പടയോട്ടത്തിന്‌ കാതോർത്ത്‌ രാജനഗരി

Tuesday Feb 23, 2021
എം എസ‌് അശോകൻ

കൊച്ചി> അഞ്ചുവർഷംമുമ്പ്‌ വികസനപ്രശ്‌നങ്ങൾ ഏറ്റവും സജീവമായി ചർച്ചചെയ്‌ത മണ്ഡലമാണ്‌ തൃപ്പൂണിത്തുറ. തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളുടെ സാമീപ്യമുണ്ടായിട്ടും വികസനകാര്യത്തിൽ മാത്രം കാൽനൂറ്റാണ്ട്‌ പിന്നോട്ട്‌ തള്ളപ്പെട്ടതായിരുന്നു കാരണം. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക്‌ പോകുമ്പോൾ വികസനം തന്നെയാണ്‌ മണ്ഡലത്തിലെ ചർച്ച. പിന്നിട്ട അഞ്ചുവർഷത്തിനിടെ ക്ഷേത്രനഗരിയുടെ മുഖച്ഛായ മാറ്റിയ വികസന പദ്ധതികൾ. അതിലേക്ക്‌ വിരൽചൂണ്ടിത്തന്നെയാകും ഇക്കുറി മണ്ഡലം മനസ്സറിയിക്കുന്നത്‌.

കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായിരുന്നതിനാൽ തൃപ്പൂണിത്തുറയ്‌ക്ക്‌ ഇന്നും രാജനഗരി എന്ന്‌‌ വിളിപ്പേര്‌. അത്തച്ചമയത്തിന്റെ ചരിത്രപ്പെരുമ ചൂടുന്ന അത്തംഘോഷയാത്രയും മേളപ്രധാനമായ ശ്രീപൂർണത്രയീശ ക്ഷേത്രോത്സവവും തൃപ്പൂണിത്തുറയുടെ അടയാള മുദ്രകൾ‌. വിലപ്പെട്ട ചരിത്രശേഷിപ്പുകളായി ഉദയംപേരൂർ സുന്നഹദോസ് പള്ളി. ദക്ഷിണേന്ത്യയിലെ ശാന്തിനികേതൻ എന്നറിയപ്പെടുന്ന ആർഎൽവി  കോളേജും ഗവ. ആയൂർവേദ കോളേജും ഏറ്റവുമൊടുവിൽ യാഥാർഥ്യമായ ആയുർവേദ ഗവേഷണ കേന്ദ്രവുമെല്ലാം അഭിമാനസ്‌തംഭങ്ങൾ‌. ഇതിനെല്ലാം പുറമെയാണ്‌ പേട്ടയിൽനിന്ന്‌ തൃപ്പൂണിത്തുറയിലേക്ക്‌ നീളുന്ന കൊച്ചി മെട്രോ പാത. എസ്‌എൻ ജങ്ഷൻ കടന്ന് ഈ വർഷംതന്നെ മെട്രോ‌ തൃപ്പൂണിത്തുറയുടെ ഹൃദയംതൊടും.

1967ലാണ് മണ്ഡലം രൂപീകൃതമായത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 36 ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ
പഞ്ചായത്തുകളും മരട് നഗരസഭയും കൊച്ചി കോർപറേഷന്റെ 11 മുതൽ 18 വരെ ഡിവിഷനുകളും ചേർന്നതാണ്‌ മണ്ഡലം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും കുമ്പളം, ഉദയംപേരൂർ  പഞ്ചായത്തുകളിലും ഇപ്പോൾ എൽഡിഎഫ്‌ ഭരണസമിതികളാണ്‌. മണ്ഡലത്തിലുൾപ്പെട്ട കോർപറേഷൻ ഡിവിഷനുകളിലും എൽഡിഎഫിനാണ്‌ മേൽക്കൈ.
ജനുവരിയിലെ കണക്കനുസരിച്ച്‌ മണ്ഡലത്തിൽ ആകെ വോട്ടർമാർ 2,02,360. പുരുഷന്മാർ 98,204, സ്‌ത്രീകൾ 1,04,155, ട്രാൻസ്‌ജൻഡർ ഒന്ന്‌.

തെരഞ്ഞെടുപ്പുകൾ, വിജയികൾ:
മുൻമന്ത്രി ടി കെ രാമകൃഷ്‌ണന്റെ മണ്ഡലമെന്ന നിലയിലായിരുന്നു ആദ്യകാല കീർത്തി. 1980 വരെ നാലുവട്ടം അദ്ദേഹം ഇവിടെ‌ വിജയിച്ചു. ടി കെ ഉൾപ്പെടെ അഞ്ചു മന്ത്രിമാരെ സംഭാവന ചെയ്തിട്ടുണ്ട്. സിപിഐ എമ്മിലെ തന്നെ വി വിശ്വനാഥമേനോനും കോൺഗ്രസിലെ പോൾ പി മാണിയും കെ ബാബുവും എൻഡിപിയിലെ കെ ജി ആർ കർത്തായും മന്ത്രിമാരായിരുന്നു. 1991 മുതൽ കെ ബാബു തുടർച്ചയായി വിജയിച്ച മണ്ഡലം 2016ലെ തെരഞ്ഞെടുപ്പിൽ അഡ്വ. എം സ്വരാജിലൂടെ എൽഡിഎഫ്‌ വീണ്ടെടുത്തു. 4467 വോട്ടിനാണ്‌ സ്വരാജ്‌ മണ്ഡലം തിരിച്ചുപിടിച്ചത്‌.