കണ്ണൂർ: വികസന വഴിയിൽ മനസ്സുറപ്പിച്ച്‌

Monday Mar 1, 2021
സുപ്രിയ സുധാകർ

കണ്ണൂർ>മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസ്‌ പ്രതിനിധീകരിച്ചപ്പോൾ വികസനം കണ്ണൂർ മണ്ഡലത്തിന്‌ അന്യമായിരുന്നു.  ഈ ദുരവസ്ഥയിൽനിന്ന്‌ അഭിമാനകരമായ വികസനത്തിലേക്കുള്ള പരിവർത്തന കാലമായാണ്‌ കഴിഞ്ഞ അഞ്ചുവർഷം. സംസ്ഥാന തുറമുഖ–- പുരാവസ്‌തു മന്ത്രി കൂടിയായ മണ്ഡലം പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ  പദ്ധതികൾ ഒന്നൊന്നായി യാഥാർഥ്യമാക്കിയതൊടെ കണ്ണൂരും വികസനഭൂപടത്തിൽ  ഇടംപിടിച്ചു. ഫ്ളൈഓവറും അണ്ടർപാസുമടക്കം ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ കണ്ണൂരിന്റെ മുഖഛായതന്നെ മാറ്റും. നാടിന്റെ സുസ്ഥിര വികസനത്തിന്‌ ഇക്കുറിയും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കാനൊരുങ്ങുകയാണ്‌ മണ്ഡലം.

പഴയ കണ്ണൂർ നഗരസഭാ പ്രദേശങ്ങളും എടക്കാട്, ചേലോറ, എളയാവൂർ കോർപ്പറേഷൻ സോണലുകളും മുണ്ടേരി പഞ്ചായത്തും ചേർന്നതാണ് കണ്ണൂർ മണ്ഡലം. 1,69,086 വോട്ടർമാർ.  78,382 പുരുഷന്മാരും 90,702 സ്‌ത്രീകളും‌. രണ്ട്‌ ട്രാൻസ്‌ജെൻഡർമാരുമുണ്ട്‌.

തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായ കെ പി ഗോപാലനും സി കണ്ണനും പ്രതിനിധീകരിച്ച മണ്ഡലമാണ്‌ കണ്ണൂർ.
1957ലെ ആദ്യ ഇ എം എസ്‌ സർക്കാരിൽ കെ പി ഗോപാലൻ വ്യവസായമന്ത്രിയായത്‌ കണ്ണൂർ–- 2 മണ്ഡലത്തിൽനിന്നാണ്‌.  അതേ തെരഞ്ഞെടുപ്പിൽ സി കണ്ണൻ കണ്ണൂർ–-1ൽനിന്നും ഉജ്വലവിജയം നേടി. 1960ൽ കണ്ണൂരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടാണ്‌ കോൺഗ്രസ്‌ നേതാവ്‌ ആർ ശങ്കർ കമ്യൂണിസ്‌റ്റുവിരുദ്ധ മുന്നണി സർക്കാരിന്റെ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായത്‌. കണ്ണൂർ രണ്ടിൽനിന്ന്‌  ഗാന്ധിയൻ പാമ്പൻ മാധവനും തെരഞ്ഞെടുക്കപ്പെട്ടു.  

1965 മുതൽ ’77 വരെ ഇടതുപക്ഷ പിന്തുണയുള്ള സ്ഥാനാർഥികളെ മാത്രം തെരഞ്ഞെടുത്ത ചരിത്രം. ’77ൽ ഭാരതീയ ലോക്‌ദളിലൂടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയരംഗത്തേക്കു വന്ന പി ഭാസ്‌കരൻ പിന്നീട്‌ വലതുപക്ഷത്തേക്കു ചാഞ്ഞതോടെ മണ്ഡലത്തിന്റെ മനസ്സും ഏറെക്കുറെ ആ നിലയിലായി. നീണ്ട ഇടവേളയ്‌ക്കുശേഷം  2016ലെ തെരഞ്ഞെടുപ്പിൽ 1196 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌‌ രാമചന്ദ്രൻ കടന്നപ്പള്ളി  അട്ടിമറി വിജയം നേടി‌. കടന്നപ്പള്ളിക്ക്‌ 54,347 വോട്ട്‌ ലഭിച്ചപ്പോൾ യുഡിഎഫിന്റെ സതീശൻ പാച്ചേനിക്ക്‌ 53,151 വോട്ട്‌. എൻഡിഎ സ്ഥാനാർഥി ഗിരീഷ്‌ ബാബു 13,215 വോട്ടു നേടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സവിശേഷ രാഷ്‌ട്രീയ സാഹചര്യത്തിൽ   യുഡിഎഫ്‌ വൻ  ലീഡ്‌  നേടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വീണ്ടും ഉജ്വലമായ കുതിപ്പു നടത്തി. കോർപറേഷൻ ഭരണം നേടിയെങ്കിലും മണ്ഡലത്തിൽ വെറും 299 വോട്ടിന്റെ സാങ്കേതിക ഭൂരിപക്ഷം മാത്രമാണ്‌ യുഡിഎഫിനുള്ളത്‌‌. നിറവാർന്ന വികസന മുന്നേറ്റത്തിന്റെയും മാറിയ രാഷ്‌ട്രീയ സാഹചര്യത്തിന്റെയും പിൻബലത്തിൽ മണ്ഡലം ഉറപ്പിച്ചുനിർത്താമെന്ന ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌.  
 

വോട്ടുനില
നിയമസഭ 2016
എൽഡിഎഫ്‌: 54,347
യുഡിഎഫ്‌: 53,151
എൽഡിഎ: 13,215
 എൽഡിഎഫ്‌ ഭൂരിപക്ഷം: 1,196

ലോക്‌സഭ 2019
എൽഡിഎഫ്:  47,260
യുഡിഎഫ്‌:- 70,683
എൻഡിഎ: 9,740
യുഡിഎഫ് ഭൂരിപക്ഷം: 23,423

തദ്ദേശം–-2020
എൽഡിഎഫ്: -66,987
യുഡിഎഫ്: -67,286
എൻഡിഎ: 17,264
യുഡിഎഫ്‌ ഭൂരിപക്ഷം: -299