കേരളത്തിന്‌ 1.1 പൈസ മാത്രം, കേന്ദ്രത്തിന്‌ 32.90 രൂപ

Tuesday Feb 23, 2021

തിരുവനന്തപുരം
ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്രം നികുതിയും സെസുമായി കൊണ്ടുപോകുന്നത്‌ 32.90 രൂപ. ഇതിൽനിന്ന്‌ കേരളത്തിന്‌ വിഹിതമായി കിട്ടുക‌ 1.1 പൈസ മാത്രമെന്ന്‌ കണക്കുകൾ. ഡീസലിന്‌ 1.5 പൈസയും ലഭിക്കും. പെട്രോളിന്‌ 20.66 രൂപയാണ്‌ കേരളം മൂല്യവർധിത നികുതി ഈടാക്കുന്നത്‌. ഒരു ലിറ്റർ പെട്രോളിൽനിന്ന്‌ കേന്ദ്ര വിഹിതമടക്കം 20.67 രൂപയാണ്‌ സംസ്ഥാനത്തിന്‌ ലഭിക്കുക.


 

എന്നാൽ, എണ്ണ വിൽപ്പനയിൽ കേരളത്തിന്‌ കേന്ദ്രത്തേക്കാൾ വരുമാനമുണ്ടെന്നാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മറ്റും പ്രചരിപ്പിക്കുന്നത്‌. കേന്ദ്ര നികുതിയുടെ 42 ശതമാനം സംസ്ഥാനത്തിന്‌ കിട്ടുന്നതായാണ്‌‌ പ്രചാരണം. കേന്ദ്രവിഹിതമായി 13 രൂപയും സംസ്ഥാന നികുതിയായ 20.66 രൂപയുമടക്കം 33.68 രൂപ കേരളത്തിന്‌ വരുമാനമുണ്ടെന്നും പ്രചരിപ്പിക്കുന്നു. യഥാർഥത്തിൽ കേന്ദ്ര നികുതിയായ 32.90 രൂപയിൽ പെടുന്ന അടിസ്ഥാന എക്‌സൈസ്‌ നികുതിയായ 1.40 രൂപയുടെ 42 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ വീതിക്കുന്നത്‌.

കേന്ദ്ര നികുതിയുടെ 
സംസ്ഥാനവിഹിതം 
കണക്കാക്കുന്ന വിധം
കേന്ദ്രം ചുമത്തുന്ന ഇന്ധന‌ നികുതി നാലു തരമാണ്‌. പെട്രോൾ ലിറ്ററിന്‌ –- അടിസ്ഥാന എക്‌സൈസ്‌ നികുതി–- 1.40 രൂപ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ നികുതി 11 രൂപ, റോഡ്‌ സെസ്‌ 18 രൂപ, കാർഷിക സെസ്‌ 2.50 രൂപ എന്നിങ്ങനെയാണ്‌ നികുതി. നികുതി പങ്കുവയ്‌ക്കുന്ന വ്യവസ്ഥപ്രകാരം (ഭരണഘടനയിലെ ആർട്ടിക്കിൾ 270) കേന്ദ്രം ചുമത്തുന്ന സ്പെഷ്യൽ സെസും സർചാർജും ഒഴികെയുള്ളവയുടെ വിഹിതമേ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതുള്ളൂ. ഇതുപ്രകാരം എണ്ണയുടെ അടിസ്ഥാന എക്‌സൈസ്‌ നികുതിയിൽ 42 ശതമാനമാണ്‌ സംസ്ഥാനങ്ങൾക്ക്‌ വീതിക്കുക‌.

സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ, ജനസംഖ്യ,  വനം, പാരിസ്ഥിതിക പ്രത്യേകത തുടങ്ങിയവ കണക്കിലെടുത്ത്‌ ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകും. ഇതുപ്രകാരം അടിസ്ഥാന എക്‌സൈസ്‌ നികുതിയുടെ 0.8 ശതമാനമാണ് കേരളത്തിന് കിട്ടുക. അതായത്, ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം പിരിക്കുന്ന 32.90 രൂപയിൽ അടിസ്ഥാന എക്‌സൈസ്‌ നികുതിയായ 1.40 രൂപയാണ്‌ സംസ്ഥാനങ്ങൾക്ക്‌ അവകാശപ്പെട്ടത്‌. മാനദണ്ഡമനുസരിച്ച്‌ ഇതിന്റെ 0.8 ശതമാനമായ- 1.1 പൈസ മാത്രമാണ്‌ കേരളത്തിന്‌ കിട്ടുക.

വില വർധനയ്‌ക്ക്‌ 
കാരണം കേന്ദ്ര നികുതി
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുതിപ്പിന്‌ കാരണം കേന്ദ്ര നികുതിയിലെ വർധന. കോവിഡ്‌ കാലത്ത്‌ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ്‌ വില 20 ഡോളർവരെ താഴ്‌ന്നപ്പോൾ ചില്ലറ വിൽപ്പന വില കുറയ്‌ക്കാതെ നികുതി വർധിപ്പിച്ച്‌ ആ വരുമാനം കേന്ദ്രം കീശയിലാക്കി. അന്ന്‌ ഒരു ലിറ്റർ പെട്രോളിന്‌ 10 രൂപയും ഡീസലിന്‌ 13 രൂപയുമാണ്‌ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ നികുതി ചുമത്തിയത്‌. പിന്നീട്‌ ക്രൂഡിന്റെ വില ഉയർന്നപ്പോൾ നികുതി കുറയ്‌ക്കാൻ കേന്ദ്രം തയ്യാറായതുമില്ല.

നികുതി കൂട്ടാതെ 
കേരളം
എൽഡിഎഫ്‌ സർക്കാർ വന്നശേഷം കേരളത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കൂട്ടിയിട്ടില്ല. പെട്രോളിന്‌ 30.08 ശതമാനവും ഡീസലിന്‌ 22.78 ശതമാനവുമാണ് സംസ്ഥാന നികുതി. പുറമെ ഒരു രൂപ അഡീഷണൽ നികുതിയും ഒരു ശതമാനം സെസുമുണ്ട്‌. ഇതനുസരിച്ച്‌ ഒരു ലിറ്റർ പെട്രോളിൽ നിന്ന്‌ കേരളത്തിന്‌ 20.66 രൂപയും ഡീസലിൽ നിന്ന്‌ 15.95 രൂപയുമാണ്‌ ലഭിക്കുന്നത്‌. 2018 മേയിൽ കേരളം ഇന്ധനവില ലിറ്ററിന്‌ ഒരു രൂപ കുറച്ചിരുന്നു.

വിലനിയന്ത്രണം എടുത്തുകളഞ്ഞത്‌ 
കോൺഗ്രസും ബിജെപിയും
പെട്രോളിന്റ വില നിയന്ത്രണം എടുത്തുകളഞ്ഞത്‌‌‌ 2010 ജൂണിൽ രണ്ടാം യുപിഎ സർക്കാർ‌. കോൺഗ്രസിന്റെ പ്രധാനമന്ത്രി മൻമോഹൻ സിങ് വില നിശ്‌ചയിക്കാനുള്ള സർക്കാരിന്റെ അവകാശം എണ്ണക്കമ്പനികൾക്ക്‌ കൈമാറുകയായിരുന്നു‌. 1990 ലെ ഗൾഫ്‌ യുദ്ധകാലത്തും 2003ലെ അമേരിക്കയുടെ ഇറാഖ്‌‌ അധിനിവേശകാലത്തും ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 65ഉം 85ഉം ഡോളർവരെയെത്തിയിട്ടും പെട്രോളിന്‌ 31നും ഡീസലിന്‌ 20ഉം രൂപയിൽ താഴെയായിരുന്നു വില. ഓയിൽ പൂൾ അക്കൗണ്ട്‌ സംവിധാനത്തിലൂടെയാണ്‌ വില നിയന്ത്രിച്ചുനിർത്തിയിരുന്നത്‌. ഇത്‌ 2002ൽ വാജ്‌പേയിയുടെ ഒന്നാം എൻഡിഎ സർക്കാർ എടുത്തുകളഞ്ഞു. എന്നാൽ, പെട്രോൾ–- ഡീസൽ വില നിയന്ത്രണാധികാരം സർക്കാരിൽ നിലനിർത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരും വില നിയന്ത്രണം തുടർന്നു.

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ വന്നതോടെ എണ്ണ വിലനിയന്ത്രണം എടുത്തുകളയണമെന്ന ഉദാരവൽക്കരണവാദികളുടെ മുറവിളിക്ക്‌ ശക്തിയേറി. തുടർന്നാണ്‌ മൻമോഹൻ സിങ്‌ പെട്രോളിന്റെ വില നിയന്ത്രണം ഒഴിവാക്കിയത്‌. അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം ഭയന്ന്‌ ഡീസലിന്റെ വിലനിയന്ത്രണം തുടർന്നു. മോഡി സർക്കാർ അധികാരത്തിലെത്തിയതിന്‌ പിന്നാലെ 2014 ഒക്ടോബറിൽ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുമാറ്റി. ഇതോടെ വിപണിക്കനുസരിച്ച്‌ ചാഞ്ചാടുന്ന സ്ഥിതിയിലേക്ക്‌ പെട്രോൾ–- ഡീസൽ വില മാറി.