ഞങ്ങൾ തയ്യാർ; നിങ്ങൾ റെഡിയാ

‘ഊഴൽ ആച്ചി അകറ്റ നാങ്ക റെഡി, നീങ്ക റെഡിയാ’

Friday Feb 26, 2021
ഇ എൻ അജയകുമാർ


ചെന്നൈ
തമിഴകത്തെ മതേതരമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എം കെ സ്‌റ്റാലിന്റെ നിയോജകമണ്ഡലം പര്യടനം അഞ്ചാംഘട്ടം പിന്നിടുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനം വരുന്നത്‌.  തമിഴരുടെ ചങ്കിൽ കൊള്ളുന്നൊരു ചോദ്യമുയർത്തിയാണ്‌ സ്‌റ്റാലിന്റെ പര്യടനം. ‘ഊഴൽ ആച്ചി അകറ്റ നാങ്ക റെഡി, നീങ്ക റെഡിയാ’ (അഴിമതി ഭരണത്തെ തൂത്തെറിയാർ ഞങ്ങൾ തയ്യാർ, നിങ്ങൾ തയ്യാറാണോ) എന്നാണാ ചോദ്യം. തമിഴ്‌നാട്ടിൽ ഇപ്പോൾ മുഴങ്ങുന്നതും ആ ചോദ്യത്തിന്റെ അലയൊലികൾ.

ജയയില്ല, കരുണാനിധിയും
ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണിത്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പും അങ്ങനെയായിരുന്നു. അതിൽ ഡിഎംകെ നയിക്കുന്ന മതേതര മുന്നണി 39 സീറ്റിൽ 38ഉം നേടി;  52.39 ശതമാനം വോട്ടും‌ നേടി‌. എഐഡിഎംകെ മുന്നണിക്ക്‌ 31.26 ശതമാനം വോട്ടുമാത്രമാണ്‌ ലഭിച്ചത്‌. 

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ പോകുമ്പോൾ ‌ ഭരണകക്ഷിയായ എഐഎഡിഎംകെ മൂന്ന്‌ ഗ്രൂപ്പുകളായി. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം, ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികല നേതൃത്വം നൽകുന്ന അമ്മാ മക്കൾ മുന്നേറ്റകഴകം എന്നിവയാണിത്‌.  ഭരണകക്ഷിയിലെ എപിഎസ്‌, ഒപിഎസ്‌ വിഭാഗങ്ങൾ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഭീഷണിക്ക്‌ വഴങ്ങി ഭരിക്കുന്ന അവസ്ഥ തമിഴ്‌ ജനത കാണാൻ തുടങ്ങിയിട്ട്‌ നാളേറെയായി.

മടങ്ങിയ രജനി
സൂപ്പർ സ്‌റ്റാർ രജനീകാന്ത്‌ ഫെബ്രുവരിയിൽ സ്വന്തം പാർടി പ്രഖ്യാപിക്കുമെന്ന്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപി നേതൃത്വത്തിന്റെ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍ പിന്നീട് പിന്മാറി.  രജനീകാന്തിനെ രാഷ്‌ട്രീയത്തിലിറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമിഴ്‌നാട്ടിലെത്തി. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല. കമൽഹാസന്റെ മക്കൾ നീതി മന്ററവും ഇത്തവണ ഗോദയിലുണ്ട്‌. സ്ഥാനാർഥിയായി രംഗത്തുണ്ടെന്ന്‌ കമൽഹാസൻ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

2016ൽ ആകെയുള്ള 234 സീറ്റിൽ 136 സീറ്റും 40.88 ശതമാനം വോട്ടും എഐഎഡിഎംകെ മുന്നണി നേടി. 89 സീറ്റും 31 ശതമാനം വോട്ടും ഡിഎംകെ മുന്നണിയും നേടി. ആ തെരഞ്ഞെടുപ്പിൽ നടൻ വിജയകാന്തിന്റെ ദേശീയ മുർപോക്ക്‌ ദ്രാവിഡ കഴകം ജനകീയ മുന്നണിയിലായിരുന്നു. സിപിഐ എം, സിപിഐ,  വിടുതലൈ സിറുന്തൈകൾ, വൈക്കോയുടെ എംഡിഎംകെ എന്നിവയും ജനകീയ മുന്നണിയിലുണ്ടായരുന്നു. തെരഞ്ഞെടുപ്പിനുശേഷം മുന്നണി ഇല്ലാതായി. ഡിഎംകെ നേതൃത്വത്തിൽ മതേതര മുന്നണി രൂപീകരിച്ചതോടെ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, വിസികെ, എംഡിഎംകെ, മുസ്ലിംലീഗ്‌, ഇന്ത്യൻ ജനാധിപത്യ പാർടി, കൊങ്കുനാട്‌ മക്കൾ കക്ഷി എന്നിവയെല്ലാം അതില്‍ അണിചേർന്നു. ഈ മുന്നണിയാണ്‌ ലോകസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം കാഴ്‌ചവച്ചത്‌. മതേതര മുന്നണിയിൽ നിയമസഭാ സീറ്റ്‌ ചർച്ചയുടെ ആദ്യഘട്ടം തുടങ്ങി. പുതുച്ചേരിയിൽ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്‌ ഡിഎംകെ നേതൃത്വത്തെ ചിന്തിപ്പിച്ചിട്ടുണ്ട്‌. കോൺഗ്രസിന്‌ നൽകുന്ന സീറ്റ്‌ ബിജെപിക്കാവുമോ എന്നതാണ്‌ ചിന്ത.