ചെന്നിത്തല യാത്രയ്‌ക്ക്‌ സമാപനം; രാഷ്‌ട്രീയ ചോദ്യങ്ങൾ ബാക്കി

Monday Feb 22, 2021
കെ ശ്രീകണ‌്ഠൻ

തിരുവനന്തപുരം > കാതലായ ചോദ്യങ്ങളോട്‌ പ്രതികരിക്കാനാകാതെയാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര അവസാനിക്കുന്നത്‌. ജമാഅത്തെ സഖ്യം അടക്കമുള്ള  സങ്കീർണമായ രാഷ്‌ട്രീയ വിഷയങ്ങളിൽ  സംവദിക്കാനോ യുഡിഎഫിലെയും കോൺഗ്രസിലെയും അണികളെ ഇണക്കിച്ചേർക്കാനോ കഴിഞ്ഞില്ല‌. പ്രതിപക്ഷനിരയിൽ  ഊർജം പകരാൻ ലക്ഷ്യമിട്ട യാത്രയ്‌ക്ക്‌ പ്രതീക്ഷിച്ച ഗുണമുണ്ടായിട്ടില്ലെന്നാണ്‌  നേതൃത്വത്തിന്റെ പൊതുവായ വിലയിരുത്തൽ.

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പോലും ജാഥയോട്‌ മുഖം തിരിച്ചു. മുസ്ലിംലീഗിന്റെ ചില ശക്തികേന്ദ്രങ്ങളിൽ  പ്രകടമായ ആവേശം മറ്റിടങ്ങളിൽ  ദൃശ്യമായതുമില്ല. ജാഥ ഉദ്ഘാടനം ചെയ്‌ത്‌  മടങ്ങിയ ഉമ്മൻചാണ്ടിയുടെ സാന്നിധ്യം പിന്നീട്‌ അപൂർവമായി. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ്‌ വടംവലിയാണ്‌ ജാഥയിലുടനീളം മുഴച്ചുനിന്നത്‌. സ്വീകരണമൊരുക്കാൻ ഐ ഗ്രൂപ്പ്‌ മുന്നിട്ട്‌ നിന്നപ്പോൾ ഉമ്മൻചാണ്ടിയുടെ അണികൾ മുൻകൈ എടുത്തില്ല. എ ഗ്രൂപ്പ്‌ നേതാക്കളുടെ പങ്കാളിത്തം സ്വീകരണ വേദികളിൽ ഒതുങ്ങി.

യാത്രയ്‌ക്കിടെ ദിവസവും ചെന്നിത്തല വാർത്താ സമ്മേളനം നടത്തിയെങ്കിലും ഉയർത്തിയ വിവാദങ്ങളൊന്നും കാറ്റുപിടിച്ചില്ലെന്ന ചിന്തയും പ്രബലമാണ്‌. ഉദ്‌ഘാടന വേദിയിൽ ഉയർത്തിയ ശബരിമല വിവാദം തന്നെ ഉദാഹരണം‌. ആദ്യദിവസങ്ങളിലെ തീവ്രത ചോരുകയും ചെയ്‌തു. ഇത്‌ മറികടക്കാൻ ആചാര സംരക്ഷണ ബില്ല്‌ ഉയർത്തി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കോട്ടയത്ത്‌ പ്രത്യക്ഷപ്പെട്ടെങ്കിലും അതും കബളിപ്പിക്കൽ തന്ത്രമായേ സമൂഹം കണക്കിലെടുത്തുള്ളൂ.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന എൽഡിഎഫ്‌ നിലപാട്‌ യുഡിഎഫ്‌ നീക്കത്തിന്‌ തിരിച്ചടിയായി.

പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിലുള്ള ഉദ്യോഗാർഥികളിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവും പാളുകയാണ്‌. ഉദ്യോഗാർഥികൾക്കൊപ്പമാണ്‌ സർക്കാർ എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതും അവരുമായി സർക്കാർ ചർച്ചയ്‌ക്ക്‌ തയ്യാറായതും പ്രതിപക്ഷ പ്രതീക്ഷ തെറ്റിച്ചു.

പൊട്ടിക്കാനായി കരുതി വച്ച ‘ബോംബ്‌’ ആണ്‌ മത്സ്യബന്ധന വിവാദമായി ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്തെടുത്തത്‌. പ്രതിപക്ഷ നിരയിലെ ഉമ്മൻചാണ്ടിയടക്കമുള്ളവർ  ഏറ്റുപിടിക്കാൻ മുതിരാത്തതോടെ  ‘അമിട്ട്‌’   നനഞ്ഞ പടക്കമായി. പ്രമുഖ യുഡിഎഫ്‌ പത്രങ്ങൾ മാത്രം വലിയ കോലാഹലത്തിന്‌ ശ്രമിച്ചു എന്നുമാത്രം. എന്നാൽ ഈ വിവാദത്തിന്‌ പിന്നിലെ യഥാർഥ ഗൂഢാലോചന വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ്‌ സൂചന. തന്റെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയുടെ പങ്ക്‌ കൂടി വെളിച്ചത്ത്‌ വന്നത്‌ വിവാദമുന ചെന്നിത്തലയ്‌ക്ക്‌ നേരെ തിരിയാനും കാരണമായി.

ജാഥ പുരോഗമിക്കുംതോറും എൽഡിഎഫിൽനിന്ന്‌ പ്രമുഖരും കക്ഷികളും ഒപ്പം വരുമെന്നായിരുന്നു യുഡിഎഫ്‌ അവകാശവാദം. മാണി സി കാപ്പനും ചില സിനിമാ നടന്മാരിലും ആ പട്ടിക ഒതുങ്ങി.