സമരത്തീച്ചൂളകളുയർന്ന പുതുക്കാട്‌

Tuesday Feb 23, 2021
സി എ പ്രേമചന്ദ്രൻ

● 1965ൽ രൂപീകൃതമായ കൊടകര മണ്ഡലം 2011ലാണ്‌ പുതുക്കാടായി മാറിയത്‌

പുതുക്കാട്‌>തൊഴിലാളിസമരങ്ങളുടെ തീച്ചൂളകളുയർന്ന ചരിത്രമുള്ള മണ്ഡലമാണ്‌ പുതുക്കാട്‌. ടെക്‌സ്‌റ്റൈൽ, ഓട്ടുകമ്പനി, തോട്ടം തൊഴിലാളി സമരങ്ങളുടെയും  ഭൂമികയാണ്‌. ഉരുൾപൊട്ടിയ ആനപ്പാന്തമുൾപ്പെടെ ആദിവാസി കോളനികൾക്കുമൊപ്പം പാലപ്പിള്ളി തോട്ടംമേഖലയും കാർഷിക മേഖലയും  മണ്ഡലത്തിന്റെ സവിശേഷത. ചിമ്മിനി ഡാം കാർഷിക മേഖലയ്‌ക്കാകെ സമൃദ്ധിയേകുന്നു. വീണ്ടെടുപ്പിന്റെ ഗാഥയുമായി മണലിയും കുറുമാലി പുഴയും. തുമ്പൂർ മുഴി ഡാമിൽനിന്നുള്ള വെള്ളവും മറ്റത്തൂരിലേക്ക്‌ ഒഴുകിയെത്തും.

1965ൽ രൂപീകൃതമായ കൊടകര മണ്ഡലം 2011ലാണ്‌ പുതുക്കാടായി മാറിയത്‌. 1970–-77ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കൊടകരയെയാണ്  പ്രതിനിധാനം ചെയ്തത്. ലോനപ്പൻ നമ്പാടൻ 1980ൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചതും കൊടകരയുടെ ചരിത്രം. 
 
മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട്, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുതുക്കാട് മണ്ഡലം.  
ഇതിൽ മറ്റത്തൂർ, വരന്തരപ്പിള്ളി, നെന്മണിക്കര, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകൾ നിലവിൽ ഇടതുപക്ഷ ഭരണത്തിലാണ്‌. മറ്റു പഞ്ചായത്തുകൾ യുഡിഎഫ്‌ ഭരണത്തിലും‌. കൃഷിയാണ്‌ പ്രധാന മേഖല. പ്രതാപം കുറഞ്ഞെങ്കിലും കളിമൺ വ്യവസായകേന്ദ്രമാണ്‌. കേന്ദ്ര എൻടിസിക്കുകീഴിലുള്ള അളഗപ്പ മിൽ കോവിഡിനെത്തുടർന്ന്‌ പൂട്ടിയിരിക്കുകയാണ്‌. വല്ലച്ചിറ ആഭരണനിർമാണ തൊഴിലാളികളുടെയും കേന്ദ്രമാണ്‌.

മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ്‌ കൊടകരയുടെ എംഎൽഎ. കഴിഞ്ഞ തവണ 38,478 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം വിജയിച്ചത്‌. കൊടകരയിൽനിന്നും പുതുക്കാടെന്ന്‌ പേരുമാറിയ മണ്ഡലത്തിൽ സുസ്ഥിര വികസനപദ്ധതി വിളയിച്ചടുത്ത നേട്ടങ്ങൾ ഇടതുപക്ഷ വിരുദ്ധരും അംഗീകരിക്കുന്നു. മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി. ടോൾ  കൊടുക്കാതെ സഞ്ചരിക്കാനാവുന്ന വിധം പുലക്കാട്ടുകര പാലം യാഥാർഥ്യമായത്‌ ചരിത്രനേട്ടമായി. മണ്ഡലത്തിലെ 141 വാർഡുകളിലും ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുങ്ങുകയാണ്‌. പുതുക്കാട്‌, പറപ്പൂക്കര, അളഗപ്പ നഗർ എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയും യാഥാർഥ്യമാവുന്നു. തോട്ടുമുഖം ലിഫ്‌റ്റ്‌ ഇറിഗേഷൻ പദ്ധതി ഉടൻ യാാഥാർഥ്യമാവും. പ്രധാന റോഡുകളെല്ലാം മെക്കാഡം തിളക്കത്തിലാണ്‌.

ഇവർ എംഎൽഎമാർ
1965, 67 പി എസ്‌ നമ്പൂതിരി (സിപിഐ), 70 സി അച്യുതമേനോൻ, 77, 80 ലോനപ്പൻ നമ്പാടൻ (കെഇസി), 82 സി ജി ജനാർദനൻ (ഐസിഎസ്‌), 87, 91, 96, 2001 കെ പി വിശ്വനാഥൻ (കോൺ.), 2006, 2011, 2016  പ്രൊഫ. സി രവീന്ദ്രനാഥ്, ‌ (സിപിഐ എം).