വികസനക്കുതിപ്പ്‌ തുടരാൻ ആലപ്പുഴ

Monday Mar 1, 2021
എസ്‌ മനോജ്‌

ആലപ്പുഴ> എവിടെ തിരിഞ്ഞാലും വികസനവെളിച്ചം കാണാവുന്ന നാട്‌. കയറിന്റെയും  മത്സ്യസമ്പത്തിന്റെയും വ്യവസായങ്ങളുടെയും ഭൂമിയിൽ സർക്കാരിന്റെ വികസനമുദ്ര പതിയാത്ത ഇടമില്ല. 2011ൽ പുന:സംഘടിപ്പിച്ച മണ്ഡലമാണ്‌ ആലപ്പുഴ. അന്നുമുതലുള്ള രണ്ട്‌ തെരഞ്ഞെടുപ്പിലും ഉജ്വല വിജയത്തോടെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ടി എം തോമസ്‌ ഐസക്കിനെ നിയമസഭയിലേക്ക്‌ അയച്ചു ആലപ്പുഴയിലെ വോട്ടർമാർ. 2011ലെ 16,342 വോട്ടിന്റെ ഭൂരിപക്ഷം 31,032ലേക്ക്‌ ഉയർത്തിയാണ്‌ 2016ൽ ആലപ്പുഴ മണ്ഡലം ഐസക്കിന്റെ ഭരണമികവിന്‌ സല്യൂട്ടടിച്ചത്‌‌. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 53. 29 ശതമാനം 2016ൽ ആലപ്പുഴക്കാർ ഐസക്കിനു നൽകി.

പഴയ ആലപ്പുഴ മണ്ഡലത്തിന്‌ വലതുപക്ഷചായ്‌വും കുറവല്ലായിരുന്നു. 1957 ൽ വിജയം കമ്യൂണിസ്‌റ്റ്‌ പാർട്ടിക്കായിരുന്നു. ടി വി തോമസായിരുന്നു ആദ്യ പ്രതിനിധി. 1960ൽ കോൺഗ്രസിലെ എ നബീസത്തുബീവി വിജയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ കന്നിമത്സരത്തിനിറങ്ങിയ കോൺഗ്രസിലെ ജി ചിദംബരയ്യരും വിജയിച്ചു.
 
1967–- 70 വർഷങ്ങളിൽ ടി വി തോമസ്‌ വീണ്ടും വിജയിച്ചു. 77 ലും 80 ലും സിപിഐ യുടെ പി കെ വാസുദേവൻ നായർ. 1978ൽ അദ്ദേഹം മുഖ്യമന്ത്രിയുമായി. രണ്ടുതവണയും പി കെ വിയോട്‌ തോറ്റ എൻഡിപിയിലെ കെ പി രാമചന്ദ്രൻനായർ 1982ൽ അദ്ദേഹത്തെ തോൽപ്പിച്ചതും ചരിത്രം. 1987ൽ റോസമ്മ പുന്നൂസിലൂടെ വീണ്ടും എൽഡിഎഫ്‌ നേടി. 1991 ൽ വീണ്ടും കെ പി രാമചന്ദ്രൻനായർ. പിന്നീട്‌   1996, 2001, 2006 വർഷങ്ങളിൽ കോൺഗ്രസിലെ കെ സി വേണുഗോപാൽ ജയിച്ചു. കെ സി വേണുഗോപാൽ നിയസഭാഗംത്വം ഒഴിഞ്ഞ 2009ലെ ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ ഡിസിസി പ്രസിഡന്റ്‌ എ എ ഷുക്കൂർ വിജയിച്ചു.

2011 മുതലാണ്‌ ഇടതുതേരോട്ടം മണ്ഡലത്തിൽ ശക്തമായത്‌. 2016ൽ കോൺഗ്രസിലെ അഡ്വ. ലാലി വിൻസന്റായിരുന്നു ഐസക്കിന്റെ എതിരാളി.
ആലപ്പുഴ നഗരസഭയുടെ ഒന്നുമുതൽ 19 വരെയും 45 മുതൽ 50വരെയുമുള്ള വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾക്കൊള്ളുന്നതാണ്‌ ആലപ്പുഴ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരഭരണം പിടിച്ചെടുക്കുകയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ നിലനിർത്തിയത്‌ എൽഡിഎഫിന്‌  ആത്മവിശ്വാസമേറി. ആര്യാട്, മാരാരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷനും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനു‌ മികച്ച ജയം നേടാനായി.  

2016 വോട്ടുനില

ടി എം തോമസ് ഐസക്‌ (എൽഡിഎഫ്‌) – -83,211
ലാലി വിൻസന്റ്‌ (യുഡിഎഫ്‌) –- 52,179
രഞ്ജിത്ത് ശ്രീനിവാസ് (ബിജെപി) – -18,214
ഭൂരിപക്ഷം- –-31,032