ചെന്നിത്തലയുടെ ബെസ്‌റ്റ്‌ ടെെം

Monday Feb 22, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
രമേശ്‌ ചെന്നിത്തലയുടെ ‘ഐശ്വര്യയാത്ര’യുടെ പരിസമാപ്‌തി, ദക്ഷിണേന്ത്യയിലെ ശേഷിച്ച കോൺഗ്രസ്‌ സർക്കാരിന്റെകൂടി അന്ത്യത്തിന്‌ സാക്ഷ്യംവഹിച്ചാണ്‌. പുതുച്ചേരിയിലെ കോൺഗ്രസ്‌ സർക്കാരിനെ ബിജെപി വിഴുങ്ങി. യാത്ര തലസ്ഥാനത്ത്‌ അവസാനിക്കുന്ന മുറയ്‌ക്ക്‌ യുഡിഎഫിലെ സീറ്റ്‌ വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിൽ തീർപ്പുണ്ടാകുമെന്നായിരുന്നു അവകാശവാദം. രണ്ടിനും തീർച്ച മൂർച്ച വന്നില്ലെന്നു മാത്രമല്ല, കൂടുതൽ കുഴയുകയും ചെയ്‌തു. അതിനിടയ്‌ക്കാണ്‌  ചാനലുകളുടെ തുടർഭരണ സർവേ പ്രവചനം ഇടിത്തീയായി വന്നത്‌. 

എൽഡിഎഫിന്‌ തുടർഭരണമെന്ന പ്രവചനം യുഡിഎഫ്‌ നേതൃത്വത്തെ ഞെട്ടിച്ചു. എ കെ ആന്റണിവരെ ന്യായീകരണവുമായി പൊടുന്നനെ രംഗത്തുവന്നത്‌ അതിന്‌ തെളിവാണ്‌.  സർക്കാരിനെതിരെ വിവാദങ്ങളും സാങ്കൽപ്പിക കഥകളും നിരത്തി കത്തിക്കയറിയ രമേശ്‌ ചെന്നിത്തലയാകട്ടെ ജനപ്രീതിയുടെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന്‌ സർവേ പ്രവചനം.

യുഡിഎഫിന്‌ പുതുജീവനേകാൻ യാത്ര നയിച്ച പ്രതിപക്ഷനേതാവ്‌ ഇതോടെ സ്വയം പ്രതിരോധത്തിലായി.  സീറ്റ്‌ വിഭജനത്തർക്കം മൂർധന്യത്തിലെത്തിയ വേളയിലാണ്‌ സർവേ പ്രവചനത്തിലൂടെ ചാനലുകളുടെ കത്രികപ്പൂട്ട്‌. യുഡിഎഫ്‌ നേതൃത്വം ഇതിൽ അരിശം കൊള്ളുമ്പോഴും ന്യായവാദങ്ങൾ നിരത്തി തലയൂരാനാണ്‌ ശ്രമം.

സർവേ
  കണക്കുകൾ  
ഏഷ്യാനെറ്റ്‌ ന്യൂസിന്റെ  സീ ഫോർ പ്രീ പോൾ, 24 ചാനലിന്റെ കേരള പോൾ ട്രാക്കർ സർവേകളിൽ എൽഡിഎഫിന്‌ തുടർഭരണമാണ്‌ പ്രവചിച്ചത്‌. 78 വരെ സീറ്റ്‌ നേടി ഭരണം നിലനിർത്തുമെന്നാണ്‌‌ പ്രവചനം. മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ രണ്ട്‌ സർവേയിലും പിണറായി വിജയൻ ബഹുദൂരം മുന്നിലാണ്‌. ഏഷ്യാനെറ്റ്‌ സർവേയിൽ മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന്‌ 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചപ്പോൾ ഉമ്മൻചാണ്ടിയെ പിന്തുണച്ചത്‌ 18 ശതമാനം പേരാണ്‌. രമേശ്‌ ചെന്നിത്തലയാകട്ടെ ഏറെ പിന്നിലുമായി.

സർവേയിൽ വിശ്വാസമില്ലെന്ന്‌ ചെന്നിത്തല പുറമെ പറഞ്ഞെങ്കിലും ഉള്ളിൽ അതല്ല‌. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയെന്ന ന്യായീകരണമാണ്‌ എ കെ ആന്റണി ഡൽഹിയിൽ നടത്തിയത്‌. ഉമ്മൻചാണ്ടി മൗനംപാലിച്ചപ്പോൾ ആത്മവിശ്വാസം കൂട്ടിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം.

പിടിമുറുക്കി ലീഗും 
  ജോസഫും
മുസ്ലിംലീഗ്‌, കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ എന്നിവയുടെ സീറ്റ്‌ വിഹിതം സംബന്ധിച്ച്‌ പലകുറി ചർച്ച കഴിഞ്ഞിട്ടും അവ്യക്തതയാണ്‌. ലീഗിന്‌ കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ മൂന്നോ നാലോ സീറ്റ്‌ കൂട്ടിനൽകാൻ കോൺഗ്രസ്‌ സന്നദ്ധമാണ്‌. എന്നാൽ, ജോസഫിനോട്‌ ആ മൃദുസമീപനമല്ല. ജോസഫിന്റെ അവകാശവാദത്തിനു മുമ്പിൽ വഴങ്ങരുതെന്നാണ്‌ തെരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം. സീറ്റ്‌ വിഭജനത്തിൽ തർക്കം മുറുകിയതോടെ തൽ‌ക്കാലം ചർച്ച നിർത്തി.

കാപ്പൻ 
വെല്ലുവിളിയാകുമ്പോൾ
കക്ഷിയാക്കാൻ പറ്റില്ലെന്ന നിലപാട്‌ എടുത്ത മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച്‌ മാണി സി കാപ്പൻ പുതിയ പാർടി പ്രഖ്യാപിച്ചിട്ടുണ്ട്‌. കാപ്പനെ കക്ഷിയാക്കണമെന്ന്‌ ചെന്നിത്തലയും കോൺഗ്രസിൽ ചേരട്ടേ എന്ന്‌ മുല്ലപ്പള്ളിയും.  ഇതിൽ ഏത്‌ തള്ളും ഏത്‌ കൊള്ളും എന്നതാണ്‌  യുഡിഎഫിനു മുന്നിലെ ചോദ്യം. കാപ്പനു പിന്നിൽ കാപ്പന്റെ നിഴലുകൾ മാത്രമേയുള്ളൂവെന്ന വാദവും ഇതിനിടെ ശക്തമാകുകയാണ്‌.

സർവേയിൽ വിശ്വാസമില്ല: ചെന്നിത്തല
ചാനൽ സർവേകളിൽ വിശ്വാസമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സർവേകൾ  തെറ്റാണെന്ന്‌ പലപ്പോഴും തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌. എത്ര സർവേയും അഭിപ്രായരൂപീകരണവും ചാനലുകൾ നടത്തിയാലും അത്‌ വിജയിക്കില്ല. 

പി ആർ ഏജൻസികൾ പറയുന്നതനുസരിച്ചാണ്‌ ചാനലുകൾ വാർത്ത കൊടുക്കുന്നത്‌. കിഫ്‌ബിയുടെ പണം വാങ്ങി വാർത്തകൾ നൽകുന്നത്‌ മാധ്യമ ധർമത്തിന്‌ യോജിച്ചതല്ലെന്നും ചെന്നിത്തല ആക്ഷേപിച്ചു.