കുന്നംകുളം: അച്ചടിയുടെ നാട്‌, മതേതരത്വത്തിന്റെയും

Wednesday Feb 24, 2021
കെ പ്രഭാത്‌

തൃശൂർ>നോട്ടുബുക്ക്‌ അച്ചടി, ബൈൻഡിങ് വ്യവസായത്തിന്റെ ആസ്ഥാനം, ക്രിസ്‌മസ്‌ നക്ഷത്രവിളക്കുകളെ ലോകത്തിനു പരിചയപ്പെടുത്തിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാട്‌, സാഹോദര്യത്തോടെ മനുഷ്യർ തിങ്ങിപ്പാർക്കുന്ന മതേതരനാട്‌. ഇത്‌ കുന്നംകുളം.

തൃശൂർ പെരുമയും ഭാഷാ സവിശേഷതയും പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ്‌ കുന്നംകുളത്തുകാർ. ‘അമ്പലംപള്ളി'യുടെ നാടായ കുന്നംകുളം, ഒരു മുനിസിപ്പാലിറ്റിയും ഏഴു പഞ്ചായത്തും ചേർന്നതാണ്‌. അച്ചടി വ്യവസായത്തിന് പ്രശസ്തമായ കുന്നംകുളത്താണ്‌, കേരളത്തിലെ നോട്ട് ബുക്ക് ഉൽപ്പാദനത്തിന്റെ 90 ശതമാനവും.  ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെ. ഗുരുവായൂരിലേക്ക്  ഒമ്പത് കിലോമീറ്റർ.

സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട് ഈ നാടിന്‌. മഹാകവി വള്ളത്തോളിന് കുന്നംകുളവുമായി അടുത്ത ബന്ധമുണ്ട്. കക്കാട് കാരണവൻമാരായ മുകുന്ദരാജയും കുഞ്ഞുണ്ണി രാജയും ചേർന്ന് സ്ഥാപിച്ച കലാമണ്ഡലത്തിലെ വിദ്യാർഥിയായിരുന്നു വള്ളത്തോൾ. പിന്നീട്‌ കലാമണ്ഡലം ചെറുതുരുത്തിയിലേക്ക് മാറ്റിയത് വള്ളത്തോളായിരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് സമീപ പ്രദേശങ്ങളിൽനിന്ന്‌ പലായനം ചെയ്ത് കുന്നംകുളത്തെത്തിയ നസ്രാണികൾക്ക് മണക്കുളം, ചിറളയം രാജാക്കൻമാർ അഭയം നൽകി. അതോടെ കുന്നംകുളത്തിന്റെ സംസ്‌കാരം കച്ചവട സംസ്‌കാരംകൂടിയായി മാറി.  

കമ്യൂണിസ്‌റ്റ്‌  പ്രസ്ഥാനങ്ങൾക്ക്  വേരോട്ടമുള്ള മണ്ഡലമാണ്‌ ‌. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ
എൽഡിഎഫിലെ സിപിഐ എം സാരഥി എ സി മൊയ്‌തീൻ 7,782 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. അമ്പതുകളിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തുടർച്ചയാണിത്. കേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ ടി കെ കൃഷ്‌ണനെ തെരഞ്ഞെടുത്തു. തുടർന്ന്‌ 65ലും 70ലും ടി കെ കൃഷ്ണനെ ഈ നാട്‌ വീണ്ടും തെരഞ്ഞെടുത്തു.

അഞ്ചുവർഷമായി വികസനവേലിയേറ്റം സൃഷ്ടിക്കുന്ന നാടായി കുന്നംകുളം മാറി. കുന്നംകുളം താലൂക്ക്‌ രൂപീകരണം, കലശമല ഇക്കോ ടൂറിസം കേന്ദ്രം, ഇ കെ നായനാർ സ്‌മാരക കുന്നംകുളം ബസ്‌ ടെർമിനൽ, ഇൻഡോർ സ്‌റ്റേഡിയം, മഹാ ഭൂരിപക്ഷം റോഡുകളും ബിഎംബിസി മെക്കാഡം ടാറിങ്‌ തുടങ്ങി വൻ വികസനനേട്ടത്തിന്‌ കുന്നംകുളം സാക്ഷ്യം വഹിച്ചു. പുതുതായി സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളത്തിനു ലഭിച്ചു. ഗേലോ ഇന്ത്യയുടെ ഏഴുകോടി ഫണ്ടുപയോഗിച്ച്‌ എട്ടു് സിന്തറ്റിക്‌ ട്രാക്ക്‌ നിർമാണോദ്‌ഘാടനവും നടന്നു. കരിക്കൽക്കടവ്‌ റഗുലേറ്റർ കം ബ്രിഡ്‌ഡ്‌ നിർമാണം തുടരുകയാണ്‌.  
കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്‌, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കുന്നംകുളം മണ്ഡലം. എല്ലായിടത്തും എൽഡിഎഫ്‌ ഭരണമാണ്‌.

കുന്നംകുളത്തെ എംഎൽഎമാർ

ടി കെ കൃഷ്‌ണൻ–- 1957 (സിപിഐ)
എ എസ്‌ എൻ നമ്പീശൻ–- 1967 (സിപിഐ എം)
ടി കെ കൃഷ്‌ണൻ–- 1965, 70 (സിപിഐ എം)
കെ പി വിശ്വനാഥൻ–- 1977 (കോൺഗ്രസ്‌)
കെ പി വിശ്വനാഥൻ–- 1980 (കോൺഗ്രസ്‌–-യു)
കെ പി അരവിന്ദാക്ഷൻ–- 1982, 1987 (സിപിഐ എം)
ടി വി ചന്ദ്രമോഹൻ–- 1991 (കോൺഗ്രസ്‌)
എൻ ആർ ബാലൻ–- 1996 (സിപിഐ എം)
ടി വി ചന്ദ്രമോഹൻ–- 2001 (കോൺഗ്രസ്‌)
ബാബു എം പാലിശേരി–- 2006, 2011 (സിപിഐ എം)
എ സി മൊയ്‌തീൻ–- 2016 (സിപിഐ എം)