പുതുപ്പള്ളിയും മാറും

Tuesday Feb 23, 2021
ബിജി കുര്യൻ

●തദ്ദേശ തെരഞ്ഞെടുപ്പിൽ ഗതി മാറി എട്ട്‌ പഞ്ചായത്തിൽ ആറിലും എൽഡിഎഫ്‌

കോട്ടയം> അഞ്ച്‌ പതിറ്റാണ്ടിന്റെ ‘ജനാധിപത്യ അടിത്തറ’ ചൂണ്ടിക്കാട്ടി പുതുപ്പള്ളി ഇളകില്ല എന്ന്‌ സമാശ്വസിക്കുന്നവരും ഒരു കാര്യം തുറന്ന്‌ സമ്മതിക്കും. പുതുപ്പള്ളിയുടെ അവികസിതാവസ്ഥയ്‌ക്ക്‌ ഇന്നും മാറ്റമുണ്ടായിട്ടില്ല. അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇനിയും എത്തിക്കാനായിട്ടില്ല. ‘മീനച്ചിൽ ജലവിതരണ പദ്ധതി’ എന്ന യുഡിഎഫ്‌ പാഴ്‌വാഗ്‌ദാനം മറക്കാറായിട്ടില്ല. ഇതുപോലെതന്നെ  പുതുപ്പള്ളിയുടേത്‌ എന്ന്‌ പറയാവുന്ന  ഒരു തൊഴിൽസ്ഥാപനമെങ്കിലും തുടങ്ങി വിജയിപ്പിക്കാൻ  യുഡിഎഫ്‌ സർക്കാരുകൾക്ക്‌ കഴിഞ്ഞിട്ടില്ല‌. ഈ യാഥാർഥ്യം തിരിച്ചറിയുന്ന ഇന്നത്തെ തലമുറ മാറ്റം ആഗ്രഹിക്കുന്നത്‌ സ്വാഭാവികം. അതിന്റെ തുടക്കമാണ്‌ കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌.

ആറ്‌ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ്‌

പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട്‌, മീനടം, വാകത്താനം എന്നിങ്ങനെ എട്ട്‌ പഞ്ചായത്തുകൾ ചേർന്നതാണ്‌ ഇപ്പോഴത്തെ പുതുപ്പള്ളി നിയമസഭാ മണ്ഡലം. പള്ളിക്കത്തോടും പനച്ചിക്കാടും കൂടി ഉൾപ്പെട്ടതായിരുന്നു പഴയ പുതുപ്പള്ളി.  പുനർനിർണയത്തിൽ അവ നീക്കി. പകരം മണർകാടും വാകത്താനവും ഉൾപ്പെടുത്തി. ഇതിൽ ആറ്‌ പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭരണത്തിലെത്തി. ഉമ്മൻ ചാണ്ടിയുടെ തറവാട്‌ ഉൾപ്പെടുന്ന പുതുപ്പള്ളിയിലും മണർകാട്ടും എൽഡിഎഫ്‌ ഇക്കുറി ചരിത്രവിജയമാണ്‌ നേടിയത്‌. 
വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം എന്നിവിടങ്ങളിലും എൽഡിഎഫ്‌ വിജയിച്ചു. മീനടം, അയർക്കുന്നം എന്നീ രണ്ട്‌ പഞ്ചായത്തുകളിൽ മാത്രമാണ്‌ യുഡിഎഫ്‌ വിജയിച്ചത്‌.

അരനൂറ്റാണ്ട്‌ തികച്ചെങ്കിലും...

1970 മുതൽ 2016 വരെ തുടർച്ചയായി 11 തവണ ഇവിടെ ജയിച്ച്‌ കയറിയ ഉമ്മൻചാണ്ടി ഒരിക്കൽ(1980) എൽഡിഎഫ്‌ സ്ഥാനാർഥിയായും വിജയിച്ചു. എന്നാൽ ഉമ്മൻചാണ്ടിക്ക്‌ മുമ്പ്‌ പുതുപ്പള്ളിയിൽ നടന്ന നാല്‌ തെരഞ്ഞെടുപ്പുകളിൽ രണ്ട്‌ തവണ(1957, 1960) കോൺഗ്രസും രണ്ട്‌ തവണ സിപിഐ എമ്മുമാണ്‌ വിജയിച്ചത്‌. 1965ലും 67ലും സിപിഐ എമ്മിലെ ഇ എം ജോർജാണ്‌ പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്‌തത്‌. ഇത്തവണ ഇതാദ്യമായി പുതുപ്പള്ളിവിട്ട്‌ തലസ്ഥാനത്തേക്ക്‌ ഉമ്മൻ ചാണ്ടി മത്സരം മാറ്റുമെന്ന പ്രചാരണം കെപിസിസി പ്രസിഡന്റിൽനിന്ന്‌ ഉണ്ടായെങ്കിലും അത്‌ മുളയിലേ നുള്ളി ചാണ്ടി. എന്തായാലും കെ എം മാണിയോ അദ്ദേഹത്തിന്റെ പാർടിയോ സഹായിക്കാനില്ലാത്ത തെരഞ്ഞെടുപ്പ്‌ എന്ന വൈതരണി ഇതാദ്യമായാണ്‌ ഉമ്മൻ ചാണ്ടി അഭിമുഖീകരിക്കുന്നത്‌. അതുകൊണ്ട്‌തന്നെ ഇത്തവണ പുതുപ്പള്ളി മറിയുമെന്ന പ്രചാരണം മണ്ഡലത്തിൽ ശക്തമാണ്‌.

ആകെ വോട്ടർമാർ –- 1,72,705
പുരുഷന്മാർ –-84,507
സ്‌ത്രീകൾ –- 88,194
ട്രാൻസ്‌ജെൻഡർ –- 4

2016ലെ നിയമസഭ വോട്ട്‌നില
ഉമ്മൻ ചാണ്ടി (യുഡിഎഫ്‌) –- 71,597
ജെയ്‌ക്‌ സി തോമസ്‌ (എൽഡിഎഫ്‌) –- 44,505
ജോർജ്‌ കുര്യൻ (ബിജെപി) –- 15,993
ഭൂരിപക്ഷം –- 27,092

2019ലെ ലോക്‌സഭ വോട്ട്‌നില...
തോമസ്‌ ചാഴികാടൻ (യുഡിഎഫ്‌) –- 63,811
വി എൻ വാസവൻ (എൽഡിഎഫ്‌) –- 39,484
പി സി തോമസ്‌ (എൻഡിഎ) –- 20,911
ഭൂരിപക്ഷം –- 24,327

2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌...
എൽഡിഎഫ്‌ –- 52,433
യുഡിഎഫ്‌ –- 51,570
എൻഡിഎ –- 20,169
ഭൂരിപക്ഷം –- 863