ഇടതുമനസ്സാണ്‌ ഇരവിപുരത്തിന്‌

Monday Mar 1, 2021
സ്വന്തം ലേഖകന്‍

ഗ്രാമവും  നഗരവും സമന്വയിക്കുന്ന  ഇരവിപുരം മണ്ഡലം ഇടതിന്റെ കോട്ടയാണ്‌. കശുവണ്ടി,  മത്സ്യമേഖലകൾക്കൊപ്പം ആധുനിക വ്യവസായവും  മുഖ്യജീവനോപാധിയാക്കിയവരുടെ നാട്‌.  ഇടതുപക്ഷത്തിന്‌ ഒപ്പമുള്ളപ്പോൾ ആർഎസ്‌പിയുടെ തട്ടകമായിരുന്നു ഇരവിപുരം. ആർഎസ്‌പിയുടെ കൂറുമാറ്റത്തിനു ശേഷം 2016ൽ അവർക്ക്‌ അടിപതിറി. പതിവുപോലെ ഇടതുപക്ഷത്ത്‌ ഉറച്ചുനിന്ന മണ്ഡലത്തിൽ സിപിഐ എമ്മിലെ എം നൗഷാദ്‌ വിജയിച്ചു.

നഗരവും ഗ്രാമവും

കൊല്ലം കോർപറേഷനിലെ 23 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും ചേർന്നതാണ് മണ്ഡലത്തിന്റെ ഘടന. കോയിക്കൽ, കല്ലുംതാഴം, കോളേജ് ജങ്ഷൻ, പാൽക്കുളങ്ങര, അമ്മൻനട, വടക്കേവിള, പള്ളിമുക്ക്, അയത്തിൽ, മുള്ളുവിള, കിളികൊല്ലൂർ സൗത്ത്, പാലത്തറ, മണക്കാട്, കൊല്ലൂർവിള, കയ്യാലക്കൽ, വാളത്തുംഗൽ ഈസ്റ്റ്, വാളത്തുംഗൽ വെസ്റ്റ്, ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, മുണ്ടക്കൽ ഈസ്റ്റ്‌, പട്ടത്താനം, കന്റോൺമെന്റ്‌ എന്നിവയാണ്‌ ഡിവിഷനുകൾ.  1,71,738 വോട്ടർമാരുള്ള മണ്ഡലത്തിൽ സ്‌ത്രീകൾക്കുതന്നെയാണ്‌ ഭൂരിപക്ഷം–- 89244. രണ്ട്‌ ട്രാൻസ്‌ജെൻഡർമാരുമുണ്ട്‌.  


ആദ്യ വിജയി പി രവീന്ദ്രൻ
ഇരവിപുരത്തെ ആദ്യ എംഎൽഎ സിപിഐയിലെ പി രവീന്ദ്രനായിരുന്നു. 1965ൽ പുനർനിർണയത്തോടെ മണ്ഡലത്തിന്റെ രൂപം മാറി. അന്ന് വിജയം കോൺഗ്രസിലെ എ എ റഹീമിനൊപ്പമായി. 1967ൽ സപ്തകക്ഷി മുന്നണിയിലൂടെ ട്രേഡ് യൂണിയൻ നേതാവായ ആർഎസ് ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. ആർഎസ്‌പി ടിക്കറ്റിൽ 1982വരെ ആർ എസ്  ഉണ്ണിക്കായിരുന്നു ജയം. 1980ൽ ഇടതുമുന്നണി രൂപവൽക്കരണത്തോടെ ആർഎസ്‌പി ഇടത് ക്യാമ്പിലെത്തി.  ഇതോടെ മണ്ഡലം കോൺഗ്രസ്, മുസ്ലിംലീഗിനെ ഏൽപ്പിച്ചു. എ യൂനുസ് കുഞ്ഞ് മത്സരിക്കാനെത്തിയെങ്കിലും മൂന്നു പ്രാവശ്യം അദ്ദേഹം പരാജയം രുചിച്ചു.
1987ൽ ആർ എസ് ഉണ്ണിക്കു പകരം മത്സരിച്ചത്‌ വി പി രാമകൃഷ്ണപിള്ളയായിരുന്നു. തുടർച്ചയായ പരാജയത്തിന് പകരം വീട്ടാൻ 1991ൽ പി കെ കെ  ബാവയെ ലീഗ് കൊണ്ടുവന്നു. വീറും വാശിയും നിറഞ്ഞ ആ മത്സരത്തിൽ വി പി രാമകൃഷ്ണപിള്ള പരാജയപ്പെട്ടു. ബാവ മന്ത്രിയുമായി. യൂനൂസ് കുഞ്ഞിനെ 1996ൽ വീണ്ടും കളത്തിലിറക്കിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടില്ല. മണ്ഡലം തിരിച്ചുപിടിച്ച് വി പി രാമകൃഷ്ണപിള്ള മധുരപ്രതികാരം ചെയ്‌തു. ഇടതുമുന്നണി‌ക്കൊപ്പം മൂന്നു തവണ ആർഎസ്‌പി നേതാവ്‌ എ എ അസീസ് ജയിച്ചു. മുന്നണി മാറ്റത്തോടെ എം നൗഷാദിന്‌ മുന്നിൽ അസീസ് അടിയറവ്‌ പറഞ്ഞു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തും 15 ഡിവിഷനും എൽഡിഎഫ് നേടി.


വിജയികൾ ഇതുവരെ
1957–- പി രവീന്ദ്രൻ (സിപിഐ)
1960–-  പി രവീന്ദ്രൻ(സിപിഐ)
1965–- അബ്‌ദുൽ റഹീം(കോൺ.)
1967–- ആർ എസ്  ഉണ്ണി (സ്വത.)
1970–- ആർ എസ് ഉണ്ണി (ആർഎസ്‌പി)
1977 –- ആർ എസ് ഉണ്ണി (ആർഎസ്‌പി)
1980–- ആർ എസ്  ഉണ്ണി (ആർഎസ്‌പി)
1982–- ആർ എസ്  ഉണ്ണി (ആർഎസ്‌പി)
1987–- വി പി രാമകൃഷ്ണപിള്ള (ആർഎസ്‌പി)
1991–- പി കെ കെ ബാവ (മുസ്ലിം ലീഗ്)
1996–-  വി പി രാമകൃഷ്ണപിള്ള (ആർഎസ്‌പി)
2001–-  എ എ അസീസ്(ആർഎസ്‌പി)
2006–- എ എ അസീസ് (ആർഎസ്‌പി)
2011–- എ എ അസീസ് (ആർഎസ്‌പി)  
2016–- എം നൗഷാദ് (സിപിഐ എം)   

2016 തെരഞ്ഞെടുപ്പ്‌
എം നൗഷാദ് (സിപിഐ എം) –- 65392
എ എ അസീസ് (ആർഎസ്‌പി)–- 36589
അക്കാവിള സതീക് (ബിഡിജെഎസ്) –- 19714
ഭൂരിപക്ഷം –- 28803

ആകെ വോട്ടർമാർ : 1,71,738
പുരുഷന്മാർ: 82492
സ്ത്രീകൾ: 89244
ട്രാൻസ്ജെൻഡർ: 2