ഇടതുചേർന്ന്‌ പേരാമ്പ്ര

Wednesday Feb 24, 2021
സ്വന്തം ലേഖകന്‍

കോഴിക്കോട്‌> പെരുവണ്ണാമൂഴിയുടെ കുളിരേകുന്ന പേരാമ്പ്രയുടെ ഇന്നലെകൾ തീപാറുന്ന പോരാട്ടങ്ങളുടേത്‌ കൂടിയാണ്‌. ‘ചത്താലും ചെത്തും കൂത്താളി’യെന്ന കർഷക മുദ്രാവാക്യം ഇടിമുഴക്കമായി പേരാമ്പ്രയുടെ ചെവിയിൽ ഇന്നും മുഴങ്ങുന്നുണ്ട്‌. വടക്കൻപാട്ടുകളിൽ പാടിപ്പതിഞ്ഞ പയ്യോർമലനാടാണ്‌ കാലാന്തരത്തിൽ പേരാമ്പ്രയായി പരിണമിച്ചത്‌. നാടുവാഴി ഭരണവും കുടിയേറ്റവും പേരാമ്പ്രയുടെ ചരിത്രത്തിന്റെ ഭാഗം.

ജാതി–-ജന്മി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങൾ ഉഴുതുമറിച്ച മണ്ണിലാണ്‌ കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ വിത്തിട്ടത്‌. നാടുവാഴിത്ത ചൂഷണങ്ങൾക്കും അയിത്തത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉണർന്നു പോരാടാനും കർഷക പോരാട്ടങ്ങൾക്കും മലയോര നാടിന്‌ കരുത്തായത്‌ ചെങ്കൊടി പ്രസ്ഥാനമാണ്‌.
ചങ്ങരോത്ത്‌, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്‌, അരിക്കുളം, ചെറുവണ്ണൂർ, മേപ്പയ്യൂർ, തുറയൂർ, കീഴരിയൂർ എന്നീ പത്ത്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. 321.98 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പേരാമ്പ്രയിൽ 145 ബൂത്തുകളുണ്ട്‌.

1970ൽ കെ ജി അടിയോടിയും 1977ൽ
കെ സി ജോസഫും ജയിച്ചതൊഴിച്ചാൽ എല്ലാ തെരഞ്ഞെടുപ്പുകളിലും പേരാമ്പ്രയുടെ വാനിലുയർന്നത്‌ ചെങ്കൊടിയാണ്‌. സിപിഐ എം സ്ഥാനാർഥികളാണ്‌ ഇടതുപക്ഷത്തിന്റെ തേരുതെളിച്ചിട്ടുള്ളത്‌. 1977നുശേഷം കേരള കോൺഗ്രസ്‌ സ്ഥാനാർഥികൾ യുഡിഎഫിന്‌ വേണ്ടിയും മത്സരത്തിനിറങ്ങി.

കഴിഞ്ഞകാല ഫലങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയവും സമ്മാനിച്ച ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്‌ ഇടതുപക്ഷം ‌. നാല്‌ പതിറ്റാണ്ടായി മണ്ഡലത്തിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്‌ മുന്നണി വിട്ടതടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്‌.  ആകെയുള്ള പത്ത്‌ പഞ്ചായത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അധികാരത്തിലെത്തിയത്‌.
 
പേരാമ്പ്രയുടെ എംഎൽഎമാർ
1957 എം കുമാരൻ
1960 പി കെ നാരായണൻ നമ്പ്യാർ
1965, 67 വി വി ദക്ഷിണാമൂർത്തി
1970 ഡോ. കെ ജി അടിയോടി
1977 കെ സി ജോസഫ്‌
1980 വി വി ദക്ഷിണാമൂർത്തി
1982, 87 എ കെ പത്മനാഭൻ
1991, 96 എൻ കെ രാധ
2001 ടി പി രാമകൃഷ്‌ണൻ
2006, 11 കെ കുഞ്ഞമ്മദ്‌
2016 ടി പി രാമകൃഷ്‌ണൻ

2016 നിയമസഭ
ടി പി രാമകൃഷ്‌ണൻ 72359
അഡ്വ. മുഹമ്മദ്‌ ഇഖ്‌ബാൽ 68258
കൊളപ്പേരി സുകുമാരൻ 8561
ഭൂരിപക്ഷം 4101

2020 തദ്ദേശ തെരഞ്ഞെടുപ്പ്‌
എൽഡിഎഫ്‌ 80,500
യുഡിഎഫ്‌  70,381

വോട്ടർമാർ
പുരുഷന്മാർ 93,577
സ്‌ത്രീകൾ 98,950
ട്രാൻസ്‌ജെൻഡർ 2
ആകെ 1,92,529