കോട്ടയത്ത്‌ 
കൂടുതൽ സീറ്റിന്‌ കോൺഗ്രസ്‌ ; മൂവാറ്റുപുഴ ആവശ്യപ്പെട്ട്‌ ജോസഫ്‌

Sunday Feb 28, 2021
പി സി പ്രശോഭ്‌


കോട്ടയം
സീറ്റിന്റെ എണ്ണത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്നുറച്ച്‌ കേരള കോൺഗ്രസ്‌  ജോസഫ്‌ വിഭാഗം. 15 സീറ്റാണ്‌ ഇവർ ആവശ്യപ്പെടുന്നത്‌‌.  പത്തെങ്കിലും കിട്ടുമെന്ന്‌ പ്രതീക്ഷ. അതേസമയം, യുഡിഎഫി ന്റെ ജയത്തിന്‌ കൂടുതൽ സീറ്റുകൾ തങ്ങൾക്ക്‌ വിട്ടുതരണമെന്ന്‌ കോട്ടയം ഡിസിസി നിലപാട്‌ എടുത്തതോടെ തർക്കമായി‌. 

കോട്ടയത്ത്‌ മാത്രം നാലിൽ കുറയാതെ സീറ്റ്‌ വെണമെന്ന ശക്തമായ നിലപാടിലാണ്‌ ജോസഫ്‌‌. 2016ൽ കോട്ടയത്ത്‌ ആറു സീറ്റിൽ മത്സരിച്ചിരുന്നു‌.  തിങ്കളാഴ്‌ച ജോയി എബ്രഹാം, മോൻസ്‌ ജോസഫ്‌ എംഎൽഎ എന്നിവർ കോൺഗ്രസ്‌ നേതാക്കളുമായി തിരുവനന്തപുരത്ത്‌ സീറ്റ്‌ ചർച്ച നടത്തും.

കടുത്തുരുത്തി  കൂടാതെ രണ്ട്‌ സീറ്റേ ജില്ലയിൽ കൊടുക്കാവൂ എന്ന്‌ കോട്ടയം ഡിസിസി  കെപിസിസി ക്ക്‌ റിപ്പോർട്ട്‌ നൽകി. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളാണ്‌ ജോസഫിന്റെ നോട്ടം.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയമാണ്‌ കോൺഗ്രസിന്റെ പിടിവള്ളി‌. ജോസഫിന്‌ കൂടുതൽ സീറ്റിന്‌ അർഹതയില്ലെന്ന  നിലപാട്‌  കോൺഗ്രസ്‌ ആവർത്തിക്കും. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായ പി ജെ ജോസഫിന്റെ അസാന്നിധ്യവും കോൺഗ്രസിന്‌ ഗുണമാകും. ഇടുക്കിയും തൊടുപുഴയും ആവശ്യപ്പെട്ട ജോസഫ്‌  മൂവാറ്റുപുഴ   വിട്ടുതന്നാൽ കോട്ടയത്ത്‌  വിട്ടുവീഴ്‌ചയാകാമെന്ന സൂചനയും നൽകിയിട്ടുണ്ട്‌. ഇടുക്കിയിലും കോൺഗ്രസിന്‌ കണ്ണുണ്ടെന്നതും ജോസഫിനറിയാം.