ജനമനസ്സിനൊപ്പം സർക്കാർ

Wednesday Feb 24, 2021
പ്രത്യേക ലേഖകൻ


തിരുവനന്തപുരം
ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷനും  ഇഎംസിസിയും തമ്മിൽ ഒപ്പിട്ട ട്രോളർ നിർമാണ ധാരണപത്രം റദ്ദാക്കിയത്‌ ജനമനസ്സിനൊപ്പം നിൽക്കുകയെന്ന സർക്കാർ നിലപാടിന്റെ ഭാഗം. ധാരണപത്രം ഒപ്പിടാൻ ചുക്കാൻപിടിച്ചത്‌ രമേശ്‌ ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയാണെന്നതും പുറത്തുവന്നു. 5000 കോടിയുടെ അഴിമതി ആരോപിച്ച പ്രതിപക്ഷമാണ്‌ ഇതോടെ പ്രതിരോധത്തിലായത്‌.

രമേശ്‌ ചെന്നിത്തലയുടെ ജാഥ തുടങ്ങിയശേഷം ഈമാസം രണ്ടിനാണ്‌ ധാരണപത്രം ഒപ്പിട്ടത്‌. മത്സ്യനയത്തിനു വിരുദ്ധമായ ധാരണപത്രം സർക്കാരിന്റെ ശ്രദ്ധയിൽ വന്ന്‌ രണ്ടാഴ്‌ച പോലും വേണ്ടിവന്നില്ല റദ്ദാക്കാൻ. സംഗതി തിരിഞ്ഞുകുത്തുമെന്ന്‌ കണ്ടാണ്‌ ‘ആഴക്കടൽ മത്സ്യബന്ധന’പ്രചാരണവുമായി യുഡിഎഫ്‌ രംഗത്തിറങ്ങിയത്‌. ജനങ്ങളുടെ താൽപ്പര്യത്തിന്‌ അനുകൂലമല്ലെന്നു കണ്ടാൽ തെല്ലും ദുരഭിമാനമില്ലാതെ നടപടിയെടുക്കുകയെന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ നാളിതുവരെ സ്വീകരിച്ച രീതി. യുഡിഎഫ്‌ കാലത്ത്‌ ഇങ്ങനെയൊന്ന്‌ ചിന്തിക്കാൻ പോലുമാകില്ല.

കോവിഡ്‌ ചികിത്സയ്‌ക്കാവശ്യമായ ‘ഡാറ്റാ’ വിശകലനത്തിന്‌  സ്‌പ്രിങ്ക്‌ളർ കമ്പനിയുമായുണ്ടാക്കിയ കരാറും ഉപേക്ഷിച്ചത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർക്ക്‌ കഴിയുമെന്നതുകൊണ്ടാണ്‌. മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം സൗജന്യ സേവനമായിരുന്നു വാഗ്‌ദാനം ചെയ്‌തത്‌. 88 ലക്ഷം റേഷൻ കാർഡ്‌ വിവരങ്ങൾ  ചോർത്തിയെന്നുവരെ അന്ന്‌ രമേശ്‌ ചെന്നിത്തല തട്ടിവിട്ടു. വിശദപരിശോധനയിൽ സത്യം പുറത്തുവന്നു.  പറഞ്ഞതെല്ലാം ചെന്നിത്തല വിഴുങ്ങി.

പ്രളയകാലത്ത്‌ പമ്പയിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കുന്നതിന്‌ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ പ്രോഡക്ട്‌സിന്‌ കരാർ നൽകിയതിലും പ്രതിപക്ഷം അഴിമതി ആരോപിച്ചു. സർക്കാരിന്‌ 10 കോടിയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു കോലാഹലം. വിജിലൻസ്‌ തള്ളി. നീരൊഴുക്ക്‌ സുഗമമാക്കി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനായിരുന്നു നടപടി.  പൊതുഗതാഗത രംഗത്ത്‌  വലിയ മാറ്റം പ്രതീക്ഷിക്കുന്ന ഇ–-മൊബിലിറ്റി പദ്ധതിക്കെതിരെയായി‌ അടുത്ത വിവാദം.  ദിവസങ്ങൾക്കുള്ളിൽ അതും ആവിയായി.

ലോക്‌ഡൗൺ കാലത്ത്‌ വൈദ്യുതി ചാർജ്‌ തവണകളായി ഈടാക്കാനും നിരക്ക്‌ കുറയ്‌ക്കാനും എൽഡിഎഫ്‌ ആണ്‌ നിർദേശിച്ചത്‌. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമം അതോടെ പാളി. പൊലീസ്‌ നിയമഭേദഗതി ഓർഡിനൻസ്‌ പിൻവലിച്ചത്‌ ജനാഭിപ്രായം കണക്കിലെടുത്താണ്‌. വീണ്ടും ഓർഡിനൻസ്‌ പുറപ്പെടുവിക്കേണ്ടിവന്നിട്ടും സർക്കാർ ജനവികാരത്തിനൊപ്പം നിന്നൂവെന്നതാണ്‌ ശ്രദ്ധേയം.