പൊന്നാനി: ചുവന്ന പത്തേമാരികളുടെ തീരം

Saturday Feb 27, 2021
സ്വന്തം ലേഖകൻ

പൊന്നാനി> കടലും കായലും പുഴയും വയലും കോൾപ്പാടവും നിറഞ്ഞ  ഭൂപ്രദേശമാണ് പൊന്നാനി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉമർ ഖാസിയുടെയും സൈനുദ്ദീൻ മഖ്ദൂമിന്റെയും നാട്. പ്രായോഗിക രാഷ്ടീയത്തിലൂടെ വികസന വിപ്ലവം സൃഷ്ടിച്ച ഇ കെ ഇമ്പിച്ചിബാവയുടെയും കൊളാടി ഗോവിന്ദൻകുട്ടിയുടെയും സ്വാതന്ത്ര്യസമര സേനാനി ഇ മൊയ്തു മൗലവിയുടെയും ദേശം‌. പൊന്നാനിയുടെ വസന്തങ്ങളായ ഇടശ്ശേരി, ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ, എം ഗോവിന്ദൻ, പത്മിനി, എം ടി,  സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി മഹാരഥൻമാരുടെ സാഹിത്യ സാംസ്കാരിക പെരുമ. ‘തിണ്ടീസ്’ എന്ന പേരിലറിയപ്പെട്ടിരുന്ന അറബിക്കടലിന്റെ കാറ്റേറ്റ് ഉറങ്ങുന്ന പുരാതന വാണിജ്യ തുറമുഖ നഗരത്തിന് പറയാൻ ചരിത്രമേറെയുണ്ട്.

പൊന്നാനി നഗരസഭ, ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പൊന്നാനി നിയമസഭാമണ്ഡലം. തെരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികളെയും മാറിമാറി വിജയിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ മൂന്നുതവണയും ഇടതുപക്ഷത്തെയാണ് പൊന്നാനി ഹൃദയത്തിലേറ്റിയത്. 2001ൽ കൈവിട്ട മണ്ഡലം 2006ൽ പാലോളി മുഹമ്മദ്‌കുട്ടിയിലൂടെ എൽഡിഎഫ്‌ തിരിച്ചുപിടിച്ചു. 2011, 2016 വർഷങ്ങളിൽ പി ശ്രീരാമകൃഷ്ണൻ മണ്ഡലം നിലനിർത്തി. 2011ൽ 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചതെങ്കിൽ 2016ൽ ഭൂരിപക്ഷം 15,640 ആയി വർധിച്ചു. കോൺഗ്രസിലെ പി ടി അജയമോഹൻ ആയിരുന്നു രണ്ടുതവണയും എതിരാളി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പൊന്നാനി ചുവന്നു. ആലങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. വെളിയങ്കോട് പഞ്ചായത്തിൽമാത്രമാണ് നറുക്കെടുപ്പിലൂടെ യുഡിഎഫ്‌ ഭരണത്തിലെത്തിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 9739 വോട്ടിന്റെ ലീഡ് യുഡിഎഫിന് ലഭിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 13,748 വോട്ടിന്റെ ലീഡിലേക്കെത്തി.

നാടിന്റെ മനസ്സറിഞ്ഞ വികസനമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പൊന്നാനിയിൽ നടപ്പാക്കിയത്. ആരോഗ്യ,
വിദ്യാഭ്യാസ മേഖലയിലും പശ്ചാത്തല വികസനത്തിലും വലിയ മുന്നേറ്റം. 75 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാക്കി. മത്സ്യതൊഴിലാളികൾക്കുള്ള ഫ്ലാറ്റ് നിർമാണം അന്തിമഘട്ടത്തിലാണ്, കർമ പാലം, ആനപ്പടി പാലം, ഒളമ്പക്കടവ് പാലം, ഹൗറ മോഡൽ തൂക്കുപാലം, നിള ഹെറിറ്റേജ് മ്യൂസിയം തുടങ്ങി 900 കോടിയുടെ പദ്ധതികളാണ്  പുരോഗമിക്കുന്നത്.

 പ്രതിനിധീകരിച്ചവർ ഇതുവരെ
 
–-1957: -കെ കുഞ്ഞമ്പു (കോൺഗ്രസ്‌), കുഞ്ഞൻ ഇളിയത്ത്‌ തറയിൽ (സിപിഐ)
–-1960: - ചെറുകോയ തങ്ങൾ (മുസ്ലിംലീഗ്), കെ കുഞ്ഞമ്പു (കോൺഗ്രസ്‌)
–-1965: - കെ ജി കരുണാകര മേനോൻ (കോൺഗ്രസ്)
–-1967: - വി പി സി തങ്ങൾ (മുസ്ലിംലീഗ്)
–-1970:  ഹാജി എം വി ഹൈദ്രോസ് (സ്വതന്ത്രൻ)
–-1977:  -എം പി ഗംഗാധരൻ (കോൺഗ്രസ്‌)
–-1980: - കെ ശ്രീധരൻ (സിപിഐ എം)
–-1982:  എം പി ഗംഗാധരൻ (കോൺഗ്രസ്‌)
–-1987-:  പി ടി മോഹനകൃഷ്ണൻ
–-1991: - ഇ കെ ഇമ്പിച്ചിബാവ (സിപിഐ എം)
–-1996-:  പാലോളി മുഹമ്മദ്കുട്ടി (സിപിഐ എം)
–-2001:  എം പി ഗംഗാധരൻ (കോൺഗ്രസ്‌)
–-2006:- പാലോളി മുഹമ്മദ്കുട്ടി (സിപിഐ എം)
–-2011:  -പി ശ്രീരാമകൃഷ്ണൻ (സിപിഐ എം)

2016 നിയമസഭ


പി ശ്രീരാമകൃഷ്​ണൻ (സിപിഐ എം) –-69,332
പി ടി അജയ് മോഹൻ (കോൺഗ്രസ്‌)–- 53,692
കെ കെ സുരേന്ദ്രൻ (ബിജെപി) –-11,662
എം എം ഷാക്കിർ (വെൽഫെയർ പാർടി) –-2048
എം മൊയ്തുണ്ണി ഹാജി (പിഡിപി)–- 1857
അബ്ദുൾ ഫത്താഹ് (എസ്ഡിപിഐ)–- 1659
ഭൂരിപക്ഷം: 15,640

തദ്ദേശ തെരഞ്ഞെടുപ്പ്‌ 2020

പൊന്നാനി നഗരസഭ, മാറഞ്ചേരി, നന്നംമുക്ക്, ആലങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ (എൽഡിഎഫ്‌). വെളിയങ്കോട് (യുഡിഎഫ്‌).