പാട്ടൊഴുകും പോലെ.. ബ്ലോക്ക് നീങ്ങി; ബൈപാസ് സര്‍ജറി സക്‌സസ്‌

Monday Feb 22, 2021
ജോബിൻസ്‌ ഐസക്‌
രാജീവ് ആലുങ്കല്‍. ഫോട്ടോ: ഷിബിന്‍ ചെറുകര

ആലപ്പുഴ > കനാലും റോഡും ചെറുപാലങ്ങളും തിങ്ങി ശ്വാസംമുട്ടിച്ച ആലപ്പുഴ നഗരത്തിന്‌ പുതുജീവൻ നൽകിയ ‘ബൈപാസ്‌‌ സർജറി’ വൻവിജയം. കാലപ്പഴക്കം വീർപ്പുമുട്ടിച്ച ചെറുപാതകളിലെ ‘ബ്ലോക്കുകൾ’ നീങ്ങി നഗരത്തിൽനിന്ന്‌ പുറത്തേക്ക്‌ ആലപ്പുഴയുടെ ഹൃദയരക്തം സുഗമമായി ഒഴുക്കുന്ന ജീവനാഡിയാണിന്ന്‌ ആലപ്പുഴ ബൈപാസ്‌.  ഏഴു കിലോമീറ്ററോളം നീണ്ട അത്ഭുതപാതയെ ആലപ്പുഴപ്പെരുമയുടെ വീണ്ടെടുപ്പിന്റെ‌ അടയാളമായി കാണാനാണ്‌ കവി രാജീവ്‌ ആലുങ്കലിന്‌ ഇഷ്‌ടം. 

‘ആദ്യം കണ്ട പട്ടണം ചേർത്തലയാണ്‌. അവിടെയെത്തുമ്പോൾ ആലപ്പുഴ കാണാൻ വാശിപിടിച്ച ബാല്യം. വള്ളംകളികാണാൻ അയൽക്കാരൻ അപ്പുചേട്ടനുമൊത്ത്‌ പിന്നീട്‌ ആലപ്പുഴയിലെത്തി. കെട്ടുവള്ളങ്ങളിൽ യാത്രചെയ്യുന്നവരെ അമ്പരപ്പോടെ കണ്ടു. ലോകത്ത്‌ പലനഗരങ്ങളും പിന്നീട്‌ കണ്ടെങ്കിലും ആലപ്പുഴക്കാഴ്‌ചയുടെ ആദ്യ കൗതുകം മാറിയിട്ടില്ല’ –- രാജീവിന്റെ വാക്കുകൾ ആലപ്പുഴയുടെ പൊതുവികാരമാകുന്നു.

ബൈപാസ്‌ രാജ്യത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞതോടെ ആലപ്പുഴക്കാരുടെ അഭിമാനം വീണ്ടും വാനോളം. നാടിന്റെ മഹിമ പാടിയവരിൽ മുമ്പൻ വയലാർ തന്നെ. ‘കൊച്ചീകോട്ടകൾ കണ്ടോ കൊച്ചെറണാകുളമുണ്ടോ’ എന്ന വരികൾ കൊച്ചിയെ കൊച്ചാക്കാനല്ല, ആലപ്പുഴയുടെ വലിപ്പം പറയാനായിരുന്നു.  ബഷീറിന്റെ ബാല്യകാലസഖിയിൽ മജീദ്‌ സുഹ്‌റയോട്‌ വീമ്പു പറഞ്ഞത് ആലപ്പുഴയിൽ പോയിട്ടുണ്ടെന്നായിരുന്നല്ലോ‌.

കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിൽ രാജീവിന്റെ ‘ആലപ്പുഴവളവ്’‌ എന്ന പ്രയോഗം ശവക്കോട്ടപ്പാലത്തെക്കുറിച്ചാണ്‌. അതേപാട്ടിൽ ‘കൈനകരിക്കോണിൽ കൊടിപാറും കാലം തുടികൊട്ടും കുട്ടനാട്‌’ എന്ന്‌ ചേർത്തുവച്ചിട്ടുണ്ട്‌. ആനക്കള്ളൻ എന്ന പുതിയ ചിത്രത്തിലും ആലപ്പുഴത്തനിമയുണ്ട്‌. ‘വെട്ടം തട്ടും വെട്ടക്കായൽ തിട്ടേലോടും തൊട്ടാവാടി ചൊട്ടത്തെങ്ങിൻ ചോട്ടിൽ നിന്നെ കണ്ടപ്പോഴേ ഇഷ്‌ടം  കൂടി.’

പൗരാണിക നഗരമായ കിഴക്കിന്റെ വെനീസിനെ കൊച്ചിക്കും കോഴിക്കോടിനും മുന്നിലെത്തിച്ച രാജാകേശവദാസ്‌ എന്ന ദീർഘദർശിയോട്‌  നീതിപുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ബൈപാസിന്‌ മുന്നിട്ടിറങ്ങിയ മന്ത്രി ജി സുധാകരനുമായെന്നും രാജീവ്‌ പറഞ്ഞു. ജനുവരി 28നാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്ന്‌‌ ബൈപാസ്‌ നാടിനു സമർപ്പിച്ചത്‌.   

ദേശീയപാത 66-ൽ  കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപാസ്.  മേൽപ്പാലം മാത്രം 3.2 കി.മീ. വരും. ബീച്ചിനുമുകളിലൂടെ പോകുന്ന ആദ്യഎലിവേറ്റഡ് ഹൈവേയും ഇതാണ്. ദീപവിതാനങ്ങളിൽ നക്ഷത്രങ്ങളെ വേർതിരിച്ചറിയാനാകാത്ത  രാത്രികാഴ്‌ച അതിമനോഹരം. വാഹനങ്ങൾക്ക്‌ ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാനാകുന്നുണ്ട്‌. അരമണിക്കൂറോളം നഗരത്തിൽ കുടുങ്ങാറുള്ള യാത്രകൾക്കിന്ന്‌ അഞ്ചുമിനുട്ട്‌‌ മാത്രം.  അമ്പതാണ്ടുനീണ്ട ആലപ്പുഴയുടെ സ്വപ്‌നമാണ്‌ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെ അങ്ങനെ സഫലമായത്‌.