കുഞ്ഞാലിക്കുട്ടിയും മുനീറും 
ബിഷപ്പിനെ കണ്ടു

തിരുവമ്പാടി 
റാഞ്ചാൻ കോൺഗ്രസ്‌ ; സീറ്റ്‌ വിട്ടുകൊടുക്കാൻ ലീഗിൽ സമ്മർദ്ദം

Sunday Feb 28, 2021


കോഴിക്കോട്‌
തിരുവമ്പാടി സീറ്റ്‌ വിട്ടുകൊടുക്കാൻ മുസ്ലിംലീഗിൽ സമ്മർദ്ദം. സമുദായത്തിന്റെ പേര്‌ പറഞ്ഞ്‌ വർഗീയമായി മുദ്രകുത്തി സീറ്റ്‌ കൈയടക്കാനാണ്‌ കോൺഗ്രസ്‌ നീക്കം. ‌ ഒന്നുകിൽ സീറ്റ്‌ കോൺഗ്രസിന്‌ കൈമാറുക, അല്ലെങ്കിൽ ഘടകകക്ഷിക്ക്‌ നൽകുക എന്നതാണാവശ്യം.

വോട്ടർമാരിലെ സമുദായ കണക്ക്‌ പറഞ്ഞ്‌ ലീഗിനെ പേടിപ്പിക്കുന്നുമുണ്ട്‌. ക്രൈസ്‌തവസഭാനേതൃത്വമടക്കം ലീഗ്‌ മത്സരിക്കുന്നതിനെതിരാണെന്ന പ്രചാരണവും കോൺഗ്രസിലെ ഒരുവിഭാഗം സംഘടിപ്പിക്കുന്നു. 1991 -മുതൽ ലീഗ്‌ മത്സരിക്കുന്ന സീറ്റാണ്‌ തിരുവമ്പാടി. 2016ൽ സീറ്റ്‌ പിടിക്കാൻ ക്രൈസ്‌തവ വികാരമുയർത്തി കോൺഗ്രസ്‌ ശക്തമായ നീക്കം നടത്തി.

സഭാനേതൃത്വവുമായുള്ള ചർച്ചയിൽ അടുത്തകുറി സീറ്റ്‌ കോൺഗ്രസിന്‌ എന്ന ധാരണയുണ്ടാക്കി എന്നും ‌ അവകാശപ്പെടുന്നു. എന്നാൽ ലീഗ്‌ ജില്ലാകമ്മിറ്റിയും പ്രാദേശിക ഘടകങ്ങളും സീറ്റ്‌ വിട്ടുകൊടുക്കരുതെന്ന ഉറച്ച നിലപാടിലാണ്‌.  എതിർപ്പ്‌ മറികടക്കാനായി‌ സിഎംപിക്ക്‌ സീറ്റ്‌ വിട്ടുകൊടുപ്പിക്കാനുള്ള തന്ത്രമാണ്‌ കോൺഗ്രസ്‌ ഇപ്പോൾ ആവിഷ്‌കരിച്ചത്‌.
സിഎംപി നേതാവ്‌ സി പി ജോൺ കോൺഗ്രസ്‌ താൽപര്യാർഥം ലീഗ്‌ നേതൃത്വത്തെ സ്വാധീനിക്കുന്നുമുണ്ട്‌.

കുഞ്ഞാലിക്കുട്ടിയും മുനീറും 
ബിഷപ്പിനെ കണ്ടു
കോൺഗ്രസിന്റെ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്കിടയിൽ‌ ലീഗ്‌ അഖിലേന്ത്യാജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീർ എംഎൽഎയും താമരശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തി‌. ബിഷപ്പ്‌ ഹൗസിൽ ഞായറാഴ്‌ച രാവിലെയാണ്‌ ബിഷപ്പ്‌ റമീജിയോസ്‌ ഇഞ്ചനാനിയേലുമായുള്ള ചർച്ച നടത്തിയത്‌. തെരഞ്ഞെടുപ്പ്‌ കാര്യങ്ങൾ ചർച്ചചെയ്‌തില്ലെന്ന്‌ ‌ ചർച്ചക്ക്‌ ശേഷം മുനീർ വാർത്താലേഖകരോട്‌‌ പറഞ്ഞു.