തെറ്റ് തിരുത്താന്‍ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജന്മനാട്

Thursday Feb 25, 2021

പാലക്കാട്> പന്തിരുകുലത്തിന്റെയും മേഴത്തൂർ വൈദ്യമഠത്തിന്റെയും കേളികേട്ട തൃത്താല ​ഗ്രാമീണത്തനിമയുള്ള നാടാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തിൽ ബഹുഭൂരിപക്ഷവും. അഷ്ടവൈദ്യ പാരമ്പര്യ ചരിത്രമുള്ള തൃത്താല ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രദേശംകൂടിയാണ്. ക്യാപ്റ്റൻ ലക്ഷ്മിയുടെ ജന്മനാട് എന്ന നിലയിൽ ചരിത്രപ്രാധാന്യവുമുണ്ട്. ആനക്കര, കപ്പൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, ചാലിശേരി, നാ​ഗലശേരി, പരുതൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നിലവിലെ തൃത്താല മണ്ഡലം.

നിലവിൽ വന്നത് 1965ലാണെങ്കിലും 1967ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അക്കാലത്ത് പൊന്നാനി താലൂക്ക് പരിധിയിലെ എസ്‍സി സംവരണ മണ്ഡലംകൂടിയായിരുന്നു തൃത്താല. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ ഇ ടി കുഞ്ഞൻ വിജയിച്ചു. മൂന്ന് വർഷത്തിനുശേഷം കോൺ​ഗ്രസ് സ്വതന്ത്രനായി മത്സരിച്ച വെള്ള ഈച്ചരൻ വിജയിച്ച്‌ മന്ത്രിസഭാം​ഗമായി. പിന്നീടുള്ള നാല്
തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് അംഗങ്ങളാണ്‌ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. 1977ലെ തെരഞ്ഞെ‌ടുപ്പിൽ കോൺ​ഗ്രസ് നേതാവ് കെ ശങ്കരനാരായണൻ വിജയിച്ചു. എസ്‍സി മണ്ഡലമായിരുന്ന തൃത്താലയെ 77ൽ ജനറൽ വിഭാ​ഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ 1980ൽ വീണ്ടും എസ്‍സി മണ്ഡലമാക്കി. 80ൽ കോൺ​ഗ്രസിലെ എം പി താമി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ തന്നെ കെ കെ ബാലകൃഷ്ണൻ വിജയിച്ചു. അദ്ദേ​ഹം കെ കരുണാകരൻ മന്ത്രിസഭയിലെ ​ഗതാ​ഗത മന്ത്രിയായി. 13 മാസങ്ങൾക്കുശേഷം 1983ൽ അദ്ദേഹം സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. 1987ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ എം പി താമി വിജയിച്ചു.

കോൺ​ഗ്രസിന്റെ തേരോട്ടം അവസാനിപ്പിച്ച് 1991ൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. ഇ ശങ്കരനിലൂടെ സിപിഐ എം മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. പിന്നീട് തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയം ആവർത്തിച്ചു. 1996ലും 2001ലും വി കെ ചന്ദ്രനും 2006ൽ ടി പി കുഞ്ഞുണ്ണിയും ഇടതുപക്ഷത്തുനിന്ന് എംഎൽഎമാരായി. 2011ൽ തൃത്താലയെ പൊന്നാനി ലോക്‍സഭാ മണ്ഡലത്തോട് ചേർത്തു.

രൂപം മാറിയ തൃത്താല മണ്ഡലത്തിൽ 2011ലും 2016ലും കോൺ​ഗ്രസിൽനിന്നുള്ള വി ടി ബൽറാം എംഎൽഎയായി. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മേൽക്കൈ കിട്ടിയ മണ്ഡലമാണിത്. തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനിൽ 12ഉം വിജയിച്ചത് എൽഡിഎഫാണ്. തിരുമിറ്റക്കോട്, തൃത്താല, നാ​ഗലശേരി എന്നീ പഞ്ചായത്തുകളിലും ഭരണം എൽഡിഎഫിനാണ്.  

മണ്ഡലത്തിലെ വിജയികൾ 1980 മുതൽ
1980
എം പി താമി (ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ഐ) 30,214
എന്‍ സുബയ്യന്‍ (ഇന്ത്യന്‍ നാഷണല്‍ കോൺ​ഗ്രസ് യു) 29,595
ഭൂരിപക്ഷം 619

1982
കെ കെ ബാലകൃഷ്ണന്‍ (കോണ്‍​ഗ്രസ്) 31,806
ടി പി കുഞ്ഞുണ്ണി (സിപിഐ എം) 31,399
ഭൂരിപക്ഷം 407

1987
എം പി താമി (കോണ്‍​ഗ്രസ്) 39,977
എം കെ കൃഷ്ണന്‍ (സിപിഐ എം) 36,881
ഭൂരിപക്ഷം 3096

1991
ഇ ശങ്കരന്‍ (സിപിഐ എം) 46,187
കെ പി രാമന്‍ (മുസ്ലിംലീ​ഗ്) 40,602
ഭൂരിപക്ഷം 5585
‍
1996
വി കെ ചന്ദ്രന്‍ (സിപിഐ എം) 46,410
എ പി അനില്‍കുമാര്‍ (കോണ്‍​ഗ്രസ്) 42,009
ഭൂരിപക്ഷം 4401

2001
വി കെ ചന്ദ്രന്‍ (സിപിഐ എം) 54,762
പി ബാലന്‍ (കോണ്‍​ഗ്രസ്) 54,263
ഭൂരിപക്ഷം 499

2006
ടി പി കുഞ്ഞുണ്ണി (സിപിഐ എം) 59,093
പി ബാലന്‍ (കോണ്‍​ഗ്രസ്) 52,144
ഭൂരിപക്ഷം 6949

2011
വി ടി ബല്‍റാം (കോണ്‍​ഗ്രസ്) 57,848
പി മമ്മിക്കുട്ടി (സിപിഐ എം) 54,651
ഭൂരിപക്ഷം 3197

2016 
വിടി ബല്‍റാം (കോണ്‍​ഗ്രസ്) 66,505
സുബൈദ ഇസഹാഖ്‌ (സിപിഐ എം) 55,958
ഭൂരിപക്ഷം 10,547
 തദ്ദേശ തെരഞ്ഞെടുപ്പ് (2020)
എല്‍ഡിഎഫ് 66,366
യുഡിഎഫ് 60,033
എന്‍ഡിഎ 19,065
എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 6,333