കൊല്ലത്ത്‌ വീണ്ടും യുഡിഎഫിന്‌ കടലിൽ ചാടാം

Sunday Feb 28, 2021
ജയൻ ഇടയ്ക്കാട്


കൊല്ലം
രാഹുൽ ഗാന്ധിയുമായി ആശയസംവാദം നടത്താൻ കാത്തിരുന്ന കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം അറിഞ്ഞ്‌ ഞെട്ടി.  കോൺഗ്രസിന്റെ കൈ പിടിച്ച് വിദേശ ട്രോളറുകൾ ആഴക്കടൽ അരിച്ചു തുടങ്ങിയതുൾപ്പെടെ ചോദ്യങ്ങളുമായാണ്‌ അവർ കാത്തിരുന്നത്‌. ഹാർബറിലേക്ക് നോക്കിയ രാഹുൽ കണ്ടത് അടിപൊളി സെറ്റപ്പ്. ഒട്ടും വൈകിയില്ല, ആക്ഷൻ പറഞ്ഞ് കടലിലേക്ക്‌ ചാടി. ഒപ്പം കാശ്‌ അങ്ങോട്ട്‌ നൽകി ക്യാമറയും കൂടെ  ചാടി. രാഹുൽജീ, ഇത് ടൂറിസ്റ്റ് സെന്ററല്ല, എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ മുഖം തിളങ്ങുന്ന ഹാർബറാണ്. കിഴക്കൻ മലയോരത്തെ സൂപ്പർ ഹൈവേയിലൂടെ കൊല്ലം കുളത്തൂപ്പുഴയിലെത്തിയാൽ വനം മ്യൂസിയം കണ്ട്‌ താങ്കൾക്ക്‌ ആശ്ചര്യപ്പെടാം.


 

ഇത്തരത്തിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന നാടിന്റെ മാറ്റവും നാട്ടുകാരോടുള്ള കരുതലും സാധ്യമാകുന്ന എൽഡിഎഫിന്‌ നിയമസഭാ സ്കോർ ബോർഡിൽ ഇത്തവണയും ഫുൾ മാർക്ക്‌ നൽകാൻ ഒരുങ്ങുകയാണ്‌ കൊല്ലം.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, മലയോര ഹൈവേ, പെരുമൺ പാലം, കൊല്ലം തുറമുഖം, പത്തു നിലയിൽ തല ഉയർത്തിനിൽക്കുന്ന പുനലൂർ താലുക്ക്‌ ആശുപത്രി ... അങ്ങനെ വികസനപ്രഭയുടെ നൂറ്‌ ‌പൂക്കൾ. ‌കശുവണ്ടി, കയർ, കൈത്തറി മത്സ്യമേഖലകളിൽ മിന്നുന്ന മുന്നേറ്റം ...വികസനം തന്നെയാണ്‌ കൊല്ലത്ത്‌ ചർച്ച.

യുഡിഎഫിന്‌ എംഎൽഎഇല്ലാത്ത ജില്ല
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന് ഒരാളെപ്പോലും നിയമസഭയിലേക്കയക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. 2011ൽ എൽഡിഎഫ്‌–- 10, യുഡിഎഫ്‌–-1 എന്നായിരുന്നു കക്ഷിനില. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 68ൽ 44 പഞ്ചായത്തും എൽഡിഎഫ്‌ നേടി. ജില്ലാ പഞ്ചായത്ത്‌, കോർപറേഷൻ, നാലിൽ മൂന്നു മുനിസിപ്പാലിറ്റി, 11ൽ 10 ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവയുടെതലപ്പത്തും എൽഡിഎഫാണ്‌.

കോർപറേഷനിൽ ഉൾപ്പെടെ നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന്‌ യുഡിഎഫ്‌ കരകയറിയിട്ടില്ല.  ജില്ലയിൽ ആദ്യമായി ഒരു പഞ്ചായത്ത്‌ (കല്ലുവാതുക്കൽ) ഭരണം പിടിച്ചു.


 

ആർഎസ്‌പി 2 പേർ മാത്രമായി
കെട്ടുറപ്പും കൂട്ടായ്‌മയും എൽഡിഎഫ്‌ ക്യാമ്പിൽ ശുഭാപ്‌തി വിശ്വാസമുയർത്തുന്നു. ശിൽപശാലകളിൽ വികസനചർച്ചയുടെ പ്രചാരണത്തിന്‌ സമഗ്രരൂപം നൽകി. 

മെലിഞ്ഞ്‌ ഇല്ലാതാകാനായിട്ടും  പൊട്ടിത്തെറിയുടെ വക്കിലാണ്‌  ആർഎസ്‌പി.  എ എ അസീസിനെ‌  ഒറ്റപ്പെടുത്തിയ പാർടി  എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നീ പേരുകളിൽ ഒതുങ്ങി. ഇക്കുറി ലീഗിന്‌ ‌സീറ്റ്‌ നൽകില്ലെന്ന വാശിയിലാണ്‌‌ ഡിസിസി. കൊല്ലത്തെ സ്വന്തം സ്ഥാനാർഥിത്വം  ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്‌ ഡിസിസി പ്രസിഡന്റ്‌.
ജില്ലയ്‌ക്ക്‌ ‌നേതാവില്ലാത്ത ബിജെപി യുടെ അവസ്ഥ പ്രവർത്തനം താളംതെറ്റിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ കോർപറേഷനിൽ നേട്ടമുണ്ടാക്കാൻ ബിജെപിയെ ‌സഹായിച്ചത്‌ കോൺഗ്രസുമായുണ്ടാക്കിയ ധാരണയായിരുന്നു. നിയമസഭയിലും പരീക്ഷണം തുടരുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്‌.