കോതമംഗലം: കിഴക്കും കുതിപ്പ് തുടരും

Thursday Feb 25, 2021
സി എൻ റെജി

കോതമംഗലം> കിഴക്കൻ കാർഷിക ഭൂമിയുടെ കേന്ദ്രങ്ങളിലൊന്നായ മണ്ഡലം. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ  ചരിത്രത്തോളംതന്നെ നീളുന്ന പാരമ്പര്യവും പ്രാധാന്യവും കോതമംഗലത്തിനുണ്ട്. ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരം. ഹൈറേഞ്ചിന്റെ കവാടഭൂമി. തീർഥാടന കേന്ദ്രങ്ങളായ കോതമംഗലം ചെറിയപള്ളി, തൃക്കാരിയൂർ ക്ഷേത്രം എന്നിവ ഇവിടെയാണ്‌.

ജില്ലയിൽ ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള കുട്ടമ്പുഴ ഈ മണ്ഡലത്തിലാണ്‌.  തട്ടേക്കാട്‌ പക്ഷിസങ്കേതം, ഭൂതത്താൻകെട്ട്‌, ഇടമലയാർ ഡാമുകൾ എന്നിവ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്‌. ആലുവ–-മൂന്നാർ റോഡും കൊച്ചി–-ധനുഷ്‌കോടി ദേശീയ പാതയും കടന്നുപോകുന്നു.

കോതമംഗലം നഗരസഭയും നെല്ലിക്കുഴി, കോട്ടപ്പടി, കീരമ്പാറ, പല്ലാരിമംഗലം, കുട്ടമ്പുഴ, വാരപ്പെട്ടി, പിണ്ടിമന, കവളങ്ങളാട്‌ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ മണ്ഡലം. 1965ൽ കെ എം ജോർജും 1967ൽ സിപിഐ എമ്മിലെ ടി എം മീതിയനും പിടിച്ചടക്കിയ മണ്ഡലത്തിൽ സിപിഐ എം, സിപിഐ, കേരള കോൺഗ്രസ്‌, കോൺഗ്രസ്‌ പാർടികൾക്ക്‌ സ്വാധീനമുണ്ട്‌. ബിജെപി സാന്നിധ്യം മാത്രം. 2006ൽ ജോസഫ്‌ വിഭാഗം എൽഡിഎഫിലായിരുന്നപ്പോൾ മണ്ഡലത്തെ പ്രതിനിധീകരിച്ച ടി യു കുരുവിള മന്ത്രിയായിരുന്നു. 2011ൽ മാണി കോൺഗ്രസിലൂടെ യുഡിഎഫിലെത്തി അദ്ദേഹം വീണ്ടും എംഎൽഎയായി. ടി എം ജേക്കബും വി ജെ പൗലോസും മൂന്നുവട്ടം മണ്ഡലത്തിൽനിന്ന്‌ ജയിച്ചു. 2016ൽ ടി യു കുരുവിളയെ 19,282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച്‌ സിപിഐ എമ്മിലെ ആന്റണി ജോൺ മണ്ഡലം തിരിച്ചുപിടിച്ചു. 

നിലവിൽ 1,59,539 വോട്ടർമാരാണുള്ളത്‌. പുരുഷൻമാർ–-82,537. സ്‌ത്രീകൾ–-82,890. ട്രാൻസ്‌ജെൻഡർ–-1

തെരഞ്ഞെടുപ്പു വിജയികൾ:


1965–-കെ എം ജോർജ്‌ (കേരള കോൺഗ്രസ്‌), 1967–-ടി എം മീതിയൻ (സിപിഐ എം). 1970–-എം ഐ മാർക്കോസ്‌ (സ്വത.).
1977–-എം വി മാണി (കേരള കോൺഗ്രസ്‌). 1980, 1982, 87–-ടി എം ജേക്കബ്‌ (കേരള കോൺഗ്രസ്‌ ജെ). 1991,1996, 2001–-വി ജെ പൗലോസ്‌ (കോൺഗ്രസ്‌). 2006, 2011–-ടി യു കുരുവിള (കേരള കോൺഗ്രസ്‌). 2016–-ആന്റണി ജോൺ (സിപിഐ എം).