മാറ്റത്തിന്‌ കാതോർത്ത്‌ കളമശേരി

Saturday Feb 27, 2021
ആർ ഹേമലത

കളമശേരി> കേരളത്തിന്റെ വ്യവസായമേഖലയായ ആലുവയുടെ ഭാഗമായിരുന്ന കളമശേരി, 2011ലാണ്‌ കളമശേരി എന്ന പേരിൽ പുതിയ നിയോജകമണ്ഡലമായത്‌. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ജില്ലയിലെ ഏറ്റവും കൂടുതൽ വ്യവസായസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലംകൂടിയാണ്‌. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌, ഗവ. ക്യാൻസർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, രാജ്യത്തെതന്നെ അഭിമാനമായ കുസാറ്റ്‌ സർവകലാശാല എന്നിങ്ങനെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ അഭിമാനസ്‌തംഭങ്ങൾ ഇവിടെയാണ്‌.

കളമശേരി മുനിസിപ്പാലിറ്റി, ഏലൂർ നഗരസഭ എന്നിവയും ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശേരി നിയമസഭാമണ്ഡലം. 2011 മുതൽ മുസ്ലിംലീഗിന്റെ വി കെ ഇബ്രാഹിംകുഞ്ഞാണ്  മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്.

2011ൽ 7789 വോട്ടിന് സിപിഐ എമ്മിലെ കെ ചന്ദ്രൻപിള്ളയെയും 2016ൽ 12,118 വോട്ടിന് എ എം യൂസഫിനെയുമാണ് പരാജയപ്പെടുത്തിയത്.
ജനുവരിവരെയുള്ള കണക്കനുസരിച്ച്‌ 1,93,243 ആണ്‌ ആകെ വോട്ടർമാർ. ഇതിൽ 94,196 പുരുഷന്മാരും 99,146 സ്‌ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടും.

തെരഞ്ഞെടുപ്പുവിജയികൾ

2011 വി കെ ഇബ്രാഹിംകുഞ്ഞ്‌ (ഐയുഎംഎൽ)
2016  വി കെ ഇബ്രാഹിംകുഞ്ഞ്‌ (ഐയുഎംഎൽ)