ചെന്നിത്തലയുടെ 
യാത്രയിൽ തെക്കൻ കേരളത്തിൽ 
ലീഗിനെ അവഗണിച്ചുവെന്ന്‌ നേതൃത്വം

സ്വന്തം കാര്യം മാത്രം 
നോക്കേണ്ടി വരുമെന്ന്‌ ലീഗ്‌

Tuesday Feb 23, 2021
പി വി ജീജോ


കോഴിക്കോട്‌
തെക്കൻ കേരളത്തിൽ ലീഗ്‌ കൊടി പരസ്യമായി വീശേണ്ടെന്ന കോൺഗ്രസ്‌ നിലപാടിൽ ലീഗിന്‌ കടുത്ത അമർഷം. അങ്ങനെയെങ്കിൽ വടക്കോട്ട്‌ സ്വന്തം കാര്യം നോക്കി പോകാനാണ്‌ ലീഗ്‌ അണികളുടെ തീരുമാനം. പാർടി മത്സരിക്കുന്ന സീറ്റിൽ മാത്രം ഫണ്ട്‌ വിനിയോഗിക്കാനും ആലോചനയുണ്ട്‌. 

ചെന്നിത്തലയുടെ ഐശ്വര്യയാത്രയിൽ അവഗണിച്ചുവെന്ന തോന്നലിലാണ്‌ ‘സ്വന്തംകാര്യം സിന്ദാബാദി’ലേക്കുള്ള ലീഗിന്റെ നീക്കങ്ങൾ.  തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റില്ലെന്ന കോൺഗ്രസ്‌ നേതാക്കളുടെ നിലപാടും കാരണമായി‌. കഴിഞ്ഞ തവണ തെക്കോട്ട്‌ കൊല്ലത്ത്‌ ഒരു സീറ്റാണ്‌ ലീഗിന്‌ കിട്ടിയത്‌. ഇക്കുറി എറണാകുളത്തെ കളമശേരിയടക്കം  കോൺഗ്രസ്‌ നിർദേശിക്കുന്ന സ്വതന്ത്രനെ നിർത്തേണ്ട ഗതികേടിലാണ്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിലുണ്ടായ തിരിച്ചടിക്ക്‌, ‌ ലീഗിനെയാണ്‌ കോൺഗ്രസ്‌ കുറ്റപ്പെടുത്തുന്നത്‌. 30 സീറ്റ്‌ എന്ന ലീഗ്‌ ആവശ്യത്തോടും കോൺഗ്രസ്‌ മുഖംതിരിക്കുന്നു. 26 ലധികം പ്രതീക്ഷിക്കേണ്ടെന്നാണ്‌  കോൺഗ്രസ്‌ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ തവണ 24 സീറ്റിലാണ്‌ ലീഗ്‌ മത്സരിച്ചത്‌.

പച്ചക്കൊടി കാണിക്കാതെ ചെന്നിത്തല ജാഥ
രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യയാത്ര അവസാനിക്കുമ്പോൾ ലീഗിനെ ‌ ശംഖുംമുഖം കടപ്പുറത്ത്‌ ‘തെരയേണ്ട’ സ്ഥിതിയിലായെന്ന വികാരം എല്ലാ തലത്തിലുമുണ്ട്‌.  കാസർകോട്‌നിന്ന്‌ തുടങ്ങുമ്പോൾ ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു കുഞ്ഞാലിക്കുട്ടിക്കും മുനീറിനും സ്ഥാനം. കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ലീഗിന്റെ പച്ചക്കൊടി വീശിയായിരുന്നു ജാഥാപ്രയാണം. എന്നാൽ പാലക്കാട്‌ വിട്ട്‌ കുതിരാൻ വഴി തൃശൂരിലേക്ക്‌ കടന്നതോടെ ലീഗ്‌ പുറത്തായി.  തെക്കൻ കേരളത്തിൽ എവിടെയും ലീഗിനും കുഞ്ഞാലിക്കുട്ടിക്കും വലിയ അവസരം ലഭിച്ചില്ല.  ജാഥാപ്രചാരണ ബോർഡിൽ ലീഗ്‌ നേതാക്കളുടെ ചിത്രം മാത്രം വെട്ടി.

ക്രൈസ്‌തവസഭാ നേതൃത്വങ്ങൾ ‘ലീഗിനെ കാണുമ്പോൾ ജമാഅത്തെ ഇസ്ലാമിയെ ഓർക്കു’മെന്ന കെപിസിസി ഭാരവാഹികളടക്കമുള്ളവരുടെ വാദത്തിൽ മിണ്ടാട്ടംമുട്ടി കുഞ്ഞാലിക്കുട്ടിക്കും മറ്റും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ പച്ചക്കൊടി വീശിയതിന്റെ ദോഷം ഉത്തരേന്ത്യയിലുണ്ടായെന്ന നിലപാടാണ്‌ കോൺഗ്രസിലെ ചില നേതാക്കൾക്ക്‌.

സുബൈറിന്റെ 
രാജിയിൽ  
മിണ്ടാതെ ലീഗ്‌
കത്വ–-ഉന്നാവ ഫണ്ട് വെട്ടിപ്പിൽ പ്രതിരോധത്തിൽ നിൽക്കെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ രാജി മുസ്ലിംലീഗിന്‌ ഞെട്ടലായി. സുബൈർ രാജിവച്ചതോ അതോ പുറത്താക്കിയതോ എന്നുപോലും പ്രതികരിക്കാതെ ഒളിച്ചുകളിക്കുകയാണ്‌ ലീഗ്‌ നേതൃത്വം.

യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ സാബിർ ഗഫാർ രാജിവച്ച് ബംഗാളിലെ  ഇന്ത്യൻ സെക്യുലർ ഫ്രണ്ടിൽ ചേർന്നതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിയുടെ രാജി. ഫലത്തിൽ‌ യൂത്ത്‌‌ ലീഗിന് ദേശീയ നേതൃത്വമില്ലാതായി.   നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌‌ സാധ്യതയുണ്ടായിരുന്ന സുബൈറിന്‌ മറ്റു ചില സംസ്ഥാന നേതാക്കളുടെ ‘കളി’യാണ്‌ വിനയായത്‌. സുബൈറിന്‌ സീറ്റ്‌ കിട്ടിയാൽ അവസരം നഷ്ട‌മാകുമെന്ന ചിന്തയിൽ കത്വയുടെ കുറ്റം ചാർത്തി നൽകുകയായിരുന്നു.  പ്രശ്‌നം ലീഗിലും യൂത്ത്‌‌ ലീഗിലും ചർച്ചയായതിനാൽ  പാർടി അച്ചടക്കം ലംഘിച്ചതിന്‌  രാജിയാവശ്യപ്പെട്ടുവെന്ന അനൗദ്യോഗിക വിശദീകരണം ചില പാർടി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌.  ദേശീയ നേതാവിനെ പ്രതിക്കൂട്ടിലാക്കി മറ്റു ചിലരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധം യൂത്ത്‌ ‌ലീഗിലുണ്ട്‌.