തിരിച്ചുവരാന്‍ ഇടതുപക്ഷം ; വംഗനാട്ടിൽ ത്രികോണമത്സരം

Friday Feb 26, 2021
ഗോപി


കൊൽക്കത്ത
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമാക്കിയ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം സംസ്ഥാനത്തെ തകർന്ന ക്രമസമാധാനനിലയുടെ വെളിപ്പെടുത്തൽ. ഇത്രയധികം ഘട്ടമായി വോട്ടെടുപ്പ് ബം​ഗാളിൽ ആദ്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പേ കേന്ദ്രസേനയെ ഇറക്കിയതും അക്രമസ്ഥിതി കണക്കിലെടുത്ത്. ഇതാദ്യമായി രണ്ട് പ്രത്യേക പൊലീസ് നിരീക്ഷകരെയും ബം​ഗാളിൽ നിയോ​ഗിച്ചു. ഇടതുമുന്നണി അടക്കം പ്രതിപക്ഷം തീരുമാനത്തെ സ്വാ​ഗതം ചെയ്തപ്പോൾ തൃണമൂൽ കോൺഗ്രസ്‌ എതിർപ്പുമായി രം​ഗത്തെത്തി. 294 സീറ്റിൽ മാർച്ച് 27മുതൽ ഏപ്രിൽ 29വരെയാണ് വോട്ടെടുപ്പ്.

മമത ബാനർജി അധികാരത്തിൽ വന്നശേഷം എല്ലാ തെരഞ്ഞെടുപ്പിലും വൻ അക്രമം അരങ്ങേറി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമസംഭവങ്ങളിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് ഉയർന്ന പരാതികളാണ് എട്ടു ഘട്ടമായ് വോട്ടെടുപ്പ് നടത്താൻ കമീഷനെ പ്രേരിപ്പിച്ചത്.

തൃണമൂലും ബിജെപിയും തമ്മിലാകും പ്രധാന  പോരാട്ടമെന്ന് മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോൾ ത്രികോണമത്സരത്തിണാണ്‌ ബംഗാൾ ഒരുങ്ങുന്നതെന്ന സൂചനയാണ്‌ പ്രകടമാവുന്നത്‌. മതന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ വിഭാഗം തൃണമൂലിൽ നിന്നകന്ന്‌ ഇടത്‌‌ മതേതര ചേരിക്കൊപ്പം അണിനിരക്കുകയാണ്‌. ശക്തമായ തിരിച്ചുവരവിനുള്ള പ്രവർത്തനമാണ് ഇടതുമുന്നണിയും മറ്റ് ജനാധിപത്യ മതേതര കക്ഷികളും നടത്തുന്നത്.

തൃണമൂലിനെയും ബിജെപിയെയും ഒറ്റപ്പെടുത്തി ബംഗാളിനെ രക്ഷിക്കുക എന്ന ആഹ്വാനമാണ് ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്നത്. ഒപ്പമുള്ള കക്ഷികളുമായി ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഏതാണ്ട് പൂർത്തിയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഞായറാഴ്ച വൻ റാലി നടക്കും. ഇതിന്റെ സന്ദേശവുമായി നടത്തിയ പ്രകടനങ്ങളിൽ വൻ ജനപങ്കാളിത്തമുണ്ടായി.

ബിജെപിയായി 
മെലിഞ്ഞ് തൃണമൂൽ

2016ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ആകെ 294 സീറ്റിൽ 211 നേടിയാണ് തൃണമൂൽ അധികാരമേറ്റത്. ഇടതുമുന്നണിക്ക്‌ 34 സീറ്റ്. ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസിന് 44 സീറ്റ്. ബിജെപിക്ക് മൂന്ന്. ഗൂർഖാ ജനമുക്തി മോർച്ച മൂന്നിടത്തും ഇടത് സ്വതന്ത്രൻ ഒരിടത്തും ജയിച്ചു. തെരഞ്ഞെടുപ്പിനുശേഷം തൃണമൂലിൽനിന്ന് എംഎൽഎമാരടക്കം ബിജെപിയിലേക്ക് കൂറുമാറി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആകെ 42 സീറ്റിൽ 18 സീറ്റുനേടി. ഇതോടെ തൃണമൂലിൽനിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടി. മമതയുടെ വലംകൈ എന്നറിയപ്പെട്ട സുഖേന്ദു അധികാരി ഉൾപ്പെടെ മൂന്ന് മന്ത്രിമാരും നിരവധി നേതാക്കളും കാലുമാറി.