തീരത്ത്‌ ഉയരുന്നു 20,589 വീട്‌

Monday Feb 22, 2021
സ്വന്തം ലേഖകൻ

തിരുവനന്തപുരം > മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത‌ ഭൂമിയും വീടും ഉറപ്പാക്കുന്ന പദ്ധതികളിൽ തീരത്ത്‌ ഉയരുന്നത്‌ 20,587 വീട്‌. ഇതിൽ 2117 വീട്‌ പൂർത്തിയായി. 2640.4 കോടിയാണ്‌ പദ്ധതിക്കായി നീക്കിവച്ചത്‌.

ഭൂമിയും വീടുമില്ലാത്തവർക്ക്‌ 10 ലക്ഷം

ഭൂമിയും വീടുമില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ 10 ലക്ഷം രൂപവീതമാണ്‌  അനുവദിച്ചത്‌.  കടലാക്രമണത്തിൽ കൂരയും സ്ഥലവും നഷ്ടപ്പെട്ട 248 കുടുംബത്തിന്‌ വീട്‌ ഉറപ്പാക്കി. പിന്നീട്‌ രണ്ടു ഘട്ടത്തിലായി 1550 കുടുംബത്തിന്‌ വീടായി. ഓഖിയിൽ കിടപ്പാടം നഷ്ടപ്പെട്ട 72 കുടുംബത്തിനും സഹായം ലഭിച്ചു. ഓഖിയിൽ  മരിക്കുകയോ കാണാതാകുകയോ ചെയ്‌ത 32 തൊഴിലാളികളുടെ കുടുംബത്തിനും സുരക്ഷിത ഭൂമിയും വീടും ഉറപ്പായി. ആകെ 1904 കുടുംബത്തിന്‌ 190.40 കോടി രൂപയുടെ സഹായം നൽകി.

പുനർഗേഹത്തിൽ 18,685 കുടുംബത്തിന്‌ വീടും സ്ഥലവും

50 മീറ്ററിനുള്ളിൽ കടലാക്രമണ ഭീഷണിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക്‌ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ 18,685 കുടുംബത്തിന്‌ സ്ഥലവും വീടും നൽകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രജിസ്‌റ്റർചെയ്‌ത **1250 കുടുംബത്തിന്‌‌ സഹായം നൽകുന്നത്‌ പല ഘട്ടങ്ങളിലാണ്‌. 687 വീട്‌ നിർമാണം തുടങ്ങി. 115 പൂർത്തിയായി.

ഫ്‌ളാറ്റും അപ്പാർട്ട്‌മെന്റും റെഡിയാകുന്നു

ഭൂമി കുറവായ മേഖലയിൽ ഫ്‌ളാറ്റ്‌ നിർമാണവും പുരോഗമിക്കുന്നു. തിരുവനന്തപുരത്ത്‌ കാരോട്ടെ ഫ്‌ളാറ്റ്‌ സമുച്ചയത്തിൽ 48 അപ്പാർട്ട്‌മെന്റ്‌‌ പൂർത്തിയായി. ഇവിടെ 152 അപ്പാർട്ട്‌മെന്റ്‌ നിർമിക്കും.

ബീമാപള്ളിയിൽ 20 അപ്പാർട്ട്‌മെന്റ്‌ അടങ്ങിയ സമുച്ചയം പൂർത്തീകരണത്തിലാണ്‌. വലിയതുറ (160), കൊല്ലം ക്യുഎസ്‌എസ്‌ കോളനി (114), ആലപ്പുഴ മണ്ണുംമ്പുറം (364), പൊന്നാനി (228), മലപ്പുറം നിറമരുത്തൂർ (16), കോഴിക്കോട്‌ വെസ്റ്റ്‌ഹിൽ (80), കാസർകോട്‌ കൊയിപ്പാടി (144) എന്നിവിടങ്ങളിലും ഫ്‌ളാറ്റ്‌  നിർമിക്കുന്നു.

2450 കോടി രൂപയാണ്‌ പുനർഗേഹം പദ്ധതിയുടെ ചെലവ്‌. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌. 1052 കോടി ഫിഷറീസ്‌ വകുപ്പും നൽകും.