മ്യാമൻമാരോട്‌ 
ഒന്നും തോന്നല്ലേ...

Thursday Feb 25, 2021

‘ആശങ്കയിലൊരു ശങ്ക’ യിലാണ്‌ ചില മാധ്യമങ്ങൾ‌. കാരണം, ഇങ്ങിനൊരു തെരഞ്ഞെടുപ്പുകാലം നടാടെ !
ഉംം ?

അല്ല, നാട്ടിൽ പല യുഡിഎഫുകാരും പറയുന്നു; ‘ ഈ സർക്കാർ തുടരട്ടെ ’.  കുരുപൊട്ടാൻ വേറെ വല്ലതും വേണോ.  
പഴയ ഉമ്മൻചാണ്ടി  ‘ഭരണം’‌  ഓർമപ്പെടുത്തിയാൽ ജനം നേരിട്ട്‌ ‘ട്രോളും’. അപ്പൊ പണി പലവഴിക്കായി. ‘സ്‌പ്രിങ്ക്‌‌ളർ’ , സ്വർണം, ഡോളർ, ഇ മൊബിലിറ്റി, ഊരാളുങ്കൽ ...   ‘അപസർപ്പക’ കഥകളായി. ഇതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ വന്നു, ജനത്തിന്‌ സംശയമേ ഉണ്ടായില്ല. പക്ഷേ, തമാശക്കാരനായ പ്രതിപക്ഷനേതാവിനോ ഈ ചില മാധ്യമ മാമന്മാർക്കോ സംഗതി തിരിഞ്ഞിട്ടില്ല. ധാരണപത്രം, ഇഎംസിസി , കടൽക്കൊള്ള എന്നൊക്കെ പറഞ്ഞ്‌ വീണ്ടും പൊട്ടാസുകൾ. റാങ്ക്‌ നാടകവും ബൂമറാങ്ങാകുമെന്ന്‌ കണ്ട്‌ കണ്ണ്‌ തള്ളി നിൽക്കുമ്പോഴാണ്‌ അതാ വരുന്നു: ‘ട്രാക്ടർ... അല്ല ഫാക്ടർ.’’  തൂലികയും ക്യാമറയുമായി പിന്നാലെ കൂടി. മാമനോടൊന്നും തോന്നല്ലേ മക്കളേ... വേറൊരു വഴിയും...

‘ ഏതായാലും നടി വെള്ളത്തിൽ ചാടുകയല്ലേ, ക്യാമറയും ചാടട്ടേ ’ എന്ന്‌  ശ്രീനിവാസൻ പറഞ്ഞ പോലെ ചാടി. പ്രകടന പത്രിക തയ്യാറാക്കാൻ കടലിൽ ചാടിയ ഏക നേതാവാകും  രാഹുൽ !  ഇനിയാണ്‌ ലേഖകന്റെ വക തള്ള്‌: ‘ കൊല്ലം വാടി കടപ്പുറത്ത്‌ ‘രഹസ്യമായി’ എത്തിയ രാഹുൽ ഗാന്ധി ആകെമൊത്തം ഞെട്ടിച്ചൂ’ ന്ന്‌. സകല ചാനലും ലൈവ്‌ ! പിന്നെ, ആ സ്വന്തം  യുട്യൂബ്‌ ഫുഡ്‌ ചാനലും‌ ‘ രഹസ്യ’ മായി പ്രത്യക്ഷപ്പെട്ടു. ചപ്പൽ‌, ടീഷർട്ട്‌, കടലിൽ ചാട്ടം... ആകെ ജഗപൊക. അവസാനം ഒരു വരികൂടി ചേർത്തൂ‌ട്ടോളി... ‘ രാഹുൽ ഫാക്ടർ’ കേരളത്തിനെ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരും.’  
 ‘ ഇപ്പോ മനസ്സിലായോ ’ എന്നൊരു ഇമോജീം കൂടെ കെടന്നോട്ടെ. മാമനോട്‌ ഒന്നും തോന്നല്ലേ...