ഇടതുചേർന്നെന്നും‌ വടകര

Monday Feb 22, 2021
സ്വന്തം ലേഖകന്‍

കോഴിക്കോട്‌> അങ്കത്തട്ടിലെ ചേകവന്മാരും ജയിലറയിൽ ചുടുചോരകൊണ്ട്‌ അരിവാൾ ചുറ്റിക വരച്ച മണ്ടോടി കണ്ണനും ഇതിഹാസം തീർത്ത കടത്തനാടിന്റെ മണ്ണിൽ വീണ്ടും തെരഞ്ഞെടുപ്പു പോര്‌. ജനാധിപത്യ മഹോത്സവത്തിൽ എന്നും ഇടതുപക്ഷത്തെയാണ്‌ വടകരക്കാർ നെഞ്ചേറ്റിയിട്ടുള്ളത്‌.
കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ചുമലിലേറിയാണ്‌ കടത്തനാടിന്റെ വളർച്ച. മാനവ സ്‌നേഹത്തിന്റെ കൊടിക്കൂറ എക്കാലവും ഉയർത്തിപ്പിടിച്ച വടകരക്കാർക്ക്‌ ഇടതുചേർന്ന്‌ നടക്കാനാണിഷ്‌ടം.

സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്‌ വടകര. വടകര നഗരസഭയും ചോറോട്, വില്യാപ്പള്ളി, ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ഉൾപ്പെട്ടിരുന്ന മണ്ഡലത്തിന്‌‌ 2008ലാണ്‌ രൂപമാറ്റം വന്നത്‌. നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ചേർന്നതാണ്‌ ഇപ്പോൾ മണ്ഡലം. ഇതിൽ വടകര നഗരസഭയും ചോറോട്‌ പഞ്ചായത്തും ഇടതുപക്ഷത്തിനൊപ്പമാണ്‌. മറ്റിടങ്ങളിൽ ആർഎംപിഐ–-യുഡിഎഫ്‌ കൂട്ടുകെട്ടാണ്‌ ഭരണം.  

1957ൽ കമ്യൂണിസ്‌റ്റ്‌ പാർടി നേതാവായിരുന്ന എം കെ കേളുഏട്ടനാണ്‌ വടകരയെ ആദ്യമായി നിയമസഭയിൽ പ്രതിനിധീകരിച്ചത്‌. 1960, 67, 70 വർഷങ്ങളിൽ
നടന്ന തെരഞ്ഞെടുപ്പിൽ എം കൃഷ്‌ണൻ വടകരയുടെ എംഎൽഎയായി. പിന്നീട്‌ തുടർച്ചയായി അഞ്ചുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ തലസ്ഥാനത്തേക്ക്‌ പോയത്‌ കെ ചന്ദ്രശേഖരനായിരുന്നു. 1996ലും 2001ലും സി കെ നാണു തെരഞ്ഞെടുക്കപ്പെട്ടു. 2006ൽ എം കെ പ്രേംനാഥ്‌ എംഎൽഎയായി. 2011ലും 2016ലും  സി കെ നാണു വിജയക്കൊടി നാട്ടി.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടമുള്ള കടത്തനാടിന്റെ തെരഞ്ഞെടുപ്പ്‌ അങ്കക്കളരിയിൽ ഏറെക്കാലമായി പോരിനിറങ്ങുന്നത്‌ സോഷ്യലിസ്‌റ്റ്‌ പാർടി നേതാക്കളാണ്‌. 2016ൽ യുഡിഎഫ്‌ പക്ഷത്തായിരുന്ന ജെഡിയുവും ഇടതുപക്ഷത്തിനു‌ വേണ്ടി ജെഡിഎസുമാണ്‌ ഏറ്റുമുട്ടിയത്‌. ജെഡിഎസിന്റെ മുതിർന്ന നേതാവ്‌ സി കെ നാണു ജെഡിയുവിന്റെ മനയത്ത്‌ ചന്ദ്രനെ 9511 വോട്ടിനാണ്‌ തോൽപ്പിച്ചത്‌. നാണുവിന്‌ 49,211 വോട്ടും ചന്ദ്രന്‌ 39,700 വോട്ടും കിട്ടി. ബിജെപി സ്ഥാനാർഥിയായിരുന്ന എം രാജേഷിന്‌ 13,937 വോട്ടേ കിട്ടിയുള്ളൂ.

വടകരയുടെ എംഎൽഎമാർ
1957 എം കെ കേളുഏട്ടൻ
1960, 67, 70 എം കൃഷ്‌ണൻ
1977, 80, 82, 87, 91 കെ ചന്ദ്രശേഖരൻ
1996, 01 സി കെ നാണു
2006 അഡ്വ. എം കെ പ്രേംനാഥ്‌
2011, 16 സി കെ നാണു

2016 നിയമസഭാ തെരഞ്ഞെടുപ്പ്‌
സി കെ നാണു(ജെഡിഎസ്‌) –- 49,211
മനയത്ത്‌ ചന്ദ്രൻ(എസ്‌ജെഡി) –- 39,700
രാജേഷ്‌കുമാർ (ബിജെപി) –- 13,937
ഭൂരിപക്ഷം –- 9511

2021 പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌
വടകര നഗരസഭ –- എൽഡിഎഫ്‌
അഴിയൂർ –- യുഡിഎഫ്‌
ഏറാമല –- യുഡിഎഫ്‌ –- ആർഎംപി സഖ്യം
ഒഞ്ചിയം –- യുഡിഎഫ്‌ –- ആർഎംപി സഖ്യം
ചോറോട്‌‌ –- എൽഡിഎഫ്‌
വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ –- എൽഡിഎഫ്‌
ചോറോട്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ –- എൽഡിഎഫ്‌
അഴിയൂർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ –- എൽഡിഎഫ്‌

വോട്ട്‌ നില  
ആകെ വോട്ടർമാർ: 1,61,641
സ്‌ത്രീകൾ: 84,694
പുരുഷന്മാർ: 76,946   
 ട്രാൻസ്‌ജെൻഡർ: 1