എത്രകാലം 
കോൺഗ്രസിങ്ങനെ വെള്ളംകോരും

Saturday Feb 27, 2021
ജയകൃഷ്‌ണൻ നരിക്കുട്ടി

എം സി ഖമറുദ്ദീന്റെ അഴിമതിയിൽ ലീഗും ഗ്രൂപ്പ്‌‌ വഴക്കിൽ കോൺഗ്രസും വലയുമ്പോൾ, കൃത്യമായ വികസനക്കാഴ്‌കൾ ചൂണ്ടിക്കാട്ടിയാണ്‌ എൽഡിഎഫ്‌ വോട്ടുചോദിക്കുന്നത്

യുഡിഎഫിൽ മുസ്ലിംലീഗിനുള്ള മേൽക്കോയ്‌മ ചർച്ചയാകുന്ന കാലം കൂടിയാണിത്‌. അതിന്‌ മികച്ച ഉദാഹരണമാണ്‌ കാസർകോട്‌ ജില്ലയെന്ന്‌ ചൂണ്ടിക്കാട്ടുന്നതും കോൺഗ്രസിലെ യുവനേതാക്കൾതന്നെ.     30 വർഷമായി ജില്ലയിൽനിന്നൊരു കോൺഗ്രസ്‌ എംഎൽഎ ഇല്ല. വല്ലപ്പോഴും തടയുന്ന ജില്ലാപഞ്ചായത്ത്‌ ഭരണത്തിൽ തലപ്പത്ത്‌ കയറിയിരിക്കുന്നതും ലീഗുകാർ. തദ്ദേശസ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷം അധ്യക്ഷസ്ഥാനവും ലീഗിന്‌. വെള്ളംകോരികളും വിറകുവെട്ടികളുമായി എത്രകാലം കഴിയണം എന്ന വിലാപം കോൺഗ്രസുകാർ ഈ തെരഞ്ഞെടുപ്പിലും ഉയർത്തുന്നു. അതിന്റെ പൊട്ടലും ചീറ്റലും തുടങ്ങിയിട്ടുമുണ്ട്‌.

അങ്ങേയറ്റത്തുള്ള മഞ്ചേശ്വരത്തും കാസർകോട്ടും ഭദ്രമാണെന്ന ലീഗിന്റെ രാഷ്ട്രീയചിന്തയ്‌ക്കും വല്ലാതെ ഇളക്കംതട്ടിയ കാലം കൂടിയാണിത്‌. ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ, ജയിലനുഭവം പങ്കുവയ്‌ക്കുന്ന ‘ഖമറൂച്ച’ യ്‌ക്ക്‌ സീറ്റ്‌ കിട്ടില്ലായെന്ന്‌ അണികൾ ആശ്വസിക്കുന്നുണ്ടെങ്കിലും, ചിത്രത്തിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ്‌  എം സി ഖമറുദ്ദീൻ. നിക്ഷേപത്തട്ടിപ്പിൽ കാശുപോയ അണികൾ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കമാത്രമേ പാണക്കാട്ടെ നേതൃത്വത്തിനുള്ളൂ. കാസർകോട്ടേക്ക്‌, അഴിക്കോട്ട്‌ ഇഞ്ചി കടിച്ച കെ എം ഷാജി നോട്ടമെറിഞ്ഞിട്ടുണ്ട്‌. നിലവിലുള്ള എംഎൽഎ എൻ എ നെല്ലിക്കുന്ന്‌ രണ്ടുവട്ടം തികച്ചെങ്കിലും, അങ്ങനെ ഒതുക്കാൻ അദ്ദേഹം നിന്നുകൊടുക്കില്ല.

ജില്ലയിൽ ശേഷിച്ച ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പുർ മണ്ഡലങ്ങളിൽ കോൺഗ്രസാണ്‌ സ്ഥാനാർഥികളാകുക. ഗ്രൂപ്പും ഉപഗ്രൂപ്പുമായി നട്ടംതിരിയുന്ന ഡിസിസിയിൽ, രാജ്‌മോഹൻ ഉണ്ണിത്താന്റെ വരവോടെ മേൽഗ്രൂപ്പും രൂപപ്പെട്ടിട്ടുണ്ട്‌.

ഡിസിസി പ്രസിഡന്റടക്കമുള്ള സ്ഥാനാർഥി മോഹികളെല്ലാം ഉണ്ണിത്താനുമായി മുട്ടനിടിയാണ്‌.  സ്ഥാനാർഥികളാകാൻ യോഗ്യരായവരുടെ ലിസ്‌റ്റ്‌ എംപിമാരോടും തേടിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെ, ഉണ്ണിത്താൻ പെട്ടിവച്ച്‌ പിരിവ്‌ തുടങ്ങിയെന്നാണ്‌ പുതിയ വാർത്ത.  ആരിടപെട്ടാലും ഏത്‌ ഏജൻസി വന്ന്‌ സർവേ നടത്തിയാലും ഗ്രൂപ്പുകൾക്ക്‌ വീതംവച്ച സീറ്റ്‌ മാറ്റിക്കൊടുക്കാൻ തയ്യാറല്ല എന്ന്‌ ഡിസിസി ഒറ്റക്കെട്ടായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.


 

വികസനം ജയിച്ച 
ഇടതുമണ്ണ്‌
എ കെ ജിയെ പാർലമെന്റിലേക്കും മുഖ്യമന്ത്രിമാരായ ഇ എം എസിനെയും ഇ കെ നായനാരെയും നിയമസഭയിലേക്കും തെരഞ്ഞെടുത്തയച്ച മണ്ണ്‌ കൂടിയാണ്‌ കാസർകോട്‌. മഞ്ചേശ്വരത്തും കാസർകോടും സംഘപരിവാരവും മുസ്ലിംലീഗും വർഗീയവികാരം ഇളക്കിവിട്ട്‌ മതേതരമനസ്സ്‌ തകർക്കാൻ ശ്രമിച്ചപ്പോഴും ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫിനെ എല്ലാക്കാലത്തും നെഞ്ചോട്‌ ചേർക്കുന്നു.  തദ്ദേശ തെരഞ്ഞെടുപ്പിൽ 38 പഞ്ചായത്തിൽ 20ലും ഇടതുമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്ത്‌ തിരിച്ചുപിടിച്ചു. മൂന്ന്‌ നഗരസഭയിൽ രണ്ടും സ്വന്തമാക്കി.

മലയോര ഹൈവേ, കാസർകോട്‌ മെഡിക്കൽ കോളേജ്‌, ബാവിക്കര കുടിവെള്ള പദ്ധതി, ടാറ്റ കോവിഡ്‌ ആശുപത്രി, സോളാർ പാർക്കുകൾ, റോഡ്‌ വികസനം, ദേശിയപാത വികസനം തുടങ്ങിയ സ്വപ്‌ന പദ്ധതികൾക്കു‌പുറമേ ഒട്ടേറെ ജനകീയപ്രശ്‌നങ്ങൾക്കും‌ പരിഹാരമായതാണ്‌ എൽഡിഎഫ്‌ പ്രചാരണ വിഷയമാക്കുന്നത്‌.

ബിജെപി എ ക്ലാസ്‌ മണ്ഡലമായി വിലയിരുത്തുന്ന മഞ്ചേശ്വരത്തും കാസർകോട്ടും ഇത്തവണയും അവരുടെ സ്വപ്‌നം വിരിയില്ല.  സ്ഥാനാർഥി നിർണയത്തിൽ ആർഎസ്‌എസ്‌ ഇടപെട്ടാൽ കടുത്ത വർഗീയ നിലപാടുള്ള പ്രാദേശിക നേതാക്കൾ സ്ഥാനാർഥികളായേക്കും.