്ങളുടെ നാട്‌
കൊല്ലത്തിന്റെ പ്രധാന വ്യവസായ കേന്ദ്രമായിരുന്നു കുണ്ടറ. എണ്‍പതുകളോടെ പലതും ക്ഷയിച്ചുതുടങ്ങി. യുഡിഎഫ്‌ ഭരണകാലത്ത്‌  വ്യവസായശാലകൾ പൂട്ടുകയും എൽഡിഎഫ്‌ അധികാരത്തിലെത്തുമ്പോൾ തുറക്കുകയും ചെയ്യുന്നതാണ്‌ ചരിത്രം. ‌വ്യവസായശാലകളുടെ ശേഷിപ്പുമാത്രമായി നിന്ന മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളാണ് പിന്നീട് തെരഞ്ഞെടുപ്പിലെ സ്വാധീന ഘടകമായത്.  

വിജയികൾ ഇതുവരെ
1965 –- ശങ്കരനാരായണപിള്ള (-കോൺ.)
1967 –- പി കെ സുകുമാരൻ (സിപിഐ എം)
1970 –-  എ എ റഹിം (കോൺ.)
1977 –- എ എ റഹിം (കോൺ.)
1982 –- തോപ്പിൽ രവി (സ്വത.)
1987 –- ജെ മേഴ്സിക്കുട്ടിഅമ്മ (സിപിഐ എം)
1991 –- അൽഫോൺസ ജോൺ (കോൺ.)
1996 –- ജെ മേഴ്സിക്കുട്ടിഅമ്മ (സിപിഐ എം)
2001 –- കടവൂർ ശിവദാസൻ (കോൺ.)
2006 –- എം എ ബേബി (സിപിഐ എം)
2011 –- എം എ ബേബി (സിപിഐ എം)
2016 –- ജെ മേഴ്സിക്കുട്ടിഅമ്മ (സിപിഐ എം)

ആകെ വോട്ടർമാർ : -2,01,555
പുരുഷൻ: 96,347, സ്ത്രീ: 1,05,208