കേരളത്തിന്റെ കടലും തീരവും വിദേശ കമ്പനിക്ക്‌ 
പതിച്ചുകൊടുക്കാനുള്ള നീക്കമുണ്ടായത്‌ 2003ൽ 
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌

മണലും കടലും 
കടത്താൻ ഉറച്ച കാലം

Saturday Feb 27, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
കടൽമണൽ ഖനനത്തിന്‌ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടത് 2003ൽ യുഡിഎഫ്‌ സർക്കാർ. അക്കൂട്ടരാണ്‌, സർക്കാർ അറിയാതെ ‌ ട്രോളർ നിർമിക്കാൻ ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ ധാരണപത്രത്തെ കടൽ വിൽപ്പനയാക്കി പ്രചരിപ്പിക്കുന്നത്‌. കേരളത്തിന്റെ കടലും തീരവും വിദേശ കമ്പനിക്ക്‌ പതിച്ചുകൊടുക്കാനുള്ള നീക്കത്തെ അന്ന്‌ എൽഡിഎഫും മത്സ്യത്തൊഴിലാളികളും ഒരുമിച്ചുനിന്ന്‌ നേരിട്ടാണ്‌ പരാജയപ്പെടുത്തിയത്‌.

എ കെ ആന്റണി മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായപ്പോഴാണ്‌ കടൽമണൽ ഖനനത്തിന്‌ ബഹ്‌റൈൻ ആസ്ഥാനമായ ക്രൗൺ മാരിടൈം ഇന്ത്യാ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി കരാർ ഉണ്ടാക്കിയത്‌. 2003 ജനുവരി 18നും19നും ‘ജിം’ എന്ന പേരിൽ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോളനിക്ഷേപക സംഗമത്തിന്റെ മറവിലായിരുന്നു പദ്ധതി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനംപോലും വഴിമുട്ടിക്കുമായിരുന്ന പദ്ധതിയാണ്‌ രഹസ്യമായി തയ്യാറാക്കിയത്‌.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്‌, കണ്ണൂർ  ജില്ലകളിലെ  കടൽത്തീരത്തുനിന്ന്‌ 20 കിലോമീറ്റർ ദൂരത്തിൽ 30 മീറ്റർവരെ ആഴത്തിൽ ഖനനം നടത്തും. മണൽ വാരാൻ വന്ന കമ്പനിയെത്തന്നെ പരിസ്ഥിതി ആഘാതപഠനത്തിനും ചുമതലപ്പെടുത്തി. ജിമ്മിൽ ഒപ്പിട്ട കരാർ പുറത്തായതിനെ തുടർന്നാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വൻപ്രക്ഷോഭം ഉയർന്നത്‌. ന്യായീകരിക്കാൻ പലവഴി നോക്കി. ഒടുവിൽ  ഗത്യന്തരമില്ലാതെ പദ്ധതി അവസാനിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ഐഡിയ

നിക്ഷേപക സംഗമത്തിൽ പദ്ധതിയുടെ കരടുരേഖ അവതരിപ്പിക്കുന്നതിനുമുമ്പ്‌ തിരുവനന്തപുരത്ത്‌ ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തിന്റെ ശിൽപ്പശാല. ക്രൗൺ മാരിടൈം കമ്പനിയെ ശിൽപ്പശാലയിൽ ക്ഷണിച്ചുവരുത്തി.
ജിമ്മിന്റെ പരസ്യച്ചെലവ്‌ അടക്കം വഹിച്ചത്‌ ക്രൗൺ കമ്പനി. ജിം കഴിഞ്ഞയുടനെ കരാർ. ഒപ്പിട്ടത്‌ അന്ന്‌ വ്യവസായവികസന കോർപറേഷൻ എംഡിയായിരുന്ന മുൻ ചീഫ്‌ സെക്രട്ടറി ജിജി തോംസൺ. ഒപ്പുവച്ച വേളയിൽ പാമൊലിൻ കേസിൽ പ്രതി. കടൽത്തീരത്ത്‌ വിദേശ ഏജൻസികൾ സർവേ നടത്തി. സർവേ ചെലവ്‌ വഹിച്ചത്‌ വിദേശ കമ്പനി.

ഖനനം പ്ലാനിട്ടത്‌ 
ഇങ്ങനെ
കടലിൽനിന്ന്‌ പൂഴിയും ചെളിയും വലിയ ഡ്രഡ്‌ജ്‌റുകൾ ഉപയോഗിച്ച്‌ കോരി കരയിലെത്തിച്ച്‌ ശുദ്ധീകരിച്ച്‌ മറിച്ചുവിൽക്കുക–- -ഇതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. പ്രതിവർഷം 50 ലക്ഷം ടൺ മണൽ ഖനനം ചെയ്യാനായിരുന്നു പദ്ധതി. കടലിൽ ഡ്രഡ്‌ജിങ്ങും പ്ലാന്റും തീരത്ത്‌ ശുദ്ധീകരണശാലകളും സ്ഥാപിക്കും. പ്ലാന്റിന്റെ പ്രവർത്തനത്തിന്‌ വൈദ്യുതിയും വെള്ളവും സർക്കാർ നൽകും. 25 വർഷത്തേക്ക്‌ കടൽ മണൽ ഊറ്റാനായിരുന്നു പദ്ധതി.

തീരം അന്ന്‌ 
അന്യമാകുമായിരുന്നു
കടൽമണൽ കൊള്ള മാത്രമായിരുന്നില്ല പദ്ധതിക്കുപിന്നിൽ ഒളിഞ്ഞിരുന്നത്‌. കേരളത്തിന്റെ കടലും തീരവും കൈമാറൽ. കമ്പനിയിൽ പ്രവാസി മലയാളികൾക്കും പങ്കാളിത്തം. കേന്ദ്രാനുമതി വാങ്ങിയില്ല. വിദേശ ട്രോളറുകൾക്ക്‌ മത്സ്യബന്ധനത്തിനുള്ള അനുമതിയും അന്ന്‌ നിലവിലുണ്ടായിരുന്നു. കടൽമണൽ ഖനനപദ്ധതി നടപ്പായിരുന്നെങ്കിൽ തീരദേശമാകെ കേരളത്തിന്‌ അന്യമാകുമായിരുന്നു.