കർഷകരുടെ മണ്ണ്‌; വ്യവസായത്തിന്റെയും

Friday Feb 26, 2021
അമൽ ഷൈജു



കുന്നത്തുനാട്‌
കൃഷിക്കും വ്യവസായത്തിനും ഒരുപോലെ വേരോട്ടമുള്ള മണ്ണാണ്‌ കുന്നത്തുനാട്ടിലേത്‌. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽമുതൽ കാർഷികമേഖലയുടെ അടിത്തറ ഊട്ടിയുറപ്പിക്കുന്ന കർഷക ജനവിഭാഗങ്ങളുടെ നാട്‌.

ജില്ലയിലെ ഒരേയൊരു സംവരണമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്–--പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കെൽ, റബർ പാർക്ക്‌, കിൻഫ്ര ഉൾപ്പെടെയുള്ള വ്യാവസായിക പൊതുമേഖലാ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌.

1965ൽ രൂപീകൃതമായ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തുണച്ചിട്ടുണ്ട്‌. കാർഷികപ്രശ്നങ്ങളും അടിസ്ഥാന വികസനരംഗത്തും കാതലായ മാറ്റം രുചിച്ചറിഞ്ഞവരാണ്‌ കുന്നത്തുനാട്ടുകാർ. ഏറ്റവും ഒടുവിലായി ബിപിസിഎൽ സ്വകാര്യവൽക്കരണം കുന്നത്തുനാടിന്റെ രാഷ്ട്രീയത്തിലും വലിയ ചർച്ചയാണ്‌. നാലു പഞ്ചായത്തുകളിൽ ജയിച്ച  ട്വന്റി ട്വന്റിയും ഈ മണ്ഡലത്തിലാണ്‌. ചിലയിടങ്ങളിൽ കാണാമെങ്കിലും ബിജെപിക്ക്‌ വേണ്ടത്ര വേരോട്ടമില്ലാത്ത മണ്ഡലമാണ്‌. 89,566 പുരുഷവോട്ടർമാരും 92,335 സ്‌ത്രീവോട്ടർമാരും ഉൾപ്പെടെ 1,81,901 വോട്ടർമാർ മണ്ഡലത്തിലുണ്ട്‌.

സംവരണമണ്ഡലമായിരുന്ന കുന്നത്തുനാട്ടിൽ 1965ൽ കോൺഗ്രസിലെ കെ കെ മാധവനാണ്‌ ആദ്യമായി വിജയിച്ചത്‌. സിപിഐ എമ്മിലെ എം കെ കൃഷ്ണൻ ജയിലിൽ കിടന്നാണ്‌ മത്സരിച്ചത്‌. അടുത്ത തെരഞ്ഞെടുപ്പിൽ പക്ഷേ ജയം എം കെ കൃഷ്ണനായിരുന്നു. അദ്ദേഹം വനംമന്ത്രിയുമായി. 1970ൽ ടി എ പരമനിലൂടെ കോൺഗ്രസ് വിജയിച്ചു. 1977ൽ ജനറൽ സീറ്റായപ്പോൾ സിപിഐ എമ്മിലെ പി പി എസ്തോസ് വിജയക്കൊടിനാട്ടി. അടുത്ത തെരഞ്ഞെടുപ്പിലും എസ്‌തോസ്‌ വിജയം ആവർത്തിച്ചു. പി പി തങ്കച്ചനെയാണ്‌ അദ്ദേഹം തോൽപ്പിച്ചത്‌. തുടർന്ന്‌ മൂന്നുവട്ടം ടി എച്ച് മുസ്തഫയുടെ ഊഴമായിരുന്നു. 1991ൽ അദ്ദേഹം മന്ത്രിയുമായി. എന്നാൽ, 1996ൽ സിപിഐ എമ്മിലെ എം പി വർഗീസ്, മുസ്തഫയെ തോൽപ്പിച്ച്‌ മണ്ഡലം തിരിച്ചുപിടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പക്ഷേ മുസ്തഫ വീണ്ടും ജയിച്ചുകയറി. 2006ൽ എം എം മോനായിയിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു. 2011ൽ വീണ്ടും സംവരണമണ്ഡലമായി. യുഡിഎഫിലെ വി പി സജീന്ദ്രനായിരുന്നു അത്തവണ വിജയം. 2016ലും സജീന്ദ്രനിലൂടെ യുഡിഎഫ്‌ വിജയം ആവർത്തിച്ചു. പക്ഷേ, ഭൂരിപക്ഷം 8372ൽനിന്ന്‌ 2679ലേക്കു‌ കൂപ്പുകുത്തി.

തെരഞ്ഞെടുപ്പുകൾ, വിജയികൾ:
1965–- കെ കെ മാധവൻ (കോൺഗ്രസ്‌). 1967–- എം കെ കൃഷ്ണൻ (സിപിഐ എം). 1970–- ടി എ പരമൻ (കോൺഗ്രസ്). 1977–- പി പി എസ്തോസ് (സിപിഐ എം). 1980– -പി പി എസ്തോസ് (സിപിഐ എം). 1982–- ടി എച്ച് മുസ്തഫ (കോൺഗ്രസ്‌), 1987–- ടി എച്ച് മുസ്തഫ (കോൺഗ്രസ്‌), 1991– -ടി എച്ച് മുസ്തഫ (കോൺഗ്രസ്‌), 1996–- എം പി വർഗീസ് (സിപിഐ എം). 2001–- ടി എച്ച് മുസ്തഫ (കോൺഗ്രസ്‌). 2006–- എം എം മോനായി (സിപിഐ എം). 2011–- വി പി സജീന്ദ്രൻ (കോൺഗ്രസ്‌), 2016– -വി പി സജീന്ദ്രൻ (കോൺഗ്രസ്‌).