കല്യാശേരി: ചുവന്ന ചരിത്രം ചുവടുവച്ച നാട്‌

Saturday Feb 27, 2021
ജസ്‌ന ജയരാജ്‌

കണ്ണൂർ>കേരള ചരിത്രത്തിലെ ചുവന്ന ഏടുകളിലൊന്നാണ്‌ കല്യാശേരി. കെ പി ആർ ഗോപാലനും മുൻ മുഖ്യമന്ത്രി ഇ കെ നായനാരും ഉൾപ്പടെയുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കൾ പിറന്ന നാട്‌. കേരളത്തിന്റെ വികസനത്തിന്‌ ദിശാബോധം പകർന്ന ‘കല്യാശേരി മോഡൽ’ പ്രശസ്തം. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ നന്മയാണ്‌ ഈ മണ്ഡലം നെഞ്ചേറ്റുന്നത്‌. വലിയ വികസനമുന്നേറ്റത്തിന്റെ തലയെടുപ്പോടെയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌‌ പോകുന്നത്‌.

തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ വിജയം യുഡിഎഫിന് സ്വപ്‌നംകാണാൻപോലും കഴിയാത്തതാണിവിടെ. അഴീക്കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകളും തളിപ്പറമ്പ് മണ്ഡലത്തിലായിരുന്ന പട്ടുവം പഞ്ചായത്തും പയ്യന്നൂർ മണ്ഡലത്തിലായിരുന്ന ചെറുതാഴം, ഏഴോം, കടന്നപ്പള്ളി–-പാണപ്പുഴ, കുഞ്ഞിമംഗലം, മാടായി പഞ്ചായത്തുകളും ചേർത്ത്‌  2011ലാണ്‌ കല്യാശേരി മണ്ഡലം രൂപീകരിച്ചത്. മാടായിയും മാട്ടൂലും ഒഴികെയുള്ളവ എൽഡിഎഫ്‌ ഭരണത്തിൽ. ചെറുതാഴം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളിൽ  പ്രതിപക്ഷമില്ല.

2011–-ൽ  മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ടി വി രാജേഷ്‌ കല്യാശേരിയുടെ
ആദ്യ എംഎൽഎയായത്‌. എതിരാളി കോൺഗ്രസിലെ പി ഇന്ദിര‌. 2016–-ൽ ടി വി രാജേഷിന്‌ ഭൂരിപക്ഷം കൂടി–-42,891. കോൺഗ്രസിലെ അമൃത രാമകൃഷ്‌ണനെയാണ്‌ തോൽപ്പിച്ചത്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ കുതിപ്പുനടത്തി. 32,829 വോട്ടിന്റെ ഭൂരിപക്ഷം.
 
ടി വി രാജേഷിന്റെ നേതൃത്വത്തിൽ പത്തു വർഷം നടപ്പാക്കിയ സർവതലസ്‌പർശിയായ വികസനം എൽഡിഎഫ്‌‌ പ്രചാരണത്തിന്‌ മുതൽക്കൂട്ടാണ്‌‌. കഴിഞ്ഞ അഞ്ച്‌ വർഷത്തിനുള്ളിൽ 1556.32 കോടി രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കിയത്‌. ചികിത്സാരംഗത്ത്‌ ഉത്തര മലബാറിന്റെ അഭിമാനമായ പരിയാരം മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുത്തു. മികവുറ്റ വിദ്യാലയങ്ങളും ആശുപത്രികളുമുണ്ടായി. ക്ഷേത്രകലാ അക്കാദമി, പിലാത്തറ ഇൻഡോർ സ്റ്റേഡിയം, ചൂട്ടാട് ‌ബീച്ച്‌ ടൂറിസം, മലനാട്‌ റിവർ ക്രൂയിസ്‌ ടൂറിസം പദ്ധതികളും നടപ്പായി.



ആകെ വോട്ടർമാർ: 1,81,667
പുരുഷന്മാർ: 82,354
സ്‌ത്രീകൾ: 99,312
ട്രാൻസ്‌ജെൻഡർ: 1
പുതിയ വോട്ടർമാർ-: -4,546

വോട്ടുനില

നിയമസഭ–- 2016
എൽഡിഎഫ്: -83,006
യുഡിഎഫ്‌: 40,115
എൻഡിഎ: -11,036
എൽഡിഎഫ്‌ ഭൂരിപക്ഷം: -42,891
 
ലോക്‌സഭ–-2019
എൽഡിഎഫ്: -73,542
യുഡിഎഫ്‌: -59,848
എൻഡിഎ-: -9,854
എൽഡിഎഫ്‌ ഭൂരിപക്ഷം: -13,694

തദ്ദേശം–- 2020
എൽഡിഎഫ്‌: -81,551
യുഡിഎഫ്‌: -48,722
എൻഡിഎ: -7731
എൽഡിഎഫ്‌ ഭൂരിപക്ഷം: -32,829