ഉദുമ: വികസന കോട്ടയിൽ ഭദ്രം ഇടതുമനസ്‌

Saturday Feb 27, 2021
ജയകൃഷ്‌ണൻ നരിക്കുട്ടി

കാസർകോട്‌ > കടലിനും പുഴകൾക്കും കോട്ടകൾക്കും പറയാനുണ്ട്‌ ഈ നാടിനുണ്ടായ കുതിപ്പ്‌. സഞ്ചാരികൾക്ക്‌ പ്രിയപ്പെട്ട ബേക്കൽ കോട്ടയിലേക്കുള്ള കവാടം കണ്ടാലറിയാം ആ മാറ്റം. കെട്ടിടങ്ങളും പാതകളും മാത്രമല്ല നാടിന്റെ മുക്കിലും മൂലയിലും തൊട്ടറിയാം പുതുമ.  ഉപ്പുവെള്ളം കുടിച്ചവർക്ക്‌ ബാവിക്കരയിൽ തടയണ കെട്ടി ശുദ്ധവെള്ളം ലഭ്യമാക്കി.  ഹൈടെക്‌ സ്‌കൂളുകൾ. ചികിത്സക്ക്‌ മികച്ച സർക്കാർ ആശുപത്രികൾ. മാലിന്യം നിറഞ്ഞ പുഴകളിൽ തെളിനീര്‌.  കഴിഞ്ഞ അഞ്ച്‌ വർഷം കെ കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദുമ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾ ഏറ്റുവാങ്ങിയത്‌ ഹൃദയത്തിലാണ്‌. പൊതുമേഖലയിൽ ഉദുമ ടെക്‌സ്‌റ്റെൽ മിൽ, ആയംകടവ് ‌പാലം, ബേക്കൽ ടൂറിസം വികസനം, ടാറ്റ കോവിഡ്‌ ആശുപത്രി, ഉദുമ  ഗവ. കോളേജ്‌,  പെരിയ ഗവ. പോളി കെട്ടിടം, പട്ടികജാതി ഹോസ്‌റ്റലുകൾ എന്നിങ്ങനെ പറഞ്ഞാൽ തീരില്ല. അതിന്റെ ഫലമാണ്‌  ലീഗ്‌ കോട്ടയായ ചെങ്കള ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ എൽഡിഎഫ്‌ നേടിയ അട്ടിമറി വിജയം.

എന്നും ഇടതുപക്ഷത്തോട്‌ ചേർന്നുനിൽക്കുന്ന  മണ്ഡലത്തിൽ എൽഡിഎഫ്‌ വർധിച്ച ആത്മവിശ്വാസത്തോടെയാണ്‌  ജനവിധി തേടാൻ ഒരുങ്ങുന്നത്‌. രൂപംകൊണ്ട 1977 മുതൽ  ഇടതിനൊപ്പം നിന്ന മണ്ഡലം ഒരിക്കൽ മാത്രമാണ്  കൈവിട്ടത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ എൻ കെ ബാലകൃഷ്ണനാണ് വിജയിച്ചത്. 1980ൽ സിപിഐ എമ്മിലെ അഡ്വ. കെ പുരുഷോത്തമനും 1982ൽ എം കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷ സ്വതന്ത്രനായും ജയിച്ചു. 1987ൽ കോൺഗ്രസിലെ കെ പി കുഞ്ഞിക്കണ്ണൻ  നേരിയ വോട്ടിന്‌ കടന്നുകൂടിയത്‌. 1991 ലും 1996 ലും സിപിഐ എമ്മിലെ പി രാഘവൻ ജയിച്ചു. രണ്ടുതവണ (2001, 2006) സിപിഐ എമ്മിലെ കെ വി  കുഞ്ഞിരാമന്നാണ്‌  മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. മണ്ണിനെ അറിയുന്ന കർഷകനായ കെ കുഞ്ഞിരാമനും രണ്ട്‌ തവണ ജനപ്രതിനിധിയായി. കഴിഞ്ഞ തവണ ഉദുമ പിടിക്കാൻ കോൺഗ്രസ്‌ ഇറക്കിയ കെ സുധാകരനെ ജനങ്ങൾ നിലംതൊടീക്കാതെ തിരിയച്ചു.

കാസർകോട്‌ താലൂക്കിലെ ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ, ദേലംപാടി എന്നിവയും ഹൊസ്‌ദുർഗ്‌
താലൂക്കിലെ ഉദുമ, പള്ളിക്കര, പുല്ലൂർ ‐ പെരിയ എന്നിവയുമാണ്‌ മണ്ഡലത്തില  പഞ്ചായത്തുകൾ. ഇതിൽ ആറു പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിനും രണ്ടെണ്ണം  യുഡിഎഫിനുമാണ്. മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകൾ  എൽഡിഎഫ്‌ പിടിച്ചെടുത്തപ്പോൾ യുഡിഎഫിന്റെ കൈയിൽ ചെമ്മനാടും പുല്ലൂർ പെരിയയും മാത്രം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താൻ 8,937 വോട്ട്‌  ഉദുമയിൽ കൂടുതൽ നേടിയെങ്കിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അത്‌ മറികടന്ന്‌ ഭൂരിപക്ഷം 10,678 ആയി വർധിപ്പിച്ചു.

വോട്ട്‌ നില

നിയമസഭ–- 2016
കെ കുഞ്ഞിരാമൻ– 70,679-
(സിപിഐ എം)
കെ സുധാകരൻ–- 66,847
(കോൺഗ്രസ്‌)
കെ ശ്രീകാന്ത്‌ 21,231
(ബിജെപി)
ഭൂരിപക്ഷം 3,832

ലോക്‌സഭ–- 2019
എൽഡിഎഫ്‌ 63,387
യുഡിഎഫ്‌ 72,324
എൻഡിഎ 23,786
ഭൂരിപക്ഷം 8,937

തദ്ദേശം–- 2020
എൽഡിഎഫ്‌ 73,545
യുഡിഎഫ്‌    62,867
ബിജെപി     28,184
ഭൂരിപക്ഷം10,678