പിറവം

കാതോർത്ത്‌ കാർഷിക കലവറ

Thursday Feb 25, 2021
ശ്രീരാജ്‌ ഓണക്കൂർ

 പിറവം> കാക്കൂർ കാളവയൽ അടക്കമുള്ള കാർഷികസംസ്കൃതിയുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന വിയർപ്പിന്റെ പശിമയുള്ള മണ്ണാണ്‌ ഇപ്പോഴും പിറവം.  ജില്ലയുടെ കാർഷിക കലവറ,  ചെറുകിട–-ഇടത്തരം റബർ കർഷകർ ഏറ്റവും കൂടുതലുള്ള പ്രദേശം, ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി നടക്കുന്ന തോട്ടറ പുഞ്ച ഉൾപ്പെടുന്ന നാട്. കാർഷികമേഖലയിൽ വികസനം സ്വപ്‌നം കാണുന്ന നാട്‌.

പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ഇരുമ്പനം, തിരുവാങ്കുളം മേഖലകളും ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, എടയ്‌ക്കാട്ടുവയൽ, മണീട്, രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പിറവം നിയമസഭാ മണ്ഡലം. 1977ലെ ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പ്രതിനിധിയായി ടി എം ജേക്കബ് വിജയിച്ചു. തുടർന്ന് 1991,1996, 2001, 2011 വർഷങ്ങളിൽ തന്റെ സ്വന്തം കേരള കോൺഗ്രസിന്റെ പേരിലും ടി എം ജേക്കബ് മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. 1980ൽ ഇടതുമുന്നണിയിലുണ്ടായിരുന്ന എ വിഭാഗം പ്
രതിനിധിയായ പി സി ചാക്കോയും 1982ൽ കോൺഗ്രസിലെ ബെന്നി ബഹനാനും 1987ൽ സിപിഐ എമ്മിന്റെ ഗോപി കോട്ടമുറിക്കലും 2006ൽ സിപിഐ എമ്മിന്റെതന്നെ എം ജെ ജേക്കബും പിറവം മണ്ഡലത്തിൽനിന്ന് ജയിച്ചുകയറി.

2011ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് വിജയിച്ച ടി എം ജേക്കബ്‌ മന്ത്രിയായിരിക്കെ അന്തരിച്ചു. ഇതുമൂലം 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് വിജയിച്ചു. 2016ലും അനൂപ്‌ ജേക്കബ്‌ വിജയം ആവർത്തിച്ചു.  6195 വോട്ടിനാണ്‌ സിപിഐ എം സ്ഥാനാർഥി എം ജെ ജേക്കബ്ബിനെ പരാജയപ്പെടുത്തിയത്‌. ജനുവരിവരെയുള്ള കണക്കനുസരിച്ച്‌ 2,04, 584 വോട്ടർമാരാണ്‌ പിറവം മണ്ഡലത്തിലുള്ളത്‌. പുരുഷവോട്ടർമാർ–-99,324. സ്‌ത്രീവോട്ടർമാർ–-1,05, 259. ഒരു ട്രാൻസ്‌ജെൻഡർ വോട്ടും ഇവിടെയുണ്ട്‌.

തെരഞ്ഞെടുപ്പുകൾ, വിജയികൾ:
 1977–- ടി എം ജേക്കബ് ‌(കേരള കോൺഗ്രസ്‌), 1980–- പി സി ചാക്കോ (കോൺഗ്രസ്‌), 1982–-ബെന്നി ബഹനാൻ (കോൺഗ്രസ്‌),  1987– -ഗോപി കോട്ടമുറിക്കൽ (സിപിഐ എം), 1991– -ടി എം ജേക്കബ് ‌(കേരള കോൺഗ്രസ്‌), 1996– -ടി എം ജേക്കബ് ‌(കേരള കോൺഗ്രസ്‌), 2001– -ടി എം ജേക്കബ് ‌(കേരള കോൺഗ്രസ്‌), 2006–- എം ജെ ജേക്കബ് ‌(സിപിഐ എം), 2011– -ടി എം ജേക്കബ് ‌(കേരള കോൺഗ്രസ്‌), 2012– -അനൂപ്‌ ജേക്കബ് ‌(കേരള കോൺഗ്രസ്‌), 2016–- അനൂപ്‌ ജേക്കബ്‌ (കേരള കോൺഗ്രസ്‌).