നിരാശ മാറ്റാൻ നേമം

Monday Feb 22, 2021
ജി രാജേഷ്‌കുമാർ

തിരുവനന്തപുരം> രാഷ്‌ട്രീയ പെരുമയിൽ നേമം ഒട്ടും പിന്നോട്ടല്ല. 1957ലെ ഒന്നാം നിയമസഭയിൽ തുടങ്ങി, ഇന്നുവരെ അറിയപ്പെടുന്നത്‌ ‘നേമം’ എന്നുതന്നെ. ഗ്രാമസ്വഭാവം മാറി കോർപറേഷൻ പരിധിയിലേക്ക്‌ അതിർത്തിയെത്തിയിട്ടും പൊതുസ്വഭാവത്തിൽ മാറ്റമില്ല. സ്ഥിരമായ രാഷ്ട്രീയ ആഭിമുഖ്യത്തിന്‌ വഴങ്ങാത്ത നില. കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും കോൺഗ്രസിന്റെ വകഭേദങ്ങളെയും കോൺഗ്രസ്‌ സഹായത്തോടെ ബിജെപിയെയും സ്വീകരിച്ച മണ്ഡലം.

പഴയ നേമം, കോവളം, തിരുവനന്തപുരം ഈസ്റ്റ്‌, നോർത്ത്, വെസ്റ്റ്‌ മണ്ഡലങ്ങളിലെ വാർഡുകൾ ചേർത്താണ്‌ മണ്ഡലം രൂപീകരിച്ചത്‌. ബാലരാമപുരം, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ, പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളാണ്‌ പഴയ  നേമത്തിന്റെ ഭാഗമായിരുന്നത്‌. ഇന്നത്‌ നഗരസഭയുടെ 22 വാർഡും നാലു വാർഡുകളുടെ ഭാഗങ്ങളും ചേർന്നതാണ്‌‌. നോർത്തിൽനിന്നുള്ള തിരുമല, ഈസ്റ്റിൽനിന്നുള്ള തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, പൂജപ്പുര, മുടവൻമുകൾ, കരമന, നെടുങ്കാട്, കാലടി, കളിപ്പാൻകുളം, അമ്പലത്തറ, ആറ്റുകാൽ, നേമത്തുണ്ടായിരുന്ന പാപ്പനംകോട്, എസ്റ്റേറ്റ്, പൊന്നുമംഗലം, മേലാങ്കോട്, വെസ്റ്റിലുണ്ടായിരുന്ന കമലേശ്വരം, പുത്തൻപള്ളി, കോവളം മണ്ഡലത്തിലുണ്ടായിരുന്ന പുഞ്ചക്കരി, പാച്ചല്ലൂർ, തിരുവല്ലം, പൂങ്കുളം വാർഡുകളും മുട്ടത്തറ വാർഡിന്റെ മൂന്നു ബൂത്തും ആറന്നൂർ, ചാല വാർഡുകളുടെ ഓരോ ബൂത്തും കുര്യാത്തി വാർഡിന്റെ രണ്ടു ബൂത്തും ഉൾപ്പെടുന്നതാണ് പുതിയ‌ നേമം.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാരനായ എ സദാശിവനെ വിജയിപ്പിച്ചാണ്‌ നേമത്തിന്റെ ഇടത്‌ ആഭിമുഖ്യത്തിന്‌ തുടക്കമിട്ടത്‌. 1960ൽ പിഎസ്‌പിയിലെ വിശ്വംഭരൻ ജയിച്ചു. 1965ൽ സിപിഐ എമ്മിലെ എം സദാശിവനായി വിജയി. എന്നാൽ, നിയമസഭ നിലവിൽ വന്നില്ല. 1967ൽ എം സദാശിവൻ വീണ്ടും വിജയിയായി. 1970ൽ പിഎസ്‌പിക്ക്‌ വീണ്ടും വിജയം. 1977ൽ നറുക്ക്‌ കോൺഗ്രസിലെ എസ് വരദരാജൻ നായർക്ക്‌. സിപിഐ എമ്മിലെ പള്ളിച്ചൽ സദാശിവനായിരുന്നു എതിരാളി. 1980ൽ കോൺഗ്രസു‌ (യു)കാരനായ എസ്‌ വരദരാജൻ നായരെ പരാജയപ്പെടുത്തി ഇന്ദിരാ കോൺഗ്രസിലെ ഇ രമേശൻനായർ വിജയിയായി. 1982ൽ നേമം ദേശീയ ശ്രദ്ധയിലെത്തി. 1965 മുതൽ തനിക്കൊപ്പം ഉറച്ചുനിന്നിരുന്ന മാളയിൽ വിശ്വാസക്കുറവ്‌ രേഖപ്പെടുത്തിയ മുഖ്യമന്ത്രി കെ കരുണാകരൻ,
രണ്ടാംമണ്ഡലമായി തെരഞ്ഞെടുത്തത്‌ നേമത്തെ. സിപിഐ എമ്മിലെ പി ഫക്കീർഖാനായിരുന്നു എതിരാളി. മാളയിലും നേമത്തും വിജയിച്ച കരുണാകരൻ തന്റെ മാള‌ കൂറിൽ ഉറച്ചുനിന്നു.

ഉപതെരഞ്ഞെടുപ്പിൽ നേമത്തുകാർ തനിഗുണം കാട്ടി‌, കരുണാകരൻ മുന്നോട്ടുവച്ച ഇ രമേശൻ നായർ പരാജയപ്പെട്ടത്‌ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാനായിരുന്ന എൽഡിഎഫിലെ വി ജെ തങ്കപ്പനോട്‌. തുടർന്ന്‌, രണ്ടുതവണ തങ്കപ്പൻ വിജയം ആവർത്തിച്ചു. 1996ൽ വെങ്ങാന്നൂർ ഭാസ്‌കരൻ കോൺഗ്രസിലെ കെ മോഹൻകുമാറിനെ പരാജയപ്പെടുത്തി. തുടർന്ന്, 2001 ലും 2006 ലും എൻ ശക്തനിലൂടെ മണ്ഡലം കോൺഗ്രസ് പക്ഷത്തുനിർത്തി.

2011ൽ വി ശിവൻകുട്ടിയിലൂടെ എൽഡിഎഫ്‌ മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫ്‌ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ‌ ബിജെപിക്കായി ഒ രാജഗോപാൽ രണ്ടാമതെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടിയെ മറികടന്ന്‌ ഒ രാജഗോപാൽ വിജയിയായി. യുഡിഎഫ്‌ സ്ഥാനാർഥിയുടെ സ്ഥിതി അതീവ ദയനീയവുമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നില പരിശോധിക്കുമ്പോൾ എൽഡിഎഫിനുള്ള മേൽക്കൈ നിയമസഭാ  തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്നതിലാണ്‌ പ്രവർത്തകരുടെ ആത്മവിശ്വാസം. നിലവിലെ എംഎൽഎയുടെ പ്രകടനത്തിൽ മണ്ഡലം നിരാശയിലാണ്‌. മാനം രക്ഷിക്കാനെങ്കിലും മത്സരത്തിന്‌ യുഡിഎഫ്‌ തയ്യാറാകുമെന്നാണ്‌ പ്രവർത്തകരുടെ പ്രതീക്ഷ.