മനം നിറഞ്ഞ്‌ മാനന്തവാടി

Monday Mar 1, 2021
വി ജെ വർഗീസ്‌

മാനന്തവാടി> ‘മാനന്തവാടി’–-പഴശ്ശിരാജ അന്തിവിശ്രമം കൊള്ളുന്ന നാട്‌. സാമ്രാജത്വ വിരുദ്ധ പോരാട്ടത്തിന്റെ മണ്ണ്‌. രാജ്യത്ത്‌ ദേശീയപ്രസ്ഥാനങ്ങൾ ആവിർഭവിക്കുമുമ്പേ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പടനയിച്ച പോരാളികളുടെ വീറുറ്റചരിത്രം സ്വന്തം. കർഷക, വിപ്ലവ മുന്നേറ്റങ്ങൾ മായാതെയുണ്ട്‌. ശോഭയേറി ഗോത്രപൈതൃകവും.

‘വടക്കേവയനാട്‌’ നിയമസഭാ മണ്ഡലം ‘മാനന്തവാടി’ മണ്ഡലമായിട്ട്‌ കേവലം 12 വർഷം മാത്രം.

കണ്ണൂരിന്റെ മലയോര മേഖലകളെയും ഉൾപ്പെടുത്തിയാണ്‌1965ൽ വടക്കേവയനാട്‌ മണ്ഡലം രൂപീകരിക്കുന്നത്‌. 2008ലെ മണ്ഡല  പുന:നിർണയത്തോടെ മണ്ഡലം മാനന്തവാടി ആയി. കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ കണ്ണൂരിലെ പേരാവൂരിനോട്‌ ചേർത്തു. തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്‌, വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ഉൾപ്പെടുന്നതാണ്‌ നിലവിൽ മണ്ഡലപരിധി.

വടക്കേവയനാടായി മണ്ഡലം രൂപീകരിച്ചതുമുതൽ പട്ടികവർഗസംവരണമാണ്‌. 1965ലെ ആദ്യതെരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​ സ്വതന്ത്രനായി മത്സരിച്ച കെ കെ അണ്ണനായിരുന്നു ആദ്യവിജയം. 1967ൽ സിപിഐ എം പ്രതിനിധിയായി അണ്ണൻ വീണ്ടും നിയമസഭയിലെത്തി. 1970ൽ കോൺഗ്രസിലെ എം വി രാജനായിരുന്നു വിജയം.  പിന്നീട്​ തുടർച്ചയായി രണ്ട്‌ തവണ രാജൻതന്നെ വടക്കേവയനാടിനെ പ്രതിനിധീകരിച്ചു.

1982ൽ കോൺഗ്രസിലെ കെ രാഘവൻ എംഎൽഎയായി‌. 1987ലും 1991ലും രാഘവൻ വിജയം ആവർത്തിച്ചു. 1996ലും  2006ലും രാഘവന്റെ ഭാര്യ രാധാ രാഘവനായിരുന്നു‌ വിജയം‌.  രാഘവന്റെ നിര്യാണത്തെ തുടർന്നാണ്​ ഭാര്യയെ കോൺഗ്രസ്​ സ്ഥനാർഥിയാക്കിയത്‌.
2006ൽ സിപിഐ എമ്മിലെ  കെ സി കുഞ്ഞിരാമനിലൂടെ എൽഡിഎഫ്‌ മണ്ഡലം പിടിച്ചെടുത്തു. 2011ൽ
തെരഞ്ഞെടുപ്പ്‌ ആകുമ്പോഴേക്കും മണ്ഡലം പുനനിർണയം നടന്നിരുന്നു. ആ തെരഞ്ഞെടുപ്പിൽ

 കോൺഗ്രസിൽനിന്നും പി കെ ജയലക്ഷ്‌മി വിജയിച്ച്‌ മന്ത്രിയായി. 2016ൽ  മന്ത്രിയെ തറപറ്റിച്ച്‌ എൽഡിഎഫ്‌ സ്ഥനാർഥി സിപിഐ എമ്മിലെ ഒ ആർ കേളു മിന്നുംവിജയം നേടി. തുടർന്നിങ്ങോട്ടുള്ള വികസന പദ്ധതികൾ മാനന്തവാടിയുടെ മനം നിറച്ചു. അടിസ്ഥാന സൗകര്യവികസനം മുതൽ മെഡിക്കൽ കോളേജുവരെ എത്തിനിൽക്കുകയാണ്‌ ആ വികസന ഗാഥ. മണ്ഡലത്തിൽ തുടർവിജയം ഉറപ്പിച്ചാണ്‌ എൽഡിഎഫ്‌ പ്രവർത്തനങ്ങൾ.

തദ്ദേശസ്ഥാപന ഭരണം
വെള്ളമുണ്ട, തൊണ്ടർനാട്​, തിരുനെല്ലി.
പനമരം പഞ്ചായത്തുകളിൽ  എൽഡിഎഫ്‌ ഭരണമാണ്‌.
തവിഞ്ഞാൽ, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും യുഡിഎഫ്‌ ഭരിക്കുന്നു.

വോട്ടർമാർ
പുരുഷൻ–-95268
സ്‌ത്രീകൾ–-96143
ആകെ–-191411

2016ലെ നിയമസഭ വോട്ടുനില

എൽഡിഎഫ്‌–-62436
യുഡിഎഫ്–-61129‌
ബിജെപി–-16230

മാനന്തവാടിയെ നയിച്ചവർ

1965 കെ കെ അണ്ണൻ (കമ്യൂണിസ്​റ്റ്​ സ്വതന്ത്രൻ)
1967- കെ കെ അണ്ണൻ(സിപിഐ എം)
1970- എം വി രാജൻ(കോൺഗ്രസ്)
1977 എം വി രാജൻ(കോൺഗ്രസ്)
1980- എം വി രാജൻ(കോൺഗ്രസ്)
1982- കെ രാഘവൻ(കോൺഗ്രസ്)
1987- കെ രാഘവൻ(കോൺഗ്രസ്)
1991 കെ രാഘവൻ (കോൺഗ്രസ്)
1996 രാധാരാഘവൻ (കോൺഗ്രസ്)
2001 രാധ രാഘവൻ (കോൺഗ്രസ്)
2006 - കെ സി കുഞ്ഞിരാമൻ (സിപിഐ എം)
2011 - പി കെ ജയലക്ഷ്മി (കോൺഗ്രസ്)
2016 ഒ ആർ കേളു (സിപിഐ എം)