ബിജെപിയുടെ 40 സീറ്റ്‌: നെഞ്ച്‌ പുകഞ്ഞ്‌ 
യുഡിഎഫ്‌

Thursday Feb 25, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
ബിജെപിയെ നോവിക്കാതെ, കടലിൽ മുങ്ങിനിവർന്ന്‌ രാഹുൽ ഗാന്ധി മടങ്ങിയെങ്കിലും യുഡിഎഫിന്റെ ‌ നെഞ്ചുപുകച്ചിൽ മാറിയിട്ടില്ല. സീറ്റ്‌ പങ്കിടൽ ചർച്ച അനിശ്ചിതമായി നീളുന്നതിനിടെ പുറത്തുവന്ന കെ സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും തുറന്നുപറച്ചിലാണ്‌ യുഡിഎഫ്‌ നേതാക്കളുടെ ചങ്കിൽ തീയാകുന്നത്‌.  40 സീറ്റ്‌ കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന്‌ കെ സുരേന്ദ്രൻ അവകാശവാദം മുഴക്കിയപ്പോൾ ഒരു പടികൂടി കടന്ന്‌ ലീഗിനോട്‌ തൊട്ടുകൂടായ്‌മയില്ലെന്നായി ശോഭ സുരേന്ദ്രൻ.

സുരേന്ദ്രന്റെയും ശോഭയുടെയും വാക്കുകളിലൂടെ ബിജെപി കേന്ദ്ര നേതൃത്വം ഉന്നമിടുന്നത്‌ ആരെ? ഈ ചോദ്യം യുഡിഎഫിനെ തീപിടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്‌. രാഹുലിനെ മുന്നിൽ നിർത്തി പ്രതിരോധം തീർത്താലും വിള്ളൽ വീഴുമെന്ന ആകുലത കോൺഗ്രസ്‌ നേതാക്കൾക്ക്‌ തന്നെയുണ്ട്‌.  നിർണായക ഘട്ടത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ വരെ നമ്പാനാകില്ലെന്നാണ്‌ അവരുടെ മനോഗതം.

കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല, കോൺഗ്രസിലെ ഒരു വിഭാഗത്തെയും തങ്ങളിലേക്ക്‌ വലിച്ചടുപ്പിക്കാൻ ബിജെപിക്ക്‌ അനായാസം കഴിയും. പുതുച്ചേരിയിൽ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ പോയിട്ടും അരുതേയെന്ന്‌ പറയാൻ രാഹുലിന്‌ പോലുമായില്ല. പിന്നെയുള്ളത്‌ പിജെ ജോസഫിന്റെ കേരള കോൺഗ്രസും ആർഎസ്‌പിയുമാണ്‌. ഈ കക്ഷികളെ കോൺഗ്രസ്‌ നേതൃത്വം പൂർണമായി വിശ്വാസത്തിലെടുത്തിട്ടുമില്ല. 


 

കോൺഗ്രസും മുസ്ലിംലീഗും പരസ്‌പരം നെറ്റിചുളിക്കുമ്പോഴും യുഡിഎഫിലെ ചെറുകക്ഷികളുടെ അമ്പരപ്പ്‌ നിസ്സാരമല്ല. കോൺഗ്രസിനെയും മുസ്ലിംലീഗിനെയും ഒന്നിച്ചു പിളർത്താനുള്ള തിരക്കഥയാണോ ബിജെപിയുടേതെന്നാണ്‌ അവരുടെ ആശങ്ക. രാഹുലിനെ മുന്നിൽ നിർത്തിയാലും ബിജെപിയിലേക്കുള്ള കോൺഗ്രസുകാരുടെ കുത്തൊഴുക്ക്‌ തടഞ്ഞുനിർത്താൻ ആകില്ലെന്ന്‌ തീർച്ചയാണ്‌. രാഹുൽ ഗാന്ധി നേരിട്ട്‌ കരുക്കൾ നീക്കിയിട്ടും മധ്യപ്രദേശിലും പോണ്ടിച്ചേരിയിലും ഫലം കണ്ടില്ല. തമിഴ്‌നാടിൽ സീറ്റ്‌ വിഭജനത്തിൽ കോൺഗ്രസിനോടുള്ള ഡിഎംകെ നിലപാടും സുപ്രധാനമാണ്‌. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും കഴിഞ്ഞ തവണത്തെ വിഹിതത്തിന്‌ അടുത്തെങ്ങും നൽകാൻ ഡിഎംകെ ഒരുക്കമല്ല. കോൺഗ്രസിൽനിന്ന്‌ ജയിക്കുന്നവർ ബിജെപിയിലേക്ക്‌ പോകാൻ മടിക്കി്ല്ലെന്ന്‌ പോണ്ടിച്ചേരിയിലെ അനുഭവം മുൻനിർത്തി ഡിഎംകെ വിലയിരുത്തുന്നു.

സീറ്റ്‌ വിഭജനം 
തർക്കത്തിൽ

യുഡിഎഫിലെ സീറ്റ്‌ വിഭജനത്തിലെ തർക്കം ഇപ്പോഴും തുടരുകയാണ്‌. അധികം സീറ്റ്‌ അവകാശത്തിൽ മുസ്ലിംലീഗിന്‌ വഴങ്ങാൻ ഒരുക്കമാണെങ്കിലും പിജെ ജോസഫിനോട്‌ കടുംപിടിത്തം തുടരുന്നു. മാണി സി കാപ്പൻ, പിസി ജോർജ്‌ എന്നിവരുടെ കാര്യത്തിലും അനിശ്ചിതത്വമാണ്‌.  ബിജെപിയുമായി അടുക്കാൻ പിസി ജോർജും കാപ്പനും തയ്യാറെടുക്കുന്നതായും കോൺഗ്രസ്‌ സംശയിക്കുന്നു.