കൊയിലാണ്ടി: ചരിത്രതീരമുണരുന്നു

Thursday Feb 25, 2021

കോഴിക്കോട്‌> ചരിത്രമുറങ്ങുന്ന തീരമാണ്‌ കൊയിലാണ്ടി. 1498ൽ വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടും അറബ്‌ വ്യാപാരികൾ കച്ചവടത്തിനെത്തിയ പന്തലായനി തുറമുഖവും കൊയിലാണ്ടി ഹുക്കയുമെല്ലാം ചരിത്രത്താളുകളിലുണ്ട്‌. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ആ തീരങ്ങളിൽ അലയടിക്കുന്നു. ആദ്യകാല തെരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്‌റ്റുകളെയും കോൺഗ്രസിനെയും പുണർന്നെങ്കിൽ ഏറെക്കാലമായി ചെങ്കൊടിയുടെ കാവൽക്കാരോടാണ്‌ കൊയിലാണ്ടിക്ക്‌ പ്രിയം. കൊയിലാണ്ടി, പയ്യോളി നഗരസഭകളും ചെങ്ങോട്ടുകാവ്‌, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി മണ്ഡലം.

പോരാട്ടവീര്യവും രാഷ്‌ട്രീയ പ്രബുദ്ധതയും സമം ചേരുന്ന കൊയിലാണ്ടി കേരളത്തിന്‌ ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്‌തു. കെ കേളപ്പനും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും കെ പി ഉണ്ണികൃഷ്‌ണനുമടക്കമുള്ളവർ രാഷ്‌ട്രീയാങ്കത്തിലേക്ക്‌ കാലെടുത്തുവച്ചത്‌ കൊയിലാണ്ടിയിലായിരുന്നു. 1957ലെ ഇ എം എസ്‌ മന്ത്രിസഭയിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരടക്കമുള്ളവരുടെ തട്ടകവുമായിരുന്നു.

കേരള രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്‌റ്റ്‌ പാർടിക്കായിരുന്നു ആധിപത്യം. പിഎസ്‌പിയിലെ കെ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ആദ്യ രണ്ടുവട്ടവും
കൊയിലാണ്ടിയുടെ എംഎൽഎ. കെ ബി മേനോൻ, പി കെ കിടാവ്‌ എന്നീ സോഷ്യലിസ്‌റ്റുകളും പിന്നീട്‌ കൊയിലാണ്ടിയെ നയിച്ചു. ഇ നാരായണൻ നായർ, എം കുട്ട്യാലി, എം ടി പത്മ, പി ശങ്കരൻ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളും കൊയിലാണ്ടിയെ പ്രതിനിധീകരിച്ചു. 1996ൽ സിപിഐ എം സ്ഥാനാർഥി പി വിശ്വൻ മണ്ഡലത്തിൽ ചെങ്കൊടി കെട്ടി. 2011ലും 2016ലും വിജയമാവർത്തിച്ച സിപിഐ എമ്മിലെ കെ ദാസനാണ്‌ നിലവിൽ എംഎൽഎ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നഗരസഭയിലും പഞ്ചായത്തുകളിലും ഇടതുപക്ഷം മുന്നേറി. കൊയിലാണ്ടി നഗരസഭയും ചെങ്ങോട്ടുകാവ്‌, ചേമഞ്ചേരി, മൂടാടി, തിക്കോടി പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം നിന്നപ്പോൾ പയ്യോളി നഗരസഭ മാത്രമാണ്‌ യുഡിഎഫിന്‌ വിജയിക്കാനായത്‌.

എംഎൽഎമാർ ഇതുവരെ
1957, 60 കെ കുഞ്ഞിരാമൻ നമ്പ്യാർ(പിഎസ്‌പി)
1965 കെ പി മേനോൻ(എസ്‌എസ്‌പി)
1967 പി കെ കിടാവ്‌(എസ്‌എസ്‌പി)
1970, 77 ഇ നാരായണൻ നായർ(കോൺഗ്രസ്‌)
1980, 82, എം കുട്ട്യാലി(കോൺഗ്രസ്)
1987, 1991 എം ടി പത്മ(കോൺഗ്രസ്‌)
1996 പി വിശ്വൻ (സിപിഐ എം)
2001 പി ശങ്കരൻ (കോൺഗ്രസ്‌)
2006 പി വിശ്വൻ (സിപിഐ എം)
2011, 16  കെ ദാസൻ ( സിപിഐ എം)

2016 നിയമസഭാ തെരഞ്ഞെടുപ്പ്‌
കെ ദാസൻ(സിപിഐ എം) 70593
എൻ സുബ്രഹ്മണ്യൻ(കോൺഗ്രസ്‌) 57224
കെ രജനീഷ്‌ ബാബു(ബിജെപി) 22087
ഭൂരിപക്ഷം 13369

2020 തദ്ദേശ തെരഞ്ഞെടുപ്പ്‌
എൽഡിഎഫ്‌: കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്‌, ചേമഞ്ചേരി, മൂടാടി, തിക്കോടി
യുഡിഎഫ്: പയ്യോളി
ആകെ വാർഡുകൾ: 152
എൽഡിഎഫ്‌ 80
യുഡിഎഫ്‌ 65
എൻഡിഎ 7
 
വോട്ടർമാർ
പുരുഷന്മാർ 94,013
സ്‌ത്രീകൾ 1,04,364
ട്രാൻസ്‌ജെൻഡർ 1
ആകെ 1,98,378