‘‘നമ്മടെ കണ്ണൂര്‌ ഇത്രേം കാണാനുണ്ടല്ലേ... സ്വന്തം നാടായിട്ടു‌പോലും ഇങ്ങനെ ആസ്വദിച്ച്‌ ഒരു യാത്ര ഇതുവരെയുണ്ടായിട്ടില്ല...’’

ഓളങ്ങൾ ഏറ്റുപാടി ‘ ബേം കി 
ബൂം ബൂം ’

Sunday Feb 28, 2021
ജസ്‌ന ജയരാജ്‌


കണ്ണൂർ
‘‘നമ്മടെ കണ്ണൂര്‌ ഇത്രേം കാണാനുണ്ടല്ലേ... സ്വന്തം നാടായിട്ടു‌പോലും ഇങ്ങനെ ആസ്വദിച്ച്‌ ഒരു യാത്ര ഇതുവരെയുണ്ടായിട്ടില്ല...’’ പറശ്ശിനിക്കടവിൽനിന്ന്‌ വളപട്ടണം പുഴയുടെ മടിത്തട്ടിലൂടെ നീങ്ങുന്ന ‘ജലറാണി’ ഹൗസ്‌ ബോട്ടിലിരുന്ന്‌‌, യുവതയുടെ സിരകളിൽ സംഗീതലഹരി നിറയ്‌ക്കുന്ന പാട്ടുകാരി സയനോര ഫിലിപ്പ്‌ പറഞ്ഞു. യാത്ര പാട്ടുപോലെ ആസ്വദിച്ചു, കണ്ണൂരിന്റെ ഭാഷയും കാഴ്‌ചകളും രുചിയും നിറയുന്ന ‘ബേംകി ബേംകി ബേംകി ബൂം ബൂം’ പാട്ടുകാരി.‌ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി മകൾ സെനയും ഒപ്പം. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ പുഴകളെ ബന്ധിപ്പിച്ചുള്ള മലനാട്‌ മലബാർ റിവർ ക്രൂയിസ്‌ പദ്ധതിയുടെ ഭാഗമാണ്‌ ഹൗസ്‌ബോട്ട്.‌

‌ഡ്രൈവിങ്ങിംഗ്‌ സീറ്റിലിരുന്ന്‌ ബോട്ട്‌  ഓടിക്കുന്നതിന്റെ ത്രില്ലിനിടെ സയനോര പറഞ്ഞു:  ‌‘‘പുഴയോരത്ത്‌  കാണാൻ ഒരുപാടുണ്ടാവുമല്ലോ... പച്ചവിരിച്ച വയലുകൾ, തെയ്യം, നാടൻ കള്ളും മീൻകറിയും ഹോ... ആലോചിക്കാൻ  വയ്യ...’’. പാശ്‌ചാത്യസംഗീതപ്രേമികളുടെ ഇഷ്‌ടഗായികയുടെ ചുണ്ടിൽനിന്ന്‌ പഴയൊരു പാട്ടുമൊഴുകി: ‘‘പാമരം പളുങ്കുകൊണ്ട്‌... പന്നകം കരിമ്പുകൊണ്ട്‌....’’

പുഴയാത്രകൾ സമ്മാനിക്കുന്ന അനുഭവവേദ്യ ടൂറിസത്തിന്റെയും തദ്ദേശീയർക്ക് ‌ഗുണം ലഭിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെയും സാധ്യതകളിലാണ്‌ ക്രൂയിസ്‌ പദ്ധതി രൂപം നൽകിയത്‌. 325 കോടിയുടെ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇതുവരെ 57 കോടി രൂപ അനുവദിച്ചു. സ്വദേശിദർശൻ സ്‌കീമിൽ 80 കോടിയും ചെലവഴിച്ചു. ന്യൂമാഹി മുതൽ ചന്ദ്രഗിരിവരെ നീളുന്ന പദ്ധതിയിൽ പഴയങ്ങാടി, പറശ്ശിനിക്കടവ്‌, ന്യൂമാഹി, മോന്താൽ, വലിയപറമ്പ്‌‌ ബോട്ട്‌ ടെർമിനലുകളാണ്‌ പ്രവർത്തനമാരംഭിച്ചത്‌. 25 ടെർമിനിലുകളുടെ പണി പുരോഗമിക്കുന്നു.

മാഹിപ്പുഴയിൽ കളരി, അഞ്ചരക്കണ്ടിപ്പുഴയിൽ പഴശ്ശിരാജയും സുഗന്ധദ്രവ്യങ്ങളും, വളപട്ടണംപുഴയിൽ മുത്തപ്പൻ തുടങ്ങി വിവിധ തീമുകളും‌ അവതരിപ്പിക്കുന്നു‌.  മൺപാത്ര നിർമാണത്തൊഴിലാളിയും കുടുംബശ്രീ പ്രവർത്തകരുമടക്കം വലിയ  ശൃംഖലയ്‌ക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും സേവനം നൽകാനും അവസരമുണ്ടാകും. തദ്ദേശീയരായ യുവാക്കൾക്ക്‌ ഗൈഡുകളുമാകാം. ടൂറിസം വകുപ്പിന്റെയും കെടിഡിസിയുടെയും ജലഗതാഗതവകുപ്പിന്റെയും ബോട്ടുകൾ പദ്ധതിയുടെ ഭാഗമായി സർവീസ്‌ നടത്തുന്നുണ്ട്‌.