പെരിന്തൽമണ്ണ: വള്ളുവനാടിന്റെ ഹൃദയം

Friday Feb 26, 2021

മലപ്പുറം > കുന്തിപ്പുഴയും പശ്ചിമഘട്ടത്തിലെ അമ്മിനിക്കാട്‌ മലനിരകളും അതിരിടുന്ന മണ്ഡലമാണ്‌ പെരിന്തൽമണ്ണ. പാലക്കാട്‌ ജില്ലയോട്‌ ചേർന്നുകിടക്കുന്ന കാർഷിക മേഖല. പഴയ വള്ളുവനാടിന്റെ ആസ്ഥാനം. കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ ജന്മനാട്‌. പുരോഗമന കേരളത്തിന്‌ ചിന്തയുടെ വെളിച്ചംപകർന്ന ചെറുകാട്‌, ആർ രാഘവ പിഷാരടി, സി രാമൻകുട്ടി, ടി പി ഗോപാലൻ എന്നീ പ്രമുഖരുടെ ദേശം‌. ഇടതുപക്ഷത്തിന്‌ ശക്തമായ വേരോട്ടമുള്ള മണ്ണ്‌.

പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ നഗരസഭയും ആലിപ്പറമ്പ്‌, പുലാമന്തോൾ, ഏലംകുളം, താഴെക്കോട്‌, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളും ചേർന്നതാണ്‌ മണ്ഡലം. 1957–-ലെ പൊതുതെരഞ്ഞെടുപ്പുമുതൽ പെരിന്തൽമണ്ണ മണ്ഡലം നിലവിലുണ്ട്‌. ആദ്യ തെരഞ്ഞെടുപ്പുകളിൽ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട്‌, ശ്രീകൃഷ്ണപുരം പ്രദേശങ്ങൾ ഭാഗമായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തോടെ മണ്ഡലം പുനഃസംഘടിപ്പിച്ചു.

മാറിയും മറിഞ്ഞും ഇടതുപക്ഷത്തെ നെഞ്ചോടുചേർത്തവരാണ്‌ പെരിന്തൽമണ്ണക്കാർ. ഇതുവരെയുള്ള 14 തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ്‌ നേതാക്കളായ പി ഗോവിന്ദൻ നമ്പ്യാർ, ഇ പി ഗോപാലൻ, പാലോളി മുഹമ്മദ്‌കുട്ടി, വി ശശികുമാർ, മുസ്ലിംലീഗിലെ കെ കെ എസ്‌ തങ്ങൾ, നാലകത്ത്‌ സൂപ്പി, മഞ്ഞളാംകുഴി അലി എന്നിവരെ നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തു.

1970 മുതൽ 2001 വരെ തുടർച്ചയായി യുഡിഎഫിനെ തുണച്ച മണ്ഡലത്തിൽ വി ശശികുമാറിലൂടെ 2006–-ൽ ഇടതുപക്ഷം വിജയക്കൊടി പാറിച്ചു. മുസ്ലിംലീഗിലെ പി അബ്ദുൾ ഹമീദിനെ 14,003 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. 2011, 2016 വർഷങ്ങളിൽ വീണ്ടും യുഡിഎഫ്‌ വിജയിച്ചു. കഴിഞ്ഞതവണ ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ്‌  (579) മണ്ഡലം കൈവിട്ടത്‌.

നിയമസഭ–-ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പംനിന്ന മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ഇടതുപക്ഷത്തിനായി. പെരിന്തൽമണ്ണ നഗരസഭയിലും മൂന്ന്‌ പഞ്ചായത്തിലും എൽഡിഎഫ്‌ ഭരണമാണ്‌. വർഷങ്ങളായി യുഡിഎഫ്‌ ഭരിക്കുന്ന താഴെക്കോട്‌ പഞ്ചായത്ത്‌ പിടിച്ചെടുത്തു. മൂന്ന്‌ പഞ്ചായത്തുകളിൽ യുഡിഎഫ്‌ ഭരണം‌. ഏലംകുളം പഞ്ചായത്ത്‌ വെൽഫെയർ പാർടി പിന്തുണയിൽ നറുക്കെടുപ്പിലാണ്‌ യുഡിഎഫ്‌ നേടിയത്‌.

2016 -‐ --ലെ വോട്ടുനില

മഞ്ഞളാംകുഴി അലി (മുസ്ലിംലീഗ്‌): 70,990
വി ശശികുമാർ (സിപിഐ എം): 70,411
അഡ്വ. എം കെ സുനിൽ: 5917

തദ്ദേശ തെരഞ്ഞെടുപ്പ്‌ 2020

പെരിന്തൽമണ്ണ നഗരസഭ, പുലാമന്തോൾ, താഴെക്കോട്‌, മേലാറ്റൂർ പഞ്ചായത്തുകൾ (എൽഡിഎഫ്‌), ആലിപ്പറമ്പ്‌, ഏലംകുളം, വെട്ടത്തൂർ (യുഡിഎഫ്‌).

ജനപ്രതിനിധികൾ

1957:  പി ഗോവിന്ദൻ നമ്പ്യാർ (സിപിഐ)
1960:  ഇ പി ഗോപാലൻ (സിപിഐ)
1967: പാലോളി മുഹമ്മദ്‌കുട്ടി (സിപിഐ എം)
1970:  കെ കെ എസ്‌ തങ്ങൾ (മുസ്ലിംലീഗ്‌)
1977:  കെ കെ എസ്‌ തങ്ങൾ (മുസ്ലിംലീഗ്‌)
1980:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
1982:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
1987:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
1991:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
1996:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
2001:  നാലകത്ത്‌ സൂപ്പി (മുസ്ലിംലീഗ്‌)
2006:  വി ശശികുമാർ (സിപിഐ എം)
2011:  മഞ്ഞളാംകുഴി അലി (മുസ്ലിംലീഗ്‌)
2016: മഞ്ഞളാംകുഴി അലി (മുസ്ലിംലീഗ്‌)